സി പി എം പ്രതിനിധി സമ്മേളനം ജനുവരി 14 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും; പൊതു സമ്മേളനം 16ന് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

 


തിരുവനന്തപുരം: (www.kvartha.com 10.01.2022) സിപിഐഎം 23 -ാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള തിരുവനന്തപുരം ജില്ലാ സമ്മേളനം 14,15,16 തീയതികളില്‍ നടക്കും. 14ന് രാവിലെ പാറശാല ഗാന്ധി പാര്‍കില്‍ തയാറാക്കിയ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ചനയ്ക്ക് ശേഷം രാവിലെ പത്തുമണിക്ക് സമ്മേളന നഗറില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സി പി എം പ്രതിനിധി സമ്മേളനം ജനുവരി 14 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും; പൊതു സമ്മേളനം 16ന് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന സെക്രെടറി കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സെക്രെടറിയറ്റ് അംഗങ്ങളായ ഇ പി ജയരാജന്‍, എംവി ഗോവിന്ദന്‍, കെകെ ശൈലജ, എകെ ബാലന്‍, പികെ ശ്രീമതി, ആനത്തലവട്ടം ആനന്ദന്‍, കെ എന്‍ ബാലഗോപാല്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രെടറി ആനാവൂര്‍ നാഗപ്പന്‍ പ്രവര്‍ത്തന റിപോര്‍ട് അവതരിപ്പിക്കും.

തുടര്‍ന്ന് മൂന്നു ദിവസങ്ങളിലായി പൊതു ചര്‍ച്ച, മറുപടി, അഭിവാദ്യ പ്രസംഗങ്ങള്‍ എന്നിവയുണ്ടാകും. 16 ന് പുതിയ ജില്ലാ കമിറ്റിയെയും സെക്രെടറിയെയും തിരഞ്ഞെടുക്കും. 16ന് വൈകിട്ട് നാലുമണിക്ക് ചെറുവാരക്കോണം സി എസ് ഐ ഗ്രൗന്‍ഡില്‍ ചേരുന്ന പൊതു സമ്മേളനം പിബി അംഗവും സംസ്ഥാന സെക്രെടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

പ്രമുഖ നേതാക്കള്‍ പൊതുയോഗത്തില്‍ സംസാരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് സമ്മേളന നടപടികള്‍ പൂര്‍ത്തിയാക്കുക. വിവിധ ഏരിയാ സമ്മേളനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് പുറമെ ജില്ലാ കമിറ്റി അംഗങ്ങളും ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമിറ്റി അംഗങ്ങളും സംസ്ഥാന സെക്രെടറിയറ്റ് അംഗങ്ങളും പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. പാറശാല ജയമഹേഷ് ഓഡിറ്റോറിയത്തിന് സമീപം കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം തയാറാക്കിയ വേദിയിലായിരിക്കും സമ്മേളനം നടക്കുക.

ഡിസംബര്‍ 28ന് ആരംഭിച്ച മാധ്യമ സെമിനാറോടെയായിരുന്നു ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികള്‍ ആരംഭിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്ത സെമിനാറുകളും സമ്മേളനങ്ങളും സിംപോസിയങ്ങളും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടന്നു. കര്‍ഷക സമരത്തിന്റെ വിജയവും തുടര്‍ പ്രവര്‍ത്തനങ്ങളും വിശദമാക്കിയ, ദേശീയ കര്‍ഷക സമര നേതാക്കള്‍ പങ്കെടുത്ത കര്‍ഷക മഹാപഞ്ചായത്ത് വന്‍ ജനപ്രാതിനിധ്യം കൊണ്ട് ചരിത്ര സംഭവമായി മാറി.

ബാല പ്രതിഭകള്‍ മാറ്റുരച്ച ശാസ്ത്രോത്സവും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിവിധ തലങ്ങളില്‍ മത്സരിച്ചെത്തിയ പ്രതിഭകളുടെ കഴിവുകള്‍ മാറ്റുരച്ച വേദി അറിവിന്റെ ഉജ്ജ്വല പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. പരമ്പരാഗത കലാരൂപങ്ങള്‍ അടക്കമുള്ള പ്രകടനങ്ങളും വിവിധ വേദികളില്‍ അരങ്ങേറി. സെമിനാറുകളില്‍ വിവിധ സാമൂഹ്യ വിഷയങ്ങളെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകളാണ് നടന്നത്.

വിവിധ മേഖലകളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനും കഴിഞ്ഞു. കായിക മത്സരങ്ങളില്‍ ജില്ലയിലെ യുവ പ്രതിഭകള്‍ മാറ്റുരച്ചു. വാശിയേറിയ മത്സരങ്ങളായിരുന്നു നടന്നത്.
പതാക ദിനത്തിന്റെ ഭാഗമായി പാറശാല, നെയ്യാറ്റിന്‍കര, വെള്ളറട, കോവളം, നേമം ഏരിയാ കമിറ്റി പ്രദേശങ്ങളിലെ വീടുകള്‍ പതാക ഉയര്‍ത്തുന്നതിനൊപ്പം ഫല വൃക്ഷ തൈകളും നട്ടു.

ജില്ലാ കമിറ്റി ഓഫിസില്‍ ജില്ലാ സെക്രെടറി ആനാവൂര്‍ നാഗപ്പന്‍ പതാക ഉയര്‍ത്തുകയും ഓഫിസ് വളപ്പില്‍ ഫലവൃക്ഷ തൈ നടുകയും ചെയ്തു. അന്‍പതിനായിരത്തോളം ഫലവൃക്ഷങ്ങളാണ് പതാകദിനത്തില്‍ നട്ടത്. ജില്ലയിലൊട്ടാകെ ബ്രാഞ്ച് കമിറ്റികളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തുകയും ജില്ലാ സമ്മേളന ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു.

സമ്മേളനത്തിന്റെ ഭാഗമായി നടന്ന എല്ലാ പരിപാടികളിലുമുണ്ടായ ജന പ്രാതിനിധ്യം സിപിഎമിന്റെ വര്‍ധിച്ച പിന്തുണയാണ് വ്യക്തമാക്കുന്നത്. സമ്മേളനത്തോടെ കൂടുതല്‍ മേഖലകളില്‍ കൂടുതല്‍ ശക്തമായ പ്രസ്ഥാനമായി സിപിഎം മാറുമെന്ന് വ്യക്തമാകുകയാണെന്ന് സി പി എം ജില്ലാ സെക്രെടറി ആനാവൂര്‍ നാഗപ്പന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Keywords:  Chief Minister Pinarayi Vijayan will inaugurate the CPM delegates' conference on January 14, Thiruvananthapuram, News, Inauguration, Pinarayi-Vijayan, Chief Minister, Kodiyeri Balakrishnan, CPM, Kerala.





ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia