ബിജെപിയുടെ ഏഷ്യാനെറ്റ് വിലക്കിന് കേന്ദ്ര പിന്തുണ; പരസ്യങ്ങള്‍ വിലക്കാനും നീക്കം

 


തിരുവനന്തപുരം:(www.kvartha.com 20.10.2014) കേരളത്തിലെ പ്രമുഖ ന്യൂസ് ചാനലായ ഏഷ്യാനെറ്റ് ന്യൂസിനെതിരേ ബിജെപി കേരളഘടകം വിലക്ക് പ്രഖ്യാപിച്ചത് കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയോടെ. ഇതനു തുടര്‍ച്ചയായി ഏഷ്യാനെറ്റ് ന്യൂസിന് കേന്ദ്ര സര്‍ക്കാര്‍ പരസ്യങ്ങള്‍ വിലക്കാനും നീക്കമുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകളില്‍ നിന്ന് ബിജെപി നേതാക്കള്‍ വിട്ടുനില്‍ക്കാനാണ് ഇപ്പോഴത്തെ തീരുമാനം. നരേന്ദ്ര മോഡി സര്‍ക്കാരിനും ബിജെപിക്കുമെതിരേ ഏഷ്യാനെറ്റ് ന്യൂസ് കുപ്രചരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് വിലക്ക്.

കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയുള്ള വിലക്കായതിനാല്‍ സംസ്ഥാന നേതൃത്വം പൂര്‍ണമായും ഇതിനൊരപ്പമുണ്ട്. എന്നാല്‍ കേന്ദ്രത്തിലെ നരേന്ദ്രമോഡി സര്‍ക്കാര്‍ രാജ്യത്തെ മുഴുവന്‍ മാധ്യമങ്ങളുമായി നല്ല ബന്ധത്തില്‍ മുന്നോട്ടുപോകാന്‍ എല്ലാവിധ ശ്രമവും നടത്തുമ്പോള്‍ ഒരു പ്രമുഖ ഭാഷ ചാനലിനെ വെറുപ്പിക്കുന്ന നയത്തിന് പാര്‍ട്ടി കൂട്ടുനില്‍ക്കില്ലെന്ന് ബിജെപി ദേശീയനേതൃത്വവുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പുകാല ജനസമ്പര്‍ക്ക പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച മലയാളി മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ഇത് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ടത്രേ. എന്നാല്‍ തങ്ങള്‍ കേന്ദ്രനേതൃത്വത്തെ കാര്യങ്ങള്‍ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും അതിന് ഡല്‍ഹിയുടെ പിന്തുണയുണ്ടെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം.

ഏഷ്യാനെറ്റിന്റെ പ്രേക്ഷകരില്‍ പ്രമുഖ വിഭാഗമായ പ്രവാസികളെ തൃപ്തിപ്പെടുത്താനാണ് മോഡിക്കും ബിജെപിക്കുമെതിരേ തിരിഞ്ഞിരിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഏഷ്യാനെറ്റ് ചെയര്‍മാനും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭംഗവുമായ രാജീവ് ചന്ദ്രശേഖറിന് കേന്ദ്രത്തില്‍ മന്ത്രിയാകാന്‍ സാധിക്കാതിരുന്നതിലെ പക തീര്‍ക്കാനാണ് ഏഷ്യാനെറ്റ് ന്യൂസിനെ ഉപയോഗപ്പെടുത്തുന്നതെന്നുമുണ്ട് ആരോപണം.

മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്ത് ചാനല്‍ വലിയ പിന്തുണ നല്‍കിയിരുന്നുവെന്നും പൊടുന്നനെ നയം മാറ്റി രൂക്ഷ വിമര്‍ശനം തുടങ്ങുകയും ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുകയുമാണെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ അവതരിപ്പിക്കുന്ന കവര്‍സ്‌റ്റോറി ബിജെപിയെ പരിഹസിക്കാനുള്ള പരിപാടി മാത്രമായി മാറിയത്രേ. സിപിഎം നേതാവായിരുന്ന അന്തരിച്ച പി ഗോവിന്ദപ്പിള്ളയുടെ മകന്‍ എം ജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്ററായതും ഈ മാറ്റത്തിനു കാരണമായെന്നണ് മറ്റൊരു വിമര്‍ശനം.

ബിജെപിയുടെ രാജ്യസഭാംഗമാണെന്ന് പൊതുവേ പ്രചരിക്കപ്പെടുന്നുണ്ടെങ്കിലും രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ മാത്രം പിന്തുണയോടെ വിജയിച്ച രാജ്യസഭാംഗമല്ല. ജനതാദളും അദ്ദേഹത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹം മന്ത്രിയാകുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. അത്തരത്തില്‍ ചില പത്രങ്ങളില്‍ വാര്‍ത്തയും വന്നു. പക്ഷേ, ബിജെപിക്ക് രാജീവിനെ മന്ത്രിയാക്കാന്‍ താല്‍പര്യമുണ്ടായില്ല. അതിന്റെ വിരോധം ചാനലിലൂടെ തീര്‍ക്കുന്നത് അധാര്‍മികമാണെന്ന് ബിജെപി നേതൃത്വം ആരോപിക്കുന്നു.

ബിജെപിയുടെ ഏഷ്യാനെറ്റ് വിലക്കിന് കേന്ദ്ര പിന്തുണ; പരസ്യങ്ങള്‍ വിലക്കാനും നീക്കം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Thiruvananthapuram, Kerala, Asianet, Channel, News, Central Government, BJP, Narendra Modi, CM, Oommen Chandy, Centre's Support For Bjp's Ban On Asianet News Channel
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia