Obituary | യാക്കോബായ സുറിയാനി സഭയുടെ തലവന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ കാലം ചെയ്തു
● വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലായിരുന്നു അന്ത്യം
● അനേകം ധ്യാനകേന്ദ്രങ്ങളും മിഷന്‍സെന്ററും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്
● പുത്തന്‍കുരിശ് കണ്‍വെന്‍ഷന് തുടക്കമിട്ടത് ബാവയാണ്
● പ്രതിസന്ധി ഘട്ടത്തില്‍ സഭയെ ഒരുമിപ്പിച്ചു ചേര്‍ത്തുപിടിച്ച അധ്യക്ഷനായിരുന്നു
കൊച്ചി: (KVARTHA) യാക്കോബായ സുറിയാനി സഭയുടെ തലവന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ (95) കാലം ചെയ്തു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലായിരുന്നു അന്ത്യം.
യാക്കോബായ സഭയുടെ അഭിമാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററിന്റെ സ്ഥാപകനായ ബാവ അനേകം
ധ്യാനകേന്ദ്രങ്ങളും മിഷന്‍സെന്ററും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പുത്തന്‍കുരിശ് കണ്‍വെന്‍ഷന് തുടക്കമിട്ടതും ബാവയാണ്.
പ്രതിസന്ധി ഘട്ടത്തില്‍ സഭയെ ഒരുമിപ്പിച്ചു ചേര്‍ത്തുപിടിച്ച അധ്യക്ഷനായിരുന്നു അദ്ദേഹം. ജീവിതം കൊണ്ടും ആശയം കൊണ്ടും പകരംവയ്ക്കാനില്ലാത്ത നേതൃത്വമാണ് തോമസ് പ്രഥമന്‍ ബാവായുടെ വേര്‍പാടോടെ യാക്കോബായ സഭയ്ക്ക് നഷ്ടമാകുന്നത്.
പ്രതിസന്ധിയുടെ പാരമ്യത്തിലേറിയപ്പോള്‍ അരമനയുടെ സൗഖ്യത്തിലൊളിക്കാതെ പോരാട്ടത്തിന്റെ കനല്‍വഴിയില്‍ ബാവാ വിശ്വാസികളെ നയിച്ചു. രണ്ട് പതിറ്റാണ്ടിലധികമായി യാക്കോബായ സുറിയാനി സഭയുടെ ഇടയനായിരുന്നു. ചെറിയ ലോകത്തുനിന്നു വലിയ ആകാശങ്ങള്‍ കീഴടക്കിയാണ് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ വിടവാങ്ങുന്നത്.
1929 ജൂലൈ 22 ന് പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായി കുഞ്ഞമ്മ ദമ്പതികളുടെ മകനായാണ് ജനനം. 1958 ഒക്ടോബര്‍ 21ന് വൈദികപട്ടം സ്വീകരിച്ചു. 1974ല്‍ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. 1998 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡന്റായി. 2000 ഡിസംബര്‍ 27ന് പുത്തന്‍കുരിശില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്ത ശ്രേഷ്ഠ കാതോലിക്കയായി തിരഞ്ഞെടുത്തു. 2002 ജൂലൈ 26ന് ശ്രേഷ്ഠ കാതോലിക്കയായി അഭിഷിക്തനായി.
#BaseliosThomasI, #JacobiteChurch, #SyrianOrthodox, #Kerala, #ChurchLeader, #Obituary