Accident | ഉളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഇരുപതിലധികം പേർക്ക് പരിക്ക്


● ബസ് ഡ്രൈവർ ഉൾപ്പെടെ ചിലരുടെ നില ഗുരുതരം.
● അപകടത്തിൽ ബസിൻ്റെയും ലോറിയുടെയും മുൻഭാഗം പൂർണമായും തകർന്നു.
● അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം നിലച്ചു.
കണ്ണൂർ: (KVARTHA) മട്ടന്നൂരിനടുത്തെ ഉളിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച രാവിലെ നടന്ന അപകടത്തിൽ ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ഇതിൽ ബസ് ഡ്രൈവർ ഉൾപ്പെടെ ചിലരുടെ നില ഗുരുതരമാണ്. രാവിലെ 7.30 ഓടെ തലശ്ശേരി വളവുപാറ അന്തർ സംസ്ഥാന പാതയിൽ ഉളിയിൽ പാലത്തിന് സമീപമാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്നും വീരാജ്‌പേട്ടയിലേക്ക് പോവുകയായിരുന്ന ക്ലാസിക് ബസ്സും ഇരിട്ടി ഭാഗത്തുനിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ചരക്ക് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബസിൻ്റെയും ലോറിയുടെയും മുൻഭാഗം പൂർണമായും തകർന്നു.
അപകടത്തിൽ കാലിനും നെഞ്ചിനും സാരമായി പരിക്കേറ്റ ബസ് ഡ്രൈവറെ നാട്ടുകാരുടെ സഹായത്തോടെ ഇരിട്ടിയിൽ നിന്ന് എത്തിയ അഗ്നി രക്ഷാ സേന ബസ്സ് കുത്തിപ്പൊളിച്ചാണ് പുറത്തെടുത്തത്. നാട്ടുകാരും പോലീസും അഗ്നി രക്ഷാ സേനയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് അപകടത്തിൽ പെട്ട മറ്റുള്ളവരെ ആശുപത്രിയിലെത്തിച്ചത്.
ആലപ്പുഴ സ്വദേശികളായ അതുൽ (14), ബിന്ദു (51), പ്രീത (60), അലൻ (23), നായാട്ടുപാറ കുന്നോത്തിലെ മനോഹരി (58), രാമകൃഷ്ണൻ (63), എടയന്നൂരിലെ അബ്ദുൾ റസാഖ് (64), ഉസ്മാൻ (46), കണ്ണൂരിലെ സി. പ്രഭു (24), ദീപാലത (38), മടിക്കേരി സ്വദേശി യതിൻ (32), ചാലോട് സ്വദേശി ബിന്ദു (45), നാറാത്ത് സ്വദേശി പി. അനി (60), കൂത്തുപറമ്പ് മമ്പറം സ്വദേശി മിഥുൻ (28), വാരം മതുക്കോത്തിലെ അഷ്‌റഫ് (53), കാഞ്ഞിരോട് ഇരിവേരിയിലെ ഷിജില (38), കാഞ്ഞിരോട് സ്വദേശികളായ അറഫ (14), മുഹമ്മദ് ഫയാൻ (9), ആരിഫ (35), റിയാസ് (38), ഇഷഫാത്തിമ (7), ഉളിക്കൽ സ്വദേശി രതിഷ് (37) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മട്ടന്നൂരിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി ചാല മിംസ് ആശുപത്രിയിലും കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം നിലച്ചതോടെ ഇരിട്ടി മട്ടന്നൂർ റൂട്ടിൽ ഉളിയിൽ പഴയപാലം വഴി ഗതാഗതം വഴി തിരിച്ചുവിട്ടു. അപകടത്തിൽ പെട്ട വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് റോഡരികിലേക്ക് മാറ്റിയ ശേഷം വാഹനത്തിൽ നിന്ന് റോഡിലേക്ക് ഒലിച്ചിറങ്ങിയ ഓയിലും ഡീസലും ഉൾപ്പെടെ അഗ്‌നി രക്ഷാ സേനയുടെ നേതൃത്വത്തിൽ വെള്ളം പമ്പ് ചെയ്ത് കഴുകി വൃത്തിയാക്കിയ ശേഷമാണ് ഇതുവഴി ഗതാഗതം പുന:സ്ഥാപിച്ചത്. മൂന്ന് മാസം മുമ്പ് പാലത്തിന് സമീപം തന്നെ ഉണ്ടായ മറ്റൊരു അപകടത്തിൽ സ്വകാര്യ ബസ്സിടിച്ച് കാർ യാത്രികരായ രണ്ട് പേർ മരിച്ചിരുന്നു.
A private bus and a lorry collided in Uliyil near Mattannur in Kannur, injuring over twenty people on Wednesday morning. The bus driver is in critical condition. The accident occurred on the Thalassery-Valavupara interstate highway. Injured passengers were hospitalized in Mattannur, Chala, Kannur, and Iritty. Traffic was diverted, and the road was cleared by fire force.
#RoadAccident #Uliyil #Kannur #BusAccident #LorryAccident #Traffic