Chandy Oommen | ആരോടും വിദ്വേഷവും പകയും വേണ്ടെന്നും സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് വേണ്ടതെന്നും ചാണ്ടി ഉമ്മന്‍; കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്റെ ഉമ്മ

 


കോട്ടയം: (www.kvartha.com) ആരോടും വിദ്വേഷവും പകയും വേണ്ടെന്നും സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് വേണ്ടതെന്നും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. പള്ളിക്കത്തോട്ടിലെ പാമ്പാടി ബിഡിഒ ഓഫിസില്‍ നാമനിര്‍ദേശപത്രിക നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്റെ ഉമ്മയാണ് ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത്.

ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ളതിനാല്‍ സിഒടി നസീറിന്റെ ഉമ്മയ്ക്കു നേരിട്ടു വരാനായില്ല. അതുകൊണ്ടുതന്നെ ഗൂഗിള്‍ പേ വഴിയാണ് ഉമ്മ കെട്ടിവയ്ക്കാനുള്ള പണം അയച്ചത്. ഫോണില്‍ വീഡിയോ കോള്‍ വിളിച്ച് പ്രാര്‍ഥിക്കുകയും ആശംസകള്‍ നേരുകയും ചെയ്തുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. വിദേശത്തായതിനാല്‍ നസീറിനും എത്താന്‍ കഴിഞ്ഞിരുന്നില്ല. നസീറിനോടും ഉമ്മയോടുമുള്ള പ്രത്യേക സ്‌നേഹവും നന്ദിയും അറിയിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

നമ്മുടെ നാട്ടില്‍ ഏതു രാഷ്ട്രീയം വേണം എന്നുള്ളൊരു ചോദ്യമുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സ്‌നേഹത്തിന്റെ കട തുറക്കുകയാണ് ചെയ്തത്. വിദ്വേഷം വേണ്ട, വെറുപ്പ് വേണ്ട, വൈരാഗ്യം വേണ്ട, ആരോടും പക വേണ്ട എന്നുള്ള അതേ രാഷ്ട്രീയമാണ് ഇവിടെയും വേണ്ടത്. ഒരു മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ സാഹചര്യം നിങ്ങള്‍ക്കറിയാമല്ലോ. ഒരു മുഖ്യമന്ത്രിക്കും അങ്ങനെയൊരു സാഹചര്യം ഉണ്ടാകരുതെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

എന്റെ അപ്പ വേട്ടയാടപ്പെട്ടതുപോലെ ഒരു രാഷ്ട്രീയ നേതാവും വേട്ടയാടപ്പെടാന്‍ പാടില്ല. പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പില്‍ അതും ചര്‍ചയാണ്. ഇങ്ങനെയൊരാളെ വ്യക്തിപരമായും കുടുംബപരമായും ആക്രമിക്കാന്‍ പാടുണ്ടോ? ആ ചോദ്യം കേരളത്തിന്റെ പൊതുസമൂഹത്തിനു മുന്നില്‍ ഞാന്‍ ഉന്നയിക്കുകയാണ്. ഇങ്ങനെ ഉണ്ടാകാന്‍ പാടില്ലെന്നാണ് അഭ്യര്‍ഥന. എന്നെ സംബന്ധിച്ച്, അപ്പ ദൈവതുല്യനാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ജീവിതത്തില്‍ ആദ്യമായി എന്തു ചെയ്യുമ്പോഴും അപ്പയുടെ അനുഗ്രഹം തേടുമായിരുന്നു. കരുതലും സ്‌നേഹവുമുള്ള എന്റെ പിതാവ് കഴിഞ്ഞ 12 തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. ഇതില്‍ അഞ്ച് തിരഞ്ഞെടുപ്പുകളില്‍ ഞാന്‍ നേരിട്ടു പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. അദ്ദേഹമില്ലാത്തൊരു തിരഞ്ഞെടുപ്പ് എന്നു പറഞ്ഞാല്‍, അതംഗീകരിക്കാന്‍ ഞങ്ങളെ സംബന്ധിച്ച് എളുപ്പമല്ല. ഇതു ഞങ്ങളെ പിടിച്ചുകുലുക്കുന്ന കാര്യമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Chandy Oommen | ആരോടും വിദ്വേഷവും പകയും വേണ്ടെന്നും സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് വേണ്ടതെന്നും ചാണ്ടി ഉമ്മന്‍; കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്റെ ഉമ്മ

എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, യുഡിഎഫ് നേതാക്കളായ കെസി ജോസഫ്, ഫില്‍സണ്‍ മാത്യൂസ്, നാട്ടകം സുരേഷ് എന്നിവര്‍ക്കൊപ്പം എത്തിയാണ് ചാണ്ടി ഉമ്മന്‍ നാമനിനിര്‍ദേശം നല്‍കിയത്. സഹോദരിമാരായ മറിയ ഉമ്മനും അച്ചു ഉമ്മനും കൂടെയുണ്ടായിരുന്നു. നാമനിര്‍ദേശ പത്രിക നല്‍കാന്‍ പുറപ്പെടുന്നതിനു മുന്‍പ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ ചാണ്ടി ഉമ്മന്‍ പ്രാര്‍ഥിച്ചു. മാതാവ് മറിയാമ്മ ഉമ്മന്റേയും അനുഗ്രഹം ചാണ്ടി ഉമ്മന്‍ വാങ്ങിയിരുന്നു.

Keywords:  Chandy Oommen says no need for hatred and grudges against anyone, and we need politics, Kottayam, News, Politics, Chandy Oommen, Nomination, Oommen Chandy, Puthuppally By- Election, Congress, Leaders, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia