Uniform Marriage Code | വിവാഹത്തിന്റെ കാര്യത്തില്‍ എല്ലാവര്ക്കും ബാധകമായ ഏകീകൃതനിയമം അനിവാര്യം; കേന്ദ്രസര്‍കാര്‍ ഗൗരവമായി കണക്കിലെടുക്കണമെന്നും കേരള ഹൈകോടതി
Dec 10, 2022, 14:00 IST
കൊച്ചി: (www.kvartha.com) വിവാഹത്തിന്റെ കാര്യത്തില്‍ എല്ലാവര്ക്കും ബാധകമായ ഏകീകൃതനിയമം അനിവാര്യമാണെന്ന് കേരള ഹൈകോടതി. മതനിരപേക്ഷസമൂഹത്തില്‍ നിയമപരമായ സമീപനം മതാധിഷ്ഠിതം എന്നതിനപ്പുറം പൊതുനന്മയ്ക്കുവേണ്ടിയായിരിക്കണമെന്നും കോടതി വിലയിരുത്തി. എന്നാല്‍ ഇക്കാര്യത്തില്‍ മതത്തിന് ഒരു പങ്കാളിത്തവുമില്ലെന്നും ഏകീകൃത വിവാഹനിയമം ഉണ്ടാക്കുന്നത് കേന്ദ്രസര്‍കാര്‍ ഗൗരവമായി കണക്കിലെടുക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ജസ്റ്റിസ് എം മുഹമ്മദ് മുശ്താഖ്, ജസ്റ്റിസ് ശോഭാ അന്നമ്മ ഈപ്പന് എന്നിവരുടെ ഡിവിഷന് ബെഞ്ചാണ് വിവാഹ നിയമം സംബന്ധിച്ച അഭിപ്രായ പ്രകടനം നടത്തിയത്. വൈവാഹിക ബന്ധത്തിന്റെ കാര്യത്തില്‍ കക്ഷികളെ മതത്തിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ നിയമം വേര്‍തിരിക്കുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു.
വിവാഹമോചനം നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മാണ സഭയുടെ കാര്യക്ഷമതയെ സംശയിക്കാനാവില്ലെങ്കിലും, ഇതിന്റെ നടപടിക്രമങ്ങള്‍ പ്രായോഗിക അര്‍ഥത്തില്‍ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.
'ഇന്ന്, വിവാഹമോചനം തേടുന്ന കക്ഷികളുടെ വേദനകള്‍ കൂട്ടി കുടുംബകോടതി മറ്റൊരു യുദ്ധക്കളമായി മാറിയിരിക്കുന്നു. പൊതു താല്പര്യമോ നന്മയോ പ്രോത്സാഹിപ്പിക്കുന്നതിനുപകരം എതിരാളികളുടെ താല്പര്യങ്ങളില് തീര്‍പുകല്‍പിക്കാനുള്ള ഒരു പ്ലാറ്റ്ഫോമായിട്ടാണ് കുടുംബ കോടതികളുടെ നിയമ നിര്‍മാണം. ഒരു ഏകീകൃത പ്ലാറ്റ്ഫോമില്‍ കക്ഷികള്‍ക്ക് ബാധകമായ നിയമത്തില്‍ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു' എന്നും കോടതി വ്യക്തമാക്കി.
ഇതിനിടെ ക്രിസ്തുമതത്തില്പെട്ടവര്ക്ക് ബാധകമായ 1869-ലെ വിവാഹമോചനനിയമത്തില്‍, പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാന്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിയണമെന്ന വ്യവസ്ഥ ഹൈകോടതി റദ്ദാക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് വിവാഹത്തിന്റെ കാര്യത്തില്‍ ഏകീകൃത നിയമം വേണമെന്ന് കോടതി നിര്‍ദേശിച്ചത്.
കഴിഞ്ഞ ജനുവരി 30-ന് വിവാഹിതരായ ദമ്പതികളാണ് ഹര്‍ജിക്കാര്‍. ഇരുവരും ഉഭയസമ്മതപ്രകാരം വിവാഹമോചനത്തിനായി കഴിഞ്ഞ മേയ് 31-ന് എറണാകുളം കുടുംബ കോടതിയെ സമീപിച്ചു. എന്നാല്‍, വിവാഹംകഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമേ വിവാഹമോചനഹര്‍ജി ഫയല്‍ ചെയ്യാനാകൂ എന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി കുടുംബ കോടതി ഹര്‍ജി സ്വീകരിക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് ഇരുവരും ഹൈകോടതിയെ സമീപിച്ചത്.
2001-ല്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെയായിരുന്നു ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനത്തിനായുള്ള വ്യവസ്ഥ കൊണ്ടുവന്നത്. രണ്ടുവര്‍ഷം വേര്‍പിരിഞ്ഞ് ജീവിച്ചശേഷമേ ഉഭയസമ്മതപ്രകാരമുള്ള മോചനത്തിനായി ഹര്‍ജി ഫയല്‍ ചെയ്യാനാകൂ എന്നായിരുന്നു ആദ്യ വ്യവസ്ഥ. എന്നാല്‍, കേരള ഹൈകോടതി 2010-ല്‍ മറ്റൊരു കേസില്‍ ഇത് ഒരു വര്‍ഷമായി കുറച്ചു.
എന്നാല്‍, ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനത്തിന് ഒരു വര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥയും കക്ഷികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ഡിവിഷന് ബെഞ്ച് വിലയിരുത്തി. ഇവരുടെ ഹര്‍ജി പരിഗണിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ വിവാഹമോചനം അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.
Keywords: Centre Should Seriously Consider Having Uniform Marriage Code in India, Says Kerala HC, Kochi, News, Marriage, High Court of Kerala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.