ചന്ദ്രബോസ് വധം; നിസാം കുറ്റക്കാരന്‍

 


തൃശൂര്‍: (www.kvartha.com 20.01.2016) ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആഢംബര കാറിടിച്ച് കൊന്ന കേസില്‍ വ്യവസായിയായ മുഹമ്മദ് നിസാം കുറ്റക്കാരനാണെന്ന് തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. കൊലപാതകം അടക്കം ഒമ്പത് കുറ്റങ്ങളും തെളിഞ്ഞതായി സെഷന്‍സ് ജഡ്ജി കെ.പി സുധീര്‍ കോടതിയില്‍ പറഞ്ഞു. സംഭവം നടന്ന് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് കോടതി വിധി പറഞ്ഞത്.

പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നും സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ എ.പി. ഉദയഭാനു കോടതിയില്‍ ആവശ്യപ്പെട്ടു.
കേസില്‍ ജനുവരി 31നുളളില്‍ വിധി പറയണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം ഉണ്ട്. അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.പി സുധീര്‍ ആണ് വിധി പ്രസ്താവിക്കുക. 2015 ജനുവരി 29ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു കേസിനിടാക്കിയ സംഭവം നടന്നത്. ശോഭാ സിറ്റിയുടെ പ്രധാന കവാടത്തില്‍ ഹമ്മര്‍ കാറിലെത്തിയ കിങ്‌സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിഷാം ഗേറ്റ് തുറക്കാന്‍ വൈകിയതിനു ചന്ദ്രബോസിനെ മര്‍ദിക്കുകയും കാറിടിച്ചു ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണു പൊലീസ് കേസ്. മര്‍ദനമേറ്റ ചന്ദ്രബോസ് സെക്യൂരിറ്റി കാബിനില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്നാലെ പാഞ്ഞെത്തി ഇരുമ്പുവടികൊണ്ട് അടിച്ചു.

കാബിനില്‍നിന്ന് ഇറങ്ങി സമീപത്തെ ജലധാരയുടെ തറയിലേക്ക് ഓടിക്കയറിയ ചന്ദ്രബോസിനെ ഏതു പ്രതലത്തിലും സഞ്ചരിക്കാനാകുന്ന കാറില്‍ പിന്തുടര്‍ന്നു നിഷാം ഇടിച്ചു വീഴ്ത്തി. തുടര്‍ന്നു വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി സ്വന്തം ഫ്‌ലാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ കൊണ്ടുപോയി വീണ്ടും ചവിട്ടുകയും ചുമരില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദിക്കുകയും ചെയ്തു. അബോധാവസ്ഥയിലായ ചന്ദ്രബോസിനെ വിവരമറിഞ്ഞെത്തിയ പേരാമംഗലം പൊലീസ് അമലയില്‍ പ്രവേശിപ്പിക്കുകയും നിഷാമിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ചവിട്ടേറ്റ് ചന്ദ്രബോസിന്റെ വാരിയെല്ലുകള്‍ ഒന്‍പതിടത്തു തകര്‍ന്നു. കുടലില്‍ പത്തിടത്തു പൊട്ടലുണ്ടായി. ശ്വാസകോശങ്ങള്‍ രണ്ടും തകര്‍ന്നു. ശരീരത്തിനുള്ളില്‍ പലയിടത്തും രക്തം കട്ടപിടിച്ചു കിടന്നിരുന്നു. അഞ്ചു തവണ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും പരുക്കേറ്റ ആന്തരികാവയവങ്ങളില്‍ അണുബാധയുണ്ടായതു നില വഷളാക്കി. അവസാന നാലു ദിവസം പൂര്‍ണമായും വെന്റിലേറ്ററിലായിരുന്നു. 18 ദിവസത്തിനുള്ളില്‍ 14 ദിവസവും അബോധാവസ്ഥയിലായിരുന്ന ചന്ദ്രബോസിന്റെ മൊഴിയെടുക്കാന്‍ പൊലീസിനു കഴിഞ്ഞില്ല.

വധശ്രമക്കുറ്റത്തിന് അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചിരുന്ന മുഹമ്മദ് നിഷാമിനെതിരെ ചന്ദ്രബോസിന്റെ മരണത്തോടെ കൊലക്കുറ്റം ചുമത്തി. പൊലീസിനെ ആക്രമിച്ചതടക്കം പല ക്രിമിനല്‍ കേസുകളിലും പ്രതിയായ നിഷാമിനെതിരെ സാമൂഹിക ദ്രോഹ പ്രവര്‍ത്തനം തടയാനുള്ള കാപ്പ നിയമവും ചുമത്തിയിട്ടുണ്ട്.

വിചാരണക്കാലയളവിനിടയില്‍ സാക്ഷികളുടെ കൂറുമാറല്‍ ഉള്‍പ്പടെയുള്ള രംഗങ്ങള്‍ക്കും കോടതി സാക്ഷ്യം വഹിച്ചു. ഒന്നാം സാക്ഷി അനൂപ് കൂറുമാറിയെങ്കിലും പിന്നീട് വീണ്ടും തന്റെ മൊഴിയിലേക്കെത്തി. നിഷാമിന്റെ സഹോദരന്‍ ഭീഷണിപ്പെടുത്തിയതിനാലാണ് മൊഴിമാറ്റിയതെന്നും കോടതിയില്‍ അനൂപ് പറഞ്ഞു. നിഷാമിന്റെ ഭാര്യ അമലും കൂറുമാറിയിരുന്നു. സംഭവസമയത്ത് അമലും നിഷാമിനൊപ്പം കാറിലുണ്ടായിരുന്നു.

ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വ്യവസായി മുഹമ്മദ് നിഷാം കൊലപ്പെടുത്തിയതു പെട്ടെന്നുള്ള പ്രകോപനം മൂലമല്ല, മറിച്ചു മുന്‍ വൈരാഗ്യം കാരണമാണെന്നായിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. സെക്യൂരിറ്റി കാബിനുള്ളില്‍ ഉറങ്ങിക്കിടന്ന ചന്ദ്രബോസിനെ നിഷാം തിരഞ്ഞു പിടിച്ച് ആക്രമിക്കുകയായിരുന്നുവെന്നും പറയുന്നു. കുന്നംകുളം മജിസ്‌ട്രേട്ട് കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

വിധി കേള്‍ക്കാനായി ചന്ദ്രബോസിന്റെ കുടുംബവും നിസാമിന്റെ കുടുംബവും രാവിലെ തന്നെ കോടതിയിലെത്തിയിരുന്നു.

ചന്ദ്രബോസ് വധം; നിസാം കുറ്റക്കാരന്‍


Also Read:
ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
Keywords:  Chandra bose murder case verdict from Thrissur court, hospital, Injured, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia