ബസ് ചാര്‍ജും വൈദ്യുതി ചാര്‍ജും ഉടന്‍ കൂട്ടും: മന്ത്രി ആര്യാടന്
Sep 21, 2012, 21:18 IST
കാസര്‍കോട്: ബസ് ചാര്‍ജും വൈദ്യുതി ചാര്‍ജും ഉടന്‍ കൂട്ടുമെന്ന് വൈദ്യുതി-ഗതാഗത വകുപ്പ് മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീസലിന് അഞ്ച് രൂപ വില വര്‍ദ്ധനവ് ഉണ്ടായതോടെ കെ.എസ്.ആര്.ടി.സിക്ക് പ്രതിമാസം 60 കോടിരൂപം നഷ്ടമുണ്ടായിരുന്നത് 68 കോടിരൂപയായിമാറിയെന്ന് മന്ത്രി പറഞ്ഞു.
പ്രതിവര്‍ഷം 600 കോടിരൂപയാണ് കെ.എസ്.ആര്.ടി.സിക്ക് നഷ്ടമുള്ളത്. ഡീസല്‍ വില വര്‍ദ്ധനവിനെ തുടര്‍ന്ന് സ്വകാര്യ ബസ് വ്യവസായവും നഷ്ടത്തിലാണ്. നഷ്ടം സഹിച്ച് വ്യവസായം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിരക്കുവര്ദ്ധനവല്ലാതെ മറ്റ് പോംവഴികളില്ല. റോഡ് ടാക്സ് കുറയ്ക്കാന്‍ ബസ് ഉടമകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അതുകൊണ്ട് തന്നെ ടാക്സ് കുറയ്ക്കാന്‍ സര്‍കാറിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വരുമാനത്തിന്റെ 85 ശതമാനവും ശമ്പളം, പെന്ഷന്, കടത്തിന്റെ പലിശ എന്നിവയിലേക്ക് പോവുകയാണ്. ഓരോ വര്‍ഷവും കേരളം കടം വാങ്ങികൊണ്ടിരിക്കുകയാണ്.
അതു കൊണ്ടാണ് നികുതി കുറയ്ക്കാന്‍ സര്‍കാറിന് കഴിയാത്തത്. 'പുഴ കടക്കാന്‍ തോട് സമ്മതിക്കാത്ത' സാഹചര്യമാണ് കേരളത്തിലുള്ളത്. ബസ് ചാര്‍ജ് വര്‍ദ്ധനവ് സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഈ മാസം 24ന് യോഗം ചേരും. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, രണ്ട് റിട്ട. ജസ്റ്റിസുമാര്‍, നാറ്റ്പാക് അംഗങ്ങള്‍ എന്നിവരടങ്ങുന്ന കമ്മിറ്റി ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച ചെയ്ത് 30 നുള്ളില്‍ സര്‍ക്കാറിന് റിപോര്‍ട് സമര്‍പിക്കും.
നിരക്ക് എത്ര ശതമാനം വേണമെന്ന കാര്യത്തില്‍ അടുത്തമാസം 10 നുള്ളില്‍ മന്ത്രിസഭ ചര്‍ച ചെയ്ത് തീരുമാനിക്കും. നിരക്കു വര്‍ദ്ധന സംബന്ധിച്ച് പത്രക്കാര് അവരുടെ കണക്കുകള്‍ നിരത്തുന്നുണ്ട്. അത് ചിലപ്പോള്‍ ശരിയാകാറുമുണ്ട്, ചിലപ്പോള്‍ തെറ്റാറുമുണ്ട്. ബസ് ഉടമകളുമായി നടത്തിയ ചര്‍ചയുടെ അടിസ്ഥാനത്തില്‍ അവര്‍ പ്രഖ്യാപിച്ച ബസ് സമരം പിന്‍വലിച്ചിട്ടുണ്ട്.
300 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധന ഏര്‍പെടുത്തുമെന്ന് മന്ത്രി വെളിപ്പെടുത്തി. കഴിഞ്ഞവര്‍ഷം ഇതേ സമയം 3,700 ലധികം മില്ല്യന്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമുണ്ടായിരുന്നു. ഇപ്പോള്‍ 1,600 മില്ല്യന്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപിക്കാനുള്ള വെള്ളം മാത്രമാണുള്ളത്. 12 രൂപയ്ക്കും 13 രൂപയ്ക്കും പുറത്തു നിന്ന് വൈദ്യുതി വാങ്ങിയാണ് 4.50 രൂപ നിരക്കില്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
ഇപ്പോള്‍ പുറത്തുനിന്നും വൈദ്യുതി വാങ്ങാന്‍ ബോര്‍ഡിന്റെ പക്കല്‍ പണമില്ല. അതുകൊണ്ട് തന്നെ മന്ത്രിസഭ ചര്‍ച ചെയ്ത് വൈദ്യുതി നിരക്ക് വര്‍ദ്ധനവ് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബി കമ്പനിയായി ഫലത്തില്‍ നിലവില്‍ വന്നിട്ടുണ്ട്. സ്പെഷ്യല്‍ ഓഫീസറാണ് ഇപ്പോള്‍ കമ്പനിയുടെ ചുമതല വഹിക്കുന്നത്. 10 ശതമാനം വര്‍ക്ക് മാത്രമാണ് കമ്പനിയാക്കുന്ന കാര്യത്തില്‍ ഇനി ബാക്കിയുള്ളത്.
ചീമേനിയില്‍ 1,200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന വൈദ്യുതി നിലയം സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. നേരത്തെ ചീമേനിയില്‍ താപനിലയം സ്ഥാപിക്കാനാണ് തീരുമാനിച്ചിരുന്നത്. ജനങ്ങള്‍ എതിര്‍ത്തപ്പോഴാണ് ഇതു മാറ്റി എല്‍.എന്‍.ജി വൈദ്യുതി നിലയം നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഗെയിലിന്റെ പൈപ്പ് വലിക്കുന്ന ജോലി പൂര്‍ത്തിയായാലുടന്‍ വൈദ്യുതി നിലയത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകും.
ഡി.സി.സി പ്രസിഡന്റ് കെ. വെളുത്തമ്പു, പി.എ. അഷ്റഫലി, അഡ്വ. സി.കെ. ശ്രീധരന് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായരുന്നു.
Keywords: Aryadan Muhammad, Minister, Electricity, kasaragod, Guest-house, Press-Club, Bus Charge Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.