കൂടെയുണ്ട് ഞാന്‍, നിങ്ങള്‍ ജനത്തോടൊപ്പമാണെങ്കില്‍

 


മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റ് ജീവനക്കാരോടു നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

തിരുവനന്തപുരം: (www.kvartha.com 08.06.2016) കേരളത്തിലുണ്ടായ അധികാരമാറ്റത്തെ തുടര്‍ന്നുള്ളതാണ് ഈ യോഗം എന്നു നിങ്ങള്‍ക്കറിയാം. പുതിയ മന്ത്രിസഭ അധികാരമേറ്റതിനെത്തുടര്‍ന്ന് ഇങ്ങനെ ഒരു യോഗം വേണ്ടതുണ്ടോ എന്നു ചിന്തിക്കുന്നവരുണ്ടാവാം. രാഷ്ട്രീയ ഭരണാധികാരികള്‍ വന്നും പോയുമിരിക്കും എന്നും സെക്രട്ടേറിയറ്റും അതിന്റെ ഭരണ സംവിധാനവും മാറ്റമില്ലാതെ തുടരും എന്നും കരുതുന്നവരാവും അവര്‍. ആ ചിന്ത ഒരു പരിധിവരെ ശരിയാണുതാനും. സെക്രട്ടേറിയറ്റിന്റെ
നടത്തിപ്പില്‍ രാഷ്ട്രീയം കലരേണ്ടതില്ല. ഫയലുകളിലെ തീര്‍പ്പിലും രാഷ്ട്രീയം കലരേണ്ടതില്ല.

കൂടെയുണ്ട് ഞാന്‍, നിങ്ങള്‍ ജനത്തോടൊപ്പമാണെങ്കില്‍അതേ സമയം മറ്റൊന്നുണ്ട്. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയാണു രാജ്യത്ത് നില നില്‍ക്കുന്നത്. ആ ജനാധിപത്യ ക്രമപ്രകാരമാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. അതൊരു രാഷ്ട്രീയമാറ്റമാണ്. രാഷ്ട്രീയ മാറ്റങ്ങള്‍ ജനാഭിലാഷത്തിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ചാണ് വരിക എന്നത് എടുത്തു പറയേണ്ട കാര്യമില്ല. മാറുന്ന ജനാഭിലാഷങ്ങള്‍ ഭരണത്തില്‍ പ്രതിഫലിക്കേണ്ടത് നയങ്ങളായാണ്. ആ നയങ്ങളുടെ നടപ്പാക്കല്‍ ജനങ്ങളുടെ മാന്‍ഡേറ്റ് പ്രകാരമുള്ളതാണെന്നര്‍ത്ഥം. അവയുടെ നിര്‍വ്വഹണത്തിന് മുഴുവന്‍ സെക്രട്ടറിയറ്റ് ജീവനക്കാരുടെയും സഹകരണം ഉണ്ടാവണമെന്ന് ആമുഖമായിതന്നെ അഭ്യര്‍ത്ഥിക്കട്ടെ.

ഭരണം എന്നത് നിര്‍ത്തില്ലാതെ പോകുന്ന ഒരു തുടര്‍ച്ചയാണ്. അതില്‍ രാഷ്ട്രീയമില്ല. രാഷ്ട്രീയ ഭരണാധികാരികള്‍ മാറി മാറി വരുമ്പോഴും ഭരണം അതിന്റെതായ രീതിയില്‍ പോകണം. എന്നാല്‍ അത് എങ്ങനെ വേഗത്തിലാക്കാം, എങ്ങനെ കാര്യക്ഷമമാക്കാം എങ്ങനെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തിലാക്കാം, എങ്ങനെ പുരോഗമനോന്മുഖമാക്കാം എന്നൊക്കെയുള്ള കാര്യങ്ങളില്‍ ഈ പുതിയ ഗവണ്‍മെന്റിന് ഒരു കാഴ്ച്ചപ്പാടുണ്ട്. അത് നടപ്പാവണം. അതിന് മുഴുവന്‍ സെക്രട്ടറിയറ്റ് ജീവനക്കാരും ഒറ്റമനസ്സായി പ്രവര്‍ത്തിക്കണം.

സത്യത്തില്‍, ഒരേ മേല്‍ക്കൂരയ്ക്കു കീഴില്‍ കഴിയുന്നവരാണു നമ്മളെല്ലാം. അതിന്റെതായ ഒരു ഒരുമ ഉണ്ടാവണം. നമുക്കിടയില്‍ വേര്‍തിരിവുകള്‍ ഉള്ളത് തസ്തികകളുടെ കാര്യത്തില്‍ മാത്രമാണ്. മനസ്സുകളുടെ കാര്യത്തില്‍ ഒരു വേര്‍തിരിവുമില്ല. ഈ ബോധത്തോടെ നമുക്ക് മുമ്പോട്ടുപോവാന്‍ കഴിയണം. ഉദ്യോഗസ്ഥരായി നീണ്ടകാലം കഴിയുന്നവര്‍ക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളുടെ തീവ്രത പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അത് അവരുടെ കുറ്റമല്ല. എന്നാല്‍ മുമ്പില്‍ വരുന്ന പല ഫയലിലും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ജീവിതമാണുള്ളത് എന്നത് ഓര്‍മ്മിക്കണം.

ആ ഫയലുകളില്‍ നിങ്ങളെഴുതുന്ന കുറിപ്പാവും ഒരുപക്ഷെ അവരില്‍ അപൂര്‍വ്വം ചിലരെങ്കിലും തുടര്‍ന്ന് ജീവിക്കണോ മരിക്കണോ എന്നു പോലും നിശ്ചയിക്കുന്നത്. ഫയലില്‍ പ്രതികൂല പരാമര്‍ശം വന്ന് എല്ലാം തകര്‍ന്ന നിലയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത ഹിമാചലിലെ ഒരു വൃദ്ധയുടെ കാര്യം പത്രത്തില്‍ വന്നത് എന്റെ ഓര്‍മ്മയിലുണ്ട്. എല്ലാ ഫയലിലും അനുകൂലമായി എഴുതാന്‍ കഴിയണമെന്നില്ല. എന്നാല്‍ ഫയലില്‍ ഉള്ളത് ജീവിതമാണെന്നും കഴിയുന്നത്ര കരുതലോടെ അത് കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നുമുള്ള ബോധം ആവണം നിങ്ങളെ നയിക്കുന്നത്.

ബ്രിട്ടീഷ്‌കാരുടെ കാലത്തെ ഫയല്‍ നോട്ട രീതിയാണ് ഇന്നും നിലനില്‍ക്കുന്നത്. ജനങ്ങളുടെ അവശ്യത്തെ എങ്ങനെയൊക്കെ തടയാം, അവരുടെ അവകാശത്തെ എങ്ങനെയൊക്കെ നിയന്ത്രിക്കാം എന്ന മട്ടിലുള്ള ഒരു നെഗറ്റീവ് ഫയല്‍ നോട്ട സമ്പ്രദായമാണ് അന്ന് ഉണ്ടായിരുന്നത്. അതിന്നും തുടരുന്നുണ്ട്. ഇതിനെ എങ്ങനെയൊക്കെ ജനങ്ങളെ സഹായിക്കാം എന്ന മട്ടിലുള്ള ഒരു പോസിറ്റീവ് ഫയല്‍ നോട്ട സമ്പ്രദായം കൊണ്ടു പകരം വയ്ക്കണം.

സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ ഭാവിയില്‍ റിട്ടയര്‍ ചെയ്ത് സാധാരണ ആള്‍ക്കാരാവും. അപ്പോള്‍ തങ്ങളുടെ ഫയലുകള്‍ തങ്ങളുടെ പഴയ കസേരയില്‍ ഇരിക്കുന്ന പുതിയ ആള്‍ക്കാര്‍ വൈകിപ്പിക്കുന്നത് കാണുമ്പോള്‍ ഒരു വിഷമം ഉണ്ടാവില്ലേ? ആ വിഷമം ഇപ്പോഴെ മനസ്സിലാക്കണം. നാളെ ആവശ്യങ്ങളുമായി ആവര്‍ത്തിച്ച് ഓഫീസ് കയറിയിറങ്ങേണ്ടിവരും തങ്ങള്‍ക്കും എന്ന ചിന്തയോടെ ഫയല്‍ കൈകാര്യം ചെയ്താല്‍ മതി; കാര്യക്ഷമത താനേ ഉണ്ടായിക്കൊള്ളും.

സര്‍ക്കാര്‍ സംവിധാനം ഉദ്യോഗസ്ഥര്‍ക്കു വേണ്ടി എന്നുള്ളതല്ല. ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ സംവിധാനത്തിനുവേണ്ടി എന്നതാണ് ശരി. ഖജനാവിലേയ്ക്കുള്ള വരുമാനത്തിന്റെ മഹാസിംഹഭാഗവും ശമ്പളം - പെന്‍ഷന്‍ കാര്യങ്ങള്‍ക്കായി കാലങ്ങളായി ചെലവിടുന്നതുകൊണ്ടാവണം, ജീവനക്കാര്‍ക്കുവേണ്ടി നടത്തപ്പെടുന്ന സംവിധാനമാണ് സര്‍ക്കാര്‍ എന്ന ഒരു മനോഭാവം ബലപ്പെട്ടിട്ടുണ്ട്. അത് മാറണം, സേവനം പ്രതീക്ഷിച്ചുവരുന്ന സാധാരണക്കാരെ ആദരിക്കുന്ന മനോഭാവം വരണം. അവരുണ്ടെങ്കിലെ തങ്ങളുളളൂ എന്ന ചിന്തയുണ്ടാവണം.

സെക്രട്ടറിയറ്റില്‍ ജീവനക്കാര്‍ക്ക് പരമപ്രാധാന്യം തന്നെയാണുള്ളത്. ഭരണത്തിന്റെ സിരാകേന്ദ്രമാണു സെക്രട്ടറിയറ്റ്. ഏതെങ്കിലും ഒരു സിരയുടെ ഏതെങ്കിലും ഒരു ഭാഗത്ത് തടസ്സമുണ്ടായാല്‍ മതി, സിസ്റ്റമാകെ തളരും. അത് സര്‍ക്കാരിനറിയാം. അര്‍പ്പണബോധത്തോടെ സെക്രട്ടറിയറ്റ് ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും സമൂഹത്തില്‍ പൊതുവെ കാണുന്ന അഴിമതിയടക്കമുള്ള ദുഷിപ്പുകളില്‍ നിന്നും പ്രായേണ മുക്തമാണ് സെക്രട്ടറിയറ്റ് സ്റ്റാഫ് എന്നും അറിയാം.

ഇന്ത്യയിലെ ഇതര സെക്രട്ടറിയറ്റുകളെ അപേക്ഷിച്ച് നമ്മുടെ സെക്രട്ടറിയറ്റിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. ഇവിടേയ്ക്ക് ആര്‍ക്കും ഒരു സങ്കോചവുമില്ലാതെ കടന്ന് വന്ന് മുഖ്യമന്ത്രിയെയോ, മറ്റ് മന്ത്രിമാരേയോ കണ്ട് ആവലാതികള്‍ ബോധിപ്പിക്കാം. ഈ സംവിധാനം ഉണ്ടായത് കേരളത്തിന്റെ ആദ്യ മന്ത്രിസഭ രൂപപ്പെടുത്തിയ അടുക്കും ചിട്ടയും കൊണ്ടാണ്. അതോടൊപ്പം അതുണ്ടാക്കിയ ജനകീയ മനോഭാവം കൊണ്ടുകൂടിയാണ്.

ആ ജനകീയ മുഖം നിലനില്‍ക്കണം. അതുകൊണ്ടുതന്നെ സിവില്‍ സര്‍വ്വീസിലെ അഴിമതി ഈ സര്‍ക്കാര്‍ ഒരു വിധത്തിലും വച്ചു പൊറുപ്പിക്കില്ല. അഴിമതി നടത്തുന്നവര്‍ക്ക് ഒരുവിധത്തിലുള്ള സംരക്ഷണവും ഉണ്ടാകില്ല. ഫയലുകള്‍ വച്ച് താമസിപ്പിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. കാലതാമസം വരുത്തുന്നവര്‍ അതിനു മറുപടി നല്‍കേണ്ടിവരും. ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള പ്രവണത ആശാസ്യമല്ല. അണ്ടര്‍ സെക്രട്ടറി തലത്തില്‍ തീര്‍പ്പാക്കേണ്ട വിഷയം ആ തലത്തില്‍ തന്നെ തീരുമാനമാകേണ്ടതാണ്. മുകളിലേയ്ക്ക് ഫയല്‍ തിട്ടിവിടുന്ന രീതി ശരിയല്ല. ഇതു നിരുത്സാഹപ്പെടുത്തേണ്ടതാണ്.

ഈ കുഴപ്പങ്ങള്‍ക്കെല്ലാം ഉത്തരവാദിത്വം ജീവനക്കാര്‍ക്കാണെന്ന അഭിപ്രായവും സര്‍ക്കാരിനില്ല. നമ്മുടെ സംവിധാനത്തെ ആകെതന്നെ ബാധിച്ചിട്ടുള്ള അലസതയും ദുര്‍മേദസും ഒരു പരിധിവരെ ഇതിനെല്ലാം കാരണമാകുന്നുണ്ട്. സെക്രട്ടേറിയറ്റ് മാനുവല്‍, ബിസ്‌നസ് റൂള്‍, ഇന്‍സ്ട്രക്ഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെക്രട്ടേറിയറ്റ് ഭരണം നടക്കുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നാല്‍ ഇവയില്‍ അനുശാസിക്കുന്ന നടപടിക്രമങ്ങളും നിബന്ധനകളും യഥാര്‍ത്ഥരൂപത്തില്‍ നടപ്പിലാവുന്നില്ല. ഇതുകൊണ്ടാണ് സെക്രട്ടേറിയറ്റ് ഭരണം പലപ്പോഴും മന്ദഗതിയിലാവുന്നത്.

ഉന്നത ഉദ്യോഗസ്ഥതലത്തില്‍ ഉണ്ടാകുന്ന ഉത്തരവാദിത്വരാഹിത്യവും മേല്‍ നോട്ടമില്ലായ്മയും സര്‍ക്കാര്‍ ചെറുതായി കാണുന്നില്ല. പേഴ്‌സണല്‍ രജിസ്റ്റര്‍ പരിശോധിക്കാത്ത ഗവണ്‍മെന്റ് സെക്രട്ടറിമാരും സ്റ്റാഫ് മീറ്റിങ്ങ് വിളിച്ചുകൂട്ടി കുടിശ്ശിക ജോലികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ശ്രമിക്കാത്ത വകുപ്പ് സെക്രട്ടറിമാരും കുറ്റകരമായ അലംഭാവമാണ് കാട്ടുന്നത്. സെക്രട്ടറിമാര്‍ ഓഫീസില്‍ ഉണ്ടെങ്കില്‍ ജീവനക്കാരും ഓഫീസിലുണ്ടാവും. ഇക്കാര്യത്തിലും സര്‍ക്കാരിന്റെ കര്‍ശനമായ മേല്‍നോട്ടമുണ്ടാകും.

ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സിവില്‍ സര്‍വീസ് നവീകരിക്കുന്നതിന് ഗവണ്‍മെന്റ് പ്രാധാന്യം നല്‍കുന്നതാണ്. ഇ- ഗവേണന്‍സ്, ഇ-ഫയലിങ് മുതലായവയുടെ പോരായ്മകള്‍ പരിഹരിച്ച് കുറ്റമറ്റതാക്കാന്‍ ശ്രമിക്കും. കാലഹരണപ്പെട്ട ചട്ടങ്ങളും നിയമങ്ങളും ഒഴിവാക്കാനും കാലോചിതമായി പരിഷ്‌ക്കരിക്കാനും ശ്രമം ഉണ്ടാകും. ലഘുവായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഓഫീസുകള്‍ ഇ-ഫയലിങ്ങിലൂടെ പേപ്പര്‍ രഹിതമാക്കുന്നുണ്ട്. എന്നാല്‍ ബൃഹത്തായ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന സെക്രട്ടേറിയറ്റ് സര്‍വ്വീസ് അത്തരത്തില്‍ മാറ്റാന്‍ കഴിയില്ലെന്ന ആശങ്ക ചിലര്‍ക്കെങ്കിലുമുണ്ട്. സര്‍ക്കാര്‍ ഇത് പരിശോധിച്ച് ബദല്‍മാര്‍ഗ്ഗങ്ങള്‍ തേടുന്നതാണ്.

ജീവനക്കാരോട് യാതൊരു പ്രതികാര നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുകയില്ല. ജീവനക്കാരോടുള്ള സമീപനത്തില്‍ രാഷ്ട്രീയമുണ്ടാവില്ല. സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജീവനക്കാരെ ഡിസ്മിസ്സ് ചെയ്തിട്ടുള്ള ചരിത്രം കേരളത്തിലുണ്ട്. പക്ഷെ ഈ ഗവണ്‍മെന്റ് അത്തരം സമീപനം സ്വീകരിക്കുകയില്ല. എന്നാല്‍ ഫയല്‍ താമസിപ്പിക്കുന്നവരെയും അകാരണമായ കാലതാമസത്തിലൂടെ ജനങ്ങളെ ദ്രോഹിക്കുന്നവരെയും സര്‍ക്കാര്‍ സഹായിക്കുകയില്ല.

മറ്റൊരു പ്രധാനകാര്യം സെക്രട്ടേറിയറ്റിലെ സന്ദര്‍ശന സമയമാണ്. ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത് മൂന്ന് മണിക്ക് ശേഷം ആണ്. വടക്കന്‍ ജില്ലകളില്‍ നിന്ന് വരുന്ന നിരവധി പൊതുജനങ്ങള്‍ക്ക് ഇതുമൂലം പ്രയാസങ്ങളുണ്ടാവുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്‌നങ്ങള്‍ പരിശോധിച്ചതിനുശേഷം സന്ദര്‍ശന സമയം പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതാണ്. സന്ദര്‍ശന സമയത്ത് ഔദ്യോഗിക ചര്‍ച്ചകളും മീറ്റിംഗുകളും പരമാവധി ഒഴിവാക്കാന്‍ ഉന്നത ഉദ്യോഗസ്ഥരും ശ്രദ്ധിക്കേണ്ടതാണ്.

അഴിമതി രഹിതവും സുതാര്യവുമായ ഒരു നവകേരളം കെട്ടിപ്പടുക്കുന്നതിന് നിങ്ങളുടെയെല്ലാം കലവറയില്ലാത്ത പിന്‍തുണ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഔദ്യോഗിക ജോലിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എപ്പോഴും സന്നദ്ധമാണ് എന്നുകൂടി പറയട്ടെ.


Keywords : Pinarayi vijayan, Chief Minister, Kerala, Secretariat.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia