Rescue | ചൂരല്‍മലയിലെ രക്ഷാ ദൗത്യം നേരിട്ട് വിലയിരുത്തി മുഖ്യമന്ത്രി; ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ചു
കല്‍പറ്റ: (KVARTHA) ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയിലെ പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍ നിന്നും നിര്‍മ്മിക്കുന്ന താല്‍ക്കാലിക പാലത്തിന്റെ (ബെയ്‌ലി പാലം) നിര്‍മ്മാണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി. ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നതായി അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, എകെ ശശീന്ദ്രന്‍, പിഎ മുഹമ്മദ് റിയാസ്, കെ കൃഷ്ണന്‍ക്കുട്ടി, ഒ.ആര്‍ കേളു, നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍, ചീഫ് സെക്രട്ടറി ഡോ വി. വേണു, ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു
വയനാട് മേപ്പാടിക്ക് സമീപം കോട്ടനാട് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ കുന്നംപറ്റ, ആനക്കാട്, റാട്ടക്കൊല്ലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് ഈ ക്യാമ്പില്‍ കഴിയുന്നത്. ദുരന്തമുഖത്ത് നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ചൂരല്‍മല സ്വദേശികളും ഇവിടെയുണ്ട്. 210 പേരുള്ള ക്യാമ്പില്‍ 86 സ്ത്രീകളും 67 പുരുഷന്മാരും 57 കുട്ടികളുമാണുള്ളത്. മുഖ്യമന്ത്രിയുടെ കൂടെ മന്ത്രിമാര്‍, ചീഫ് സെക്രട്ടറി ഡോ. വി വേണു, ജില്ലാ കലക്ടര്‍ മേഘശ്രീ ഡി ആര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 17 ലക്ഷം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യാഴാഴ്ച 17 ലക്ഷം രൂപയുടെ ചെക്കുകള്‍ വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളുമായി നല്‍കി. ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് അവലോകനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ 10 ലക്ഷവും തിരുനെല്ലി ദേവസ്വം 5 ലക്ഷവും ശ്രീ തൃശ്ശിലേരി ദേവസ്വം 2 ലക്ഷവും പാര്‍വ്വതി വി എ ഒരു ലക്ഷവുമാണ് നല്‍കിയത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നല്‍കേണ്ടത്. ഔദ്യോഗിക സംവിധാനത്തിലൂടെയാവണം സംഭാവന നല്‍കേണ്ടത്.