Investigation | നവീൻ ബാബുവിൻ്റെ ദുരൂഹ മരണം: നേരറിയാൻ സിബിഐ വരുമോ?
● അന്വേഷണ സംഘം പൂർണമായി മന്ദഗതിയില്‍.
● പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല.
● മൊഴി രേഖപ്പെടുത്താന്‍ ഉള്‍പ്പെടെ വൈകി.
● കൊലപാതകമാണോയെന്ന് സംശയമെന്നും കുടുംബം.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ നേരറിയാൻ സിബിഐ അന്വേഷണം വരണമെങ്കിൽ ഒട്ടേറെ കടമ്പകൾ കടക്കണം. ഹൈകോടതിയിൽ ഇതു സംബന്ധിച്ച അപ്പീൽ പരിഗണനയ്ക്ക് എടുത്താൽ തന്നെ സർക്കാരിനോട് അഭിപ്രായം ആരാഞ്ഞേക്കും. പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്ന് സർക്കാർ അറിയിക്കുകയാണെങ്കിൽ അങ്ങനെയല്ല കാര്യങ്ങളെന്ന് വാദിഭാഗത്തിന് തെളിയിക്കേണ്ടിവരും.
ഇരയോടൊപ്പം ഓടുകയും വേട്ടക്കാരൊപ്പം വേട്ടയാടുകയും ചെയ്യുന്ന കുശാഗ്ര ബുദ്ധിയാണ് നവീൻ ബാബു ജീവനൊടുക്കിയ കേസിൽ സി.പി.എമ്മും അവർഭരിക്കുന്ന സർക്കാരും ഇതുവരെ സ്വീകരിച്ചതെന്നാണ് ആരോപണം. പൂർണമായി മന്ദഗതിയിലാണ് പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ കേസ് അന്വേഷണവുമായി മുൻപോട്ടു പോകുന്നത്. ഈ സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഗത്യന്തരമില്ലാതെ രംഗത്തെത്തിയത്.
ഇത് സംബന്ധിച്ച ആവശ്യവുമായി നവീന്‍ ബാബുവിന്റെ കുടുംബം ഹൈകോടതിയെ സമീപിച്ചുവെന്നത് അവർക്ക് പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലാത്തതിൻ്റെ തെളിവായി ചൂണ്ടിക്കാട്ടുന്നുണ്ട്. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം ഹര്‍ജിയില്‍ പറയുന്നത് ഏറെ നിരാശഭരിതരായാണ്. ഈകേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നാണ് കുടുംബം ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമെന്നും കുടുംബം ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസ് നടപടിക്രമങ്ങളില്‍ വീഴ്ചപറ്റിയെന്നും മൊഴി രേഖപ്പെടുത്താന്‍ ഉള്‍പ്പെടെ വൈകിയെന്നും ഹർജിയിൽ കുടുംബം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നാണ് കുടുംബം പ്രധാനമായും ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന വാദം. നവീൻ ബാബുവിൻ്റേത് കൊലപാതകമാണോയെന്ന് സംശയമെന്നും കുടുംബം ഹൈകോടതിയിൽ നൽകിയ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. നവീന്‍ ബാബുവിനെ കെട്ടിത്തൂക്കി കൊന്നതാണോ എന്ന സാധ്യത പരിശോധിച്ചില്ല. യാത്രയയപ്പ് ചടങ്ങിന് ശേഷം ചിലര്‍ നവീന്‍ ബാബുവിനെ കണ്ടു. മരണത്തിലേക്ക് നയിച്ച വസ്തുതകള്‍ പുറത്തുകൊണ്ടുവരാനായില്ലെന്നും കുടുംബത്തിനായി അഭിഭാഷകൻ സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്.
നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണ് തങ്ങളെന്ന് പറയുന്ന സി.പി.എം നേതൃത്വത്തിന് അതിശക്തമായ തിരിച്ചടിയാണ് ഹർജി. സി.ബി.ഐ കേസ് അന്വേഷണത്തിനായി പാർട്ടികോട്ടയായ കണ്ണൂരിലെത്തുന്നതിൽ നേതൃത്വത്തിന് താൽപര്യമില്ല. ഇതു സർക്കാർ നിലപാടിൽ പ്രതിഫലിക്കുമെന്നാണ് സൂചന. പാർട്ടി മുൻ ജില്ലാ കമ്മിറ്റി അംഗമായ പി.പി ദിവ്യയ് ക്കെതിരെ അന്വേഷണം വരുമ്പോൾ മറ്റു ചില കാര്യങ്ങൾ കൂടി പുറത്തേക്ക് വരാൻ സാധ്യതയുണ്ട്. അപ്രിയ കരങ്ങളായ സത്യങ്ങളിലേക്ക് സി.ബി.ഐ അന്വേഷണം എത്തിച്ചേരുന്നത് സി.പി.എമ്മിന് ഏറെ ക്ഷീണം ചെയ്തേക്കും.
#NaveenBabu, #CBIinquiry, #Kerala, #suspiciousdeath, #investigation, #justice