Central Force | പാനൂരിലെ ബോംബ് സ്ഫോടന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

 


കണ്ണൂര്‍: (KVARTHA) പാനൂരില്‍ ബോംബ് നിര്‍മാണം നടന്നത് തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമം അഴിച്ചുവിടുന്നതിനുള്ള ഗൂഢാലോചനയാണെന്ന പൊലീസ് റിമാന്‍ഡ് റിപോര്‍ട് ഞെട്ടിക്കുന്നതാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

ബോംബ് സ്ഫോടനത്തില്‍ രാഷ്ട്രീയമില്ലെന്നും സിപിഎമ്മിന് അതുമായി ബന്ധമില്ലെന്നും പൊലീസ് പ്രതി ചേര്‍ത്തത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരെയാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്റേയും വിശദീകരണങ്ങളെ പൊളിച്ചടുക്കുന്നതാണ് കോടതിയില്‍ അന്വേഷണോദ്യോഗസ്ഥര്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപോര്‍ട് എന്നും അദ്ദേഹം പറഞ്ഞു.

Central Force | പാനൂരിലെ ബോംബ് സ്ഫോടന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പിന് കീഴിലുള്ള പൊലീസാണ് മുഖ്യമന്ത്രിയുടെ ന്യായവാദങ്ങളെ പൂര്‍ണമായും തള്ളിയിരിക്കുന്നത്. സിപിഎം, ഡി വൈ എഫ് ഐ ഭാരവാഹികളടക്കം ബോംബ് നിര്‍മാണത്തിനു കൂട്ടു നിന്നുവെന്നും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടാണ് ബോംബുകള്‍ നിര്‍മിച്ചതെന്നും പൊലീസ് റിമാന്‍ഡ് റിപോര്‍ടില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടേയും പാര്‍ടി സെക്രടറിയുടേയും വാദങ്ങള്‍ പൊളിഞ്ഞിരിക്കുകയാണ്.

ആളെ കൊല്ലാനുള്ള കൊടുംക്രൂരതയ്ക്ക് രക്ഷാപ്രവര്‍ത്തനമെന്ന് വ്യാഖ്യാനം ചമച്ച് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ സാഡിസ്റ്റ് മനോഭാവവും ക്രൂരമനസും വീണ്ടും പ്രകടമാക്കുകയാണ്. കണ്ണൂര്‍, വടകര ലോകസഭാ മണ്ഡലങ്ങളില്‍ വ്യാപകമായി അക്രമം നടത്തി മണ്ഡലങ്ങള്‍ പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് വന്‍തോതില്‍ ബോംബ് നിര്‍മാണം സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടന്നത്.

സിപിഎം നേതാക്കള്‍ക്ക് ബോംബ് നിര്‍മാണത്തില്‍ ഉള്‍പെട്ടവരുമായി അടുത്ത ബന്ധമുണ്ട്. സ്വന്തം ജില്ലയിലെ മണ്ഡലങ്ങളില്‍ തോല്‍വി ഉറപ്പാക്കിയ സാഹചര്യത്തിലാണ് പിണറായി വിജയനടക്കം ജില്ലയെ കലാപ ഭൂമിയാക്കാന്‍ ആസൂത്രണം നടത്തിയത്. 

 ബോംബ് നിര്‍മിക്കുന്നതിനിടെ സ്ഫോടനമുണ്ടായി ഒരാള്‍ കൊല്ലപ്പെട്ടതു കൊണ്ടു മാത്രമാണ് ഈ വിവരങ്ങള്‍ പുറംലോകമറിഞ്ഞത്. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള ഗ്യാങ് വാറാണ് ഇതിനു പിന്നിലെന്ന് വരുത്താന്‍ സിപിഎം പരമാവധി ശ്രമിച്ചെങ്കിലും റിമാന്‍ഡ് റിപോര്‍ട് പുറത്തു വന്നതോടെ അവര്‍ക്ക് ഉത്തരം മുട്ടിയിരിക്കുകയാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.

ഡി വൈ എഫ് ഐ കുന്നോത്തുപറമ്പ് യൂനിറ്റ് ഭാരവാഹി ഉള്‍പെടെയുള്ളവര്‍ സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതല്ലെന്നും അവശേഷിച്ച ബോംബുകള്‍ വീടിന്റെ ടെറസില്‍ നിന്നും മാറ്റാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമം നടത്തിയെന്നും റിമാന്‍ഡ് റിപോര്‍ടില്‍ പറയുന്നുണ്ട്. പ്രതികളെ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചത് ആരൊക്കെയാണ്, ബോംബ് നിര്‍മാണ സാമഗ്രികള്‍ എത്തിച്ചു നല്‍കിയവര്‍ ആരാണ്, സ്റ്റീല്‍ ബോംബു നിര്‍മാണത്തിന് പരിശീലനം നല്‍കിയവര്‍ ആരൊക്കെയാണ് തുടങ്ങിയ കാര്യങ്ങളില്‍ നിശ്ചയമായും തുടരന്വേഷണമുണ്ടാകണം എന്നും അദ്ദേഹം ആരോപിച്ചു.

കണ്ണൂരിനെ വീണ്ടും കൊലക്കളമാക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ കുത്സിത നീക്കമാണ് മറനീക്കി പുറത്തു വന്നിരിക്കുന്നത്. ഇതിനെതിരായ പ്രതികരണം പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും അക്രമരാഷ്ട്രീയത്തില്‍ നിന്നു വ്യതിചലിക്കാന്‍ ഒരുക്കമല്ലാത്ത സിപിഎം നേതൃത്വത്തിനെതിരായ വിധിയെഴുത്താകണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ അക്രമങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടാണ് ബോംബ് നിര്‍മാണമെന്ന പൊലീസ് റിപോര്‍ടിന്റെ പശ്ചാത്തലത്തില്‍ സമാധാനപരമായ തിരഞ്ഞെടുപ്പിന് ജില്ലയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

Keywords:   Panur:  Adv. Martin George wants to deploy central forces in Kannur district in the wake of the bomb blast, Kannur, News, Adv. Martin George, Central Force, Bomb Blast, Politics, CPM, Allegation, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia