Nehru Trophy | 'മുഖ്യാതിഥിയായി എത്തണം'; നെഹ്റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
Aug 27, 2022, 13:41 IST
തിരുവനന്തപുരം: (www.kvartha.com) പുന്നമടക്കായലില്‍ സെപ്റ്റംബര്‍ നാലിന് നടക്കുന്ന നെഹ്റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും 23ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നയച്ച കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ നാല് വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗന്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ കേരളത്തില്‍ എത്തുന്നുണ്ട്. ഇതിനെത്തുമ്പോള്‍ വള്ളം കളിയില്‍ പങ്കെടുക്കണമെന്നാണ് അഭ്യര്‍ഥിച്ചിരിക്കുന്നത്. അമിത് ഷാ എത്തുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകുമെന്നാണ് സൂചന.
നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ക്ഷണിക്കാനായിരുന്നു നേരത്തെ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചത്. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉള്‍പെടെയുള്ളവര്‍ സംബന്ധിച്ച യോഗത്തിലായിരുന്നു തീരുമാനം. വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച ചെയ്യാന്‍ വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രസ്തുത യോഗം ചേര്‍ന്നത്.
വള്ളംകളിക്ക് സ്‌പോന്‍സര്‍മാരെ കണ്ടെത്തല്‍, ടികറ്റ് വില്‍പന അടക്കമുള്ള കാര്യങ്ങളും യോഗം ചര്‍ച ചെയ്തിരുന്നു. ഇതിന്റെ ചുമതല നെഹ്‌റു ട്രോഫി ബോട് റേസ് (എന്‍ ടി ബി ആര്‍) കമിറ്റിക്ക് നല്‍കി. 2019ല്‍ ടൂറിസം വകുപ്പ് മുഖേന ചാംപ്യന്‍സ് ബോട് ലീഗ് (സി ബി എല്‍) കംപനിയാണ് വള്ളംകളി നടത്തിയത്. സ്‌പോന്‍സര്‍മാരെ കണ്ടെത്തുന്നതടക്കമുള്ള കാര്യത്തില്‍ സി ബി എല്‍ വലിയ വരുമാനനഷ്ടമുണ്ടാക്കിയെന്ന് കഴിഞ്ഞദിവസം ആലപ്പുഴയില്‍ ചേര്‍ന്ന യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ ടി ബി ആറിന് ചുമതല കൈമാറിയത്.
നെഹ്‌റുട്രോഫി വള്ളംകളിക്കൊപ്പം ഈ വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫി വള്ളംകളിയുടെ ആദ്യമത്സരവും നടക്കും. 2019 ആഗസ്റ്റ് 31നാണ് ഏറ്റവും ഒടുവില്‍ നെഹ്റു ട്രോഫി വള്ളംകളി നടന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020ലും 2021ലും മത്സരം നടന്നില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.