CCTV | ക്ലിഫ് ഹൗസില്‍ സിസിടിവി സ്ഥാപിക്കുന്നതിന് ചിലവാക്കിയത് 12.93 ലക്ഷം രൂപ

 


തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സിസിടിവി സ്ഥാപിക്കുന്നതിന് 12.93 ലക്ഷം രൂപ ചിലവാക്കിയതായി കണ്ടെത്തല്‍. വിവരാവകാശ നിയമ പ്രകാരം കിട്ടിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രണ്ടാം പിണറായി സര്‍കാര്‍ അധികാരത്തില്‍ വന്നശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ ക്ലിഫ് ഹൗസിലും മന്ത്രിമന്ദിരങ്ങളിലും നടത്തിയ ഇലക്ട്രോണിക്‌സ് പ്രവൃത്തികളെന്തൊക്കെ എന്നതിന് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്‌സ് റൂറല്‍ സബ് ഡിവിഷനില്‍ നിന്നുള്ള മറുപടിയാണിത്.

ക്ലിഫ് ഹൗസ് ഉള്‍പെടെ ആറ് മന്ത്രിമന്ദിരങ്ങളില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ സ്ഥാപിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ക്ലിഫ് ഹൗസില്‍ സിസിടിവി സ്ഥാപിച്ച് കമിഷന്‍ ചെയ്ത വകയില്‍ 12,93,957 രൂപയാണ് ചിലവായത്. ഇപിഎബിഎക്‌സ് സിസ്റ്റം (ടെലിഫോണ്‍ സംവിധാനം) സ്ഥാപിച്ച വകയില്‍ 2.13 ലക്ഷവും ചിലവായി. ലാന്‍ ആക്‌സസ് പോയിന്റ് സ്ഥാപിച്ചതിന് ചിലവായത് 13,502 രൂപയാണ്.

മന്ത്രിമാരുടെ ഔദ്യോഗിക വസതികളായ പൗര്‍ണമി, പ്രശാന്തി എന്നിവിടങ്ങളിലും പുതുതായി ഇപിഎബിഎക്‌സ് സിസ്റ്റവും ലാന്‍ ആക്‌സസ് പോയിന്റും സ്ഥാപിച്ചു. കവടിയാര്‍ ഹൗസിലെ ഇപിഎബിഎക്‌സ് സിസ്റ്റത്തിന്റെ തകരാര്‍ പരിഹരിച്ചതിന് 18,850 രൂപയും ചിലവായി.

CCTV | ക്ലിഫ് ഹൗസില്‍ സിസിടിവി സ്ഥാപിക്കുന്നതിന് ചിലവാക്കിയത് 12.93 ലക്ഷം രൂപ

ക്ലിഫ് ഹൗസിലെ സിസിടിവി ക്യാമറകള്‍ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 2016 മുതല്‍ 2020 വരെ ക്ലിഫ് ഹൗസില്‍ പലതവണ പോയിട്ടുണ്ടെന്നാണു സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം. ധൈര്യമുണ്ടെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാനും സ്വപ്ന വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങളൊന്നും പുറത്തുവന്നില്ല.

പിന്നീട് രണ്ടാം പിണറായി സര്‍കാര്‍ അധികാരത്തിലെത്തിയ ശേഷം കെറെയില്‍ പ്രക്ഷോഭ സമയത്ത് പൊലീസിന്റെ കണ്ണുവെട്ടിച്ച് യുവമോര്‍ച പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസ് വളപ്പില്‍ കടന്ന് കല്ലിട്ടു പ്രതിഷേധിച്ചിരുന്നു.

ആ സംഭവം സര്‍കാരിനെ നാണക്കേടും സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തപ്പെടുകയും ചെയ്തതോടെയാണ് പുതിയ സിസിടിവികള്‍ ഉള്‍പെടെ സ്ഥാപിച്ച് ക്ലിഫ് ഹൗസിന് അധിക സുരക്ഷ ഏര്‍പ്പെടുത്തിയത്.

Keywords:  Rs 12.93 lakh spend to fit CCTV in cliff house premises, Cliff house, Police, CCTV, Chief Minister, Politics, Allegation, Pinarayi Vijayan, Chief Minister, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia