Political Criticism | ജമാഅത്തെ ഇസ്ലാമിയെയും എസ് ഡി പി ഐയെയും ആർ.എസ്.എസിനെപ്പോലെ എതിർക്കേണ്ട സംഘടനകളല്ലെന്ന് സി പി ജോൺ
● ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷ വർഗീയതയുടെ ആക്രമണത്തിൻ്റെ ഇരകളാണ്.
● ന്യൂനപക്ഷ വർഗീയത അപകടകരമാണെന്ന് സി.എം.പി വിശ്വസിക്കുന്നില്ല.
● രാജ്യത്ത് ജാതി സെൻസെസ് വേണമെന്ന് പറയുന്ന പാർട്ടിയാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും.
കണ്ണൂർ: (KVARTHA) ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐ യും ആർ. എസ്. എസിനെ പോലെ എതിർക്കേണ്ട സംഘടനകളെല്ലെന്ന് സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ. കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷ വർഗീയതയുടെ ആക്രമണത്തിൻ്റെ ഇരകളാണ്. ഇന്ത്യയിലും ബംഗ്ളാദേശിലും പാക്കിസ്ഥാനിലും ഇതുതന്നെയാണ് സ്ഥിതി. ന്യൂനപക്ഷ വർഗീയത അപകടകരമാണെന്ന് സി.എം.പി വിശ്വസിക്കുന്നില്ല. യു. ഡി.എഫും ഈ സമീപനം സ്വീകരിക്കണം.
പിന്നോക്കക്കാരുടെ സംഘടനയായ ബി.ഡി.ജെ.എസ്, ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ച് യു.ഡി.എഫിലേക്ക് വരണം. സംവരണം വേണ്ടേന്നു പറയുന്ന പാർട്ടിയാണ് ബി.ജെ.പി. അമിത് ഷായ്ക്കൊപ്പം ബി ഡി.ജെ.എസിന് എങ്ങനെ ഇരിക്കാൻ അവർക്ക് കഴിയുന്നുവെന്നും സി.പി ജോൺ ചോദിച്ചു.
രാജ്യത്ത് ജാതി സെൻസെസ് വേണമെന്ന് പറയുന്ന പാർട്ടിയാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും. പിന്നോക്കക്കാരുടെ സമുദായത്തെ പ്രതിനിധാനം ചെയ്യുന്ന കോൺഗ്രസ് നയിക്കുന്ന മുന്നണിയിലാണ് ബി.ഡി.ജെ.എസ് ചേരേണ്ടത്.
സി.പി.എം ന്യൂനപക്ഷങ്ങളെ തീവ്രവാദികളായി ബ്രാൻഡ് ചെയ്യുകയാണ്. ഇ.എം.എസിൻ്റെ കാലത്തും അവരിത് ചെയ്തിട്ടുണ്ട്. അഖിലേന്ത്യാ ലീഗിനെ വർഗീയ പാർട്ടിയായാണ് ഇ.എം.എസ് ചിത്രീകരിച്ചത്.
ബി.ജെ.പി ത്രികോണ മത്സരം ശക്തമായുണ്ടാക്കുന്ന മണ്ഡലങ്ങളിൽ യു.ഡി. എഫ് തോൽക്കുകയാണ് ചെയ്യുന്നത്. ചേലക്കരയിൽ മുപ്പതിനായിരത്തിലേറെ വോട്ടുകൾ ബി.ജെ.പി പിടിച്ചതിനിലാണ് യു.ഡി.എഫ് പതിനായിരത്തിലേറെ വോട്ടുകൾക്ക് തോറ്റത്. ഈ രാഷ്ട്രിയമാണ് സി.പി.എം കേരളത്തിൽ പയറ്റുന്നത്.
പാർട്ടി പി.ബി അംഗമായ എ വിജയരാഘവൻ്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന ഹൈന്ദവവോട്ടുബാങ്കുകളിൽ വിള്ളൽ വീഴ്ത്തി ജയിക്കാനുള്ള തന്ത്രമാണ്. ഈക്കാര്യത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിജയരാഘവൻ്റെ അതേ അഭിപ്രായം തന്നെയാണോ മുഖ്യമന്ത്രിക്കുള്ളതെന്ന് വ്യക്തമാക്കണം. ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തിയാൽ അവർ കൂടുതൽ തീവ്രവാദത്തിലേക്ക് പോകും. മതേതര ചേരിയോടൊപ്പം അവരെയും കൊണ്ടുവന്ന് ജനാധിപത്യ പാർട്ടികളാക്കണമെന്നും സി.പി ജോൺ പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ ഭരണ വിരുദ്ധം പ്രതിഫലിക്കാൻ സാദ്ധ്യതയുണ്ട്. എന്നാലിത് ബി.ജെ.പി മുതലെടുക്കാതെ നോക്കണം. മലബാറിലെ രാഷ്ട്രീയമല്ല തിരുവിതാംകൂറിൽ. അവിടെ പല മണ്ഡലങ്ങളിലും ബി.ജെ.പി മുന്നിലാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഏറെ വിയർപ്പൊഴുക്കിയാണ് തിരുവനന്തപുരത്ത് ജയിച്ചത്. അമിതമായ ആത്മവിശ്വാസം കോൺഗ്രസിന് തിരിച്ചടിയാകുമെന്നും അവർ യാഥാർത്ഥ്യം മനസിലാക്കി പ്രവർത്തിക്കണമെന്നും സി.പി. ജോൺ ആവശ്യപ്പെട്ടു.
#CPJohn, #JamaatEIslami, #SDPI, #UDF, #BJPAlliance, #MinorityRights