NH Works | ദേശീയപാത വികസനത്തിലെ അപാകത പരിശോധിക്കാൻ എന്‍ എച്ച് പ്രതിനിധി സംഘത്തെ അയക്കണമെന്ന് കെ സി വേണുഗോപാല്‍ എം പി
ദേശീയപാത 66യിൽ അപാകതകൾ; പുനഃപരിശോധന ആവശ്യമാണ്: കെ.സി. വേണുഗോപാല്‍ എം.പി
ആലപ്പുഴ: (KVARTHA) ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ ജനങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ അടിയന്തിരമായി പരിഹരിക്കണമെന്നും പാത നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കാൻ ഉന്നത തലത്തിലുള്ള എന്‍ എച്ച് ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘത്തെ എത്രയും വേഗം അയക്കണമെന്നും കെ സി വേണുഗോപാല്‍ എം പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് കെ സി വേണുഗോപാല്‍ ഈ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്.
ദേശീയപാത 66യുടെ വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ജനങ്ങൾക്കു വലിയ പ്രശ്നങ്ങളും ദുരിതവും ഉണ്ടാക്കി. ഇപ്പോഴത്തെ പാതാവികസനം രൂപകൽപന ചെയ്തിരിക്കുന്നതും നിർമാണ ജോലികൾ പുരോഗമിക്കുന്നതും തിരക്കേറിയ നഗരങ്ങളെ രണ്ടായി വിഭജിക്കുന്ന രീതിയിലാണ്. ദേശീയപാത വികസനം നടക്കുന്നിടങ്ങളിൽ വലിയ ഗതാഗത തടസ്സവും യാത്രാസങ്കടവും കൊണ്ടു ജനങ്ങൾ വലയുകയാണ്. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ മാത്രം കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ നഗരങ്ങളെ പൂര്‍ണ്ണമായും വിഭജിക്കുന്ന രീതിയിലാണ് പാതാനിർമാണം. നഗരങ്ങളെ ഇങ്ങനെ വിഭജിക്കുന്നത് മൂലം പൊതുജനങ്ങൾക്ക് അടിയന്തായ സഹായം ലഭിക്കാത്ത സാഹചര്യമാണുണ്ടാകുന്നത്. ആവശ്യത്തിന് അടിപ്പാതകൾ പോലും നിര്‍മിക്കാതെയാണ് പാതാവികസനം നടക്കുന്നത്.
കായംകുളത്ത് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനും സുഗമമായ ഗതാഗതത്തിനും പറ്റിയ രീതിയിൽ പാത നിർമ്മാണം നടത്തണമെന്നും, ഈ ഭാഗത്ത് പില്ലര്‍ എലിവേറ്റഡ് ഹൈവേയും ഇരുവശത്തേക്കും രണ്ടുവരിപാതയോടുള്ള സര്‍വീസ് റോഡുകളും ഉൾപ്പെടുത്തി രൂപകൽപന ചെയ്യണമെന്ന നിര്‍ദ്ദേശം കെ സി വേണുഗോപാല്‍ ആവര്‍ത്തിച്ചു. അമ്പലപ്പുഴയിലെ എലിവേറ്റഡ് റോഡും കച്ചേരിമുക്ക് ജംഗ്ഷനിലെ അടിപ്പാതയും ജനങ്ങൾക്ക് ഭീഷണി ഉയർത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അരൂര്‍-തുറവൂര്‍ ഫ്ളൈഓവര്‍ നിര്‍മ്മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം തകര്‍ന്ന നിലയിലാണ്. ഇതുവഴി വരുമ്പോൾ 21 ലധികം ആളുകൾ അപകടത്തിൽപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടതായി കെ സി വേണുഗോപാല്‍ പറഞ്ഞു. ഫ്ളൈഓവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത് വരെ ഇരുവശത്തേക്കും ഗതാഗതയോഗ്യമായ സമാന്തരപാത ഒരുക്കണമെന്ന നിർദ്ദേശം ഇതുവരെ നടപ്പിലായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ദേശീയപാത വികസനം പുനഃപരിശോധനയിലൂടെ ഭേദഗതി ചെയ്യണമെന്നും ആവശ്യം നിരന്തരം ഉന്നയിച്ചിട്ടും, നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് വേണുഗോപാല്‍ കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യത്തിൽ കേന്ദ്ര ഉപരിതലഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിൽ, മന്ത്രി ഇത് പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും ഇതുവരെ പ്രതിനിധി സംഘം ആലപ്പുഴയിലേക്ക് വന്നിട്ടില്ലെന്നും കെ സി വേണുഗോപാല്‍ എം പി ലോക്‌സഭയില്‍ കുറ്റപ്പെടുത്തി.