ഇരിട്ടിയിലെ സ്‌ഫോടനത്തില്‍ ദുരൂഹത: കൈപ്പത്തി തകര്‍ന്ന യുവാവിനെതിരെ കേസെടുത്തു

 


കണ്ണൂര്‍: (www.kvartha.com 03.05.2020) ഇരിട്ടിക്കടുത്ത് കീഴൂരിലുണ്ടായ സ്ഫോടനത്തില്‍ കൈപ്പത്തി ചിന്നിച്ചിതറിയ യുവാവിനെതിരെ പൊലിസ് അശ്രദ്ധമായി സ്‌ഫോടകവസ്തു കൈകാര്യം ചെയ്തതിന് കേസെടുത്തു. കീഴൂര്‍ കണ്ണ്യത്ത് മടപ്പുരയ്ക്കടുത്ത് പുളിയില്‍ ഹേമന്തിനാ(26)ണു പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മടപ്പുരയ്ക്കു സമീപത്തെ വയലിലായിരുന്നു സ്ഫോടനമുണ്ടായത്. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അശ്രദ്ധമായി സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പന്നിപ്പടക്കമാണു പൊട്ടിയതെന്ന് പറയുന്നുണ്ടെങ്കിലും സംഭവത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് പറഞ്ഞു.

ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും മറ്റു സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഉഗ്രശേഷിയുള്ള നാടന്‍ ബോംബാണു പൊട്ടിയതെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ഇരിട്ടി സിഐ എ കുട്ടിക്കൃഷ്ണന്‍, എസ്ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പ്രദേശത്ത് പരിശോധന നടത്തുകയും സമീപവാസികളുടെ മൊഴിയെടുക്കുകയും ചെയ്തു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

ഇരിട്ടിയിലെ സ്‌ഫോടനത്തില്‍ ദുരൂഹത: കൈപ്പത്തി തകര്‍ന്ന യുവാവിനെതിരെ കേസെടുത്തു

അതേസമയം, കീഴൂരിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ ഹേമന്ത് സിപിഎം പ്രവര്‍ത്തകനാണെന്ന് ബിജെപി ആരോപിച്ചു. ലോക് ഡൗണിന്റെ മറവില്‍ ബോംബ് നിര്‍മിക്കുമ്പോഴാണു സ്ഫോടനം നടന്നതെന്നും അവര്‍ ആരോപിച്ചു. പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇതിനുപിന്നിലുള്ളവരെ മുഴുവന്‍ പേരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് എം ആര്‍ സുരേഷ് ആവശ്യപ്പെട്ടു. സിപിഎം ശക്തികേന്ദ്രത്തില്‍ നടന്ന സ്ഫോടനത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സമാധാനം നിലനില്‍ക്കുന്ന മേഖലയില്‍ അക്രമത്തിന് കോപ്പുകൂട്ടാനുള്ള ശ്രമമാണു നടക്കുന്നതെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി എ നസീര്‍ ആരോപിച്ചു. പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഫോടനത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്ന് മുസ്ലീം ലീഗ് ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ലോക് ഡൗണിനിടയില്‍ നടന്ന സ്ഫോടനം ഗൗരവത്തോടെ കാണണമെന്നും ലീഗ് നഗരസഭാ കമ്മിറ്റി പ്രസിഡന്റ് എം എം മജീദ് ആവശ്യപ്പെട്ടു.

Keywords: Kannur, News, Kerala, Police, Case, Bomb Blast, Injured, Lockdown, BJP, CPM, Congress, Case against injured man in bomb blast
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia