Tribute | സി വി രാമൻ വിടവാങ്ങിയിട്ട് 54 വർഷം; ഇന്ത്യൻ ശാസ്ത്രലോകത്തിൻ്റെ പിതാവ്
● 1888 നവംബർ ഏഴിന് തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ ജനിച്ചു.
● ഒന്നാം സ്ഥാനവും സ്വർണ മെഡലും കരസ്ഥമാക്കിക്കൊണ്ട് തന്നെ രാമൻ എം എ പൂർത്തിയാക്കി.
● 1907-ൽ എഫ്.സി.എസ് പരീക്ഷ വിജയിക്കുകയും ചെയ്തു. സർക്കാർ സർവീസിൽ ഉന്നത നിലയിൽ ജോലി നേടുകയും ചെയ്തു.
(KVARTHA) ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഇന്ത്യൻ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന് 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്. 1888 നവംബർ ഏഴിന് തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ ജനിച്ചു.
ചെറുപ്പത്തിൽ തന്നെ രാമന് ഭൗതികശാസ്ത്രത്തിൽ ഏറെ താല്പര്യമുണ്ടായിരുന്നു. ബുദ്ധിശക്തിയിൽ ഉന്നതനിലവാരം പുലർത്തിയെങ്കിലും രാമന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. പതിനൊന്നാമത്തെ വയസിലാണ് രാമൻ മെട്രിക്കുലേഷൻ ഒന്നാമനായി വിജയിച്ചത് എന്നത് തന്നെ ആ അപാര ബുദ്ധിശക്തിയുടെ തെളിവാണ്. മദ്രാസിലെ പ്രശസ്തമായ പ്രസിഡൻസി കോളജിൽ ബിരുദപഠനത്തിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. 1904-ൽ രാമൻ ബി എ ഒന്നാമനായി വിജയിച്ചു.
കൂടുതൽ മികച്ച പഠന സൗകര്യം ലഭിക്കുന്നതിനായി ഉപരിപഠനത്തിനായി ഇംഗ്ലണ്ടിൽ പോകണമെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. എങ്കിലും ആരോഗ്യസ്ഥിതി അനുകൂലമല്ലാതിരുന്നതിനാൽ, പ്രസിഡൻസി കോളജിൽത്തന്നെ ഭൗതികശാസ്ത്രം പഠിക്കാനായി എംഎയ്ക്കു ചേർന്നു. ഒന്നാം സ്ഥാനവും സ്വർണ മെഡലും കരസ്ഥമാക്കിക്കൊണ്ട് തന്നെ രാമൻ എം എ പൂർത്തിയാക്കി.
ഇതിനെക്കുറിച്ച് തമാശ രൂപത്തിൽ രാമൻ പറഞ്ഞതും ശ്രദ്ധേയമാണ്. ഉപരിപഠനത്തിന് സൗകര്യം കിട്ടി ഇംഗ്ലണ്ടിലേക്ക് പോയിരുന്നെങ്കിൽ ദരിദ്രനാരായണന്മാരുടെ നാടായ ഇന്ത്യയിൽ ശാസ്ത്ര ഗവേഷണത്തിന് പ്രാധാന്യം ഉണ്ട് എന്ന കാര്യം ആരും അംഗീകരിക്കില്ലായിരുന്നു. ഇന്ത്യയിലെ സാഹചര്യങ്ങൾ ഉപയോഗിച്ച് കഠിനാധ്വാനം ചെയ്തത് വഴി ലോക ശാസ്ത്ര വേദിയിൽ ഇന്ത്യക്കു ഒരു സ്ഥാനം നൽകാൻ രാമന് സാധിച്ചു എന്നത് നമ്മൾ എന്നും നന്ദിയോടെ ഓർക്കേണ്ടതാണ്.
അന്നത്തെ കാലത്ത്, ഇന്ത്യയിൽ ശാസ്ത്രഗവേഷണത്തിനുള്ള സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജ്യേഷ്ഠന്റെ പാത പിന്തുടർന്ന് ഫിനാൻഷ്യൽ സിവിൽ സർവീസിന് (എഫ്.സി.എസ്) ശ്രമിക്കുകയും 1907-ൽ എഫ്.സി.എസ് പരീക്ഷ വിജയിക്കുകയും ചെയ്തു. സർക്കാർ സർവീസിൽ ഉന്നത നിലയിൽ ജോലി നേടുകയും ചെയ്തു.
ശാസ്ത്രത്തോടും ഗവേഷണത്തോടും ഉള്ള സി വി രാമന്റെ അടങ്ങാത്ത പ്രതിബദ്ധത ഈ സമയത്തും മനസ്സിൽ കാത്തുസൂക്ഷിച്ചത് അന്നത്തെ കൽക്കത്ത സർവകലാശാല വൈസ് ചാൻസലർ ആയിരുന്ന ആശുതോഷ് മുഖർജിയുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് രാമനെ കൽക്കത്ത സർവകലാശാലയിൽ ഭൗതികശാസ്ത്ര വകുപ്പ് പ്രൊഫസർ ആയി നിയമിച്ചു. കേവലം 28-ാം വയസ്സിൽ ആയിരുന്നു ഈ നിയമനം.
സിവിൽ സർവീസിലെ ഉന്നത ജോലി വലിച്ചെറിഞ്ഞു വളരെ വരുമാനം കുറഞ്ഞ അദ്ധ്യാപക തസ്തിയിലേക്ക് പോയത് ഭൗതികശാസ്ത്രത്തോടുള്ള അടങ്ങാത്ത ആവേശം ഒന്നുകൊണ്ടുമാത്രമായിരുന്നു.
സർവകലാശാലയുടെ പരിമിതികൾ ഉൾക്കൊണ്ട്, സ്വന്തം ആത്മവിശ്വാസത്തെയും കഠിന പ്രയത്നത്തെയും മാത്രം കൈമുതലാക്കി ഗവേഷണങ്ങൾ തുടങ്ങിയ രാമൻ അന്നത്തെ വ്യവസായി ബിർളയോട് ശാസ്ത്ര ഗവേഷണത്തിന് സഹായം അഭ്യർത്ഥിച്ച സമയത്ത്, 'എനിക്ക് ഒരു സ്പെക്ട്രോസ്കോപ്പ് വാങ്ങിത്തരു ഞാൻ രാജ്യത്തിന് ഒരു നോബൽ സമ്മാനം നൽകാമെന്ന്' പറയുകയുണ്ടായി. തന്റെ ഗവേഷണങ്ങളിൽ അത്രയും ആത്മവിശ്വാസമായിരുന്നു രാമന്. തന്റെ വാക്കുകൾ പാലിക്കുവാനും രാമന് സാധിച്ചു എന്നത് ആ ഭൗതിക പ്രതിഭയുടെ അടങ്ങാത്ത വിജ്ഞാന ദാഹത്തിന്റെ തെളിവാണ്.
പ്രകാശ കണികക്ക് വിസരണം സംഭവിക്കുമ്പോൾ 10 ലക്ഷത്തിൽ ഒന്ന് എന്ന തോതിൽ ചില കണികകൾക്ക് വിസരണ സ്വഭാവത്തിൽ വ്യത്യാസം വരുന്നു എന്ന രാമന്റെ കണ്ടുപിടിത്തം ആണ് രാമൻ പ്രഭാവം എന്നറിയപ്പെടുന്നത്. രാമന്റെ ഈ കണ്ടുപിടിത്തം തെളിവുകൾ സഹിതം ലോകത്തിനു മുമ്പിൽ അവതരിപ്പിച്ചത് 1928 ഫെബ്രുവരി 28 നായിരുന്നു. അതിന്റെ ഓർമ്മക്ക് പ്രസ്തുത ദിനം രാജ്യത്ത് ദേശീയ ശാസ്ത്ര ദിനമായും ആചരിക്കുന്നു.
ഭൗതികശാസ്ത്ര നോബൽ ഏറ്റുവാങ്ങുന്ന വേദിയിൽ സ്വന്തം രാജ്യത്ത് ലഭ്യമായ പരിമിതിയിൽ ചെയ്ത ഗവേഷണത്തിന് ലോകത്തിന്റെ അംഗീകാരം ലഭിച്ചപ്പോൾ പോലും ഒരു സ്വകാര്യ ദുഃഖം കൊണ്ട് കണ്ണീരൊഴുക്കുന്ന അവസ്ഥയിലായിരുന്നു രാമൻ. നോബൽ സമ്മാന ജേതാക്കളായ മറ്റു മുഴുവൻ പേരും അവരവരുടെ രാജ്യത്തിന്റെ കൊടിക്കീഴിൽ അണിനിരന്നപ്പോൾ തനിക്ക് മാത്രം സ്വന്തമായി കൊടിയില്ലാതെ ബ്രിട്ടീഷ് പതാകക്ക് കീഴിൽ നിൽക്കേണ്ടി വന്നത് രാമനെ വല്ലാതെ വേദനിപ്പിച്ചിരുന്നു.
17 വർഷങ്ങൾക്ക് ശേഷം രാഷ്ട്രം സ്വാതന്ത്ര്യം നേടിയപ്പോൾ തന്റെ രാഷ്ട്രത്തിനു വേണ്ടി തന്റെ കഴിവുകൾ മുഴുവൻ വിനിയോഗിച്ച രാമൻ നിരവധി ശാസ്ത്ര സ്ഥാപനങ്ങൾ തുടക്കം കുറിക്കുകയും ഭാവിയുടെ ശാസ്ത്ര പുരോഗതിക്ക് അടിത്തറയിടുകയും ചെയ്തു എന്ന കാര്യം എല്ലാവർക്കും അഭിമാനം പകരുന്ന ഒന്നാണ്. രാമനോടുള്ള നന്ദിയായി രാഷ്ട്രം പ്രഥമ ഭാരതരത്നം നൽകി രാമനെ ആദരിക്കുകയും ചെയ്തു.
#CVRaman #IndianScience #NobelPrize #Physics #RamanEffect #ScientificLegacy