ലെനിനേയും ഷേക് സ്പിയറേയും അനുസ്മരിച്ച് മുഖ്യമന്ത്രി; പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനത്തിലെ പ്രസക്തഭാഗങ്ങള്‍

 


തിരുവനന്തപുരം: (www.kvartha.com 22.04.2020) സംസ്ഥാനത്ത് ബുധനാഴ്ച 11 പേര്‍ക്കാണ് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കണ്ണൂര്‍ 7, കോഴിക്കോട് 2, കോട്ടയം, മലപ്പുറം ഒന്നുവീതം എന്നിങ്ങനെയാണ് ബുധനാഴ്ച ഫലം പോസിറ്റീവായത്. ഒരാളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. അത് പാലക്കാടാണ്. ഇതുവരെ 437 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 127 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് 29,150 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 28,804 പേര്‍ വീടുകളിലും 346 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 20,821 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 19,998 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ലെനിനേയും ഷേക് സ്പിയറേയും അനുസ്മരിച്ച് മുഖ്യമന്ത്രി; പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനത്തിലെ പ്രസക്തഭാഗങ്ങള്‍

ബുധനാഴ്ച പോസിറ്റീവായ 11 കേസുകളില്‍ മൂന്നെണ്ണം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതാണ്. വിദേശത്തുനിന്ന് വന്നവര്‍ അഞ്ച്. കോഴിക്കോട് ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ കണ്ണൂര്‍ ജില്ലക്കാരനാണ്. അവര്‍ ഇരുവരും കേരളത്തിനു പുറത്തുനിന്ന് ട്രെയിനില്‍ വന്നവരാണ്.

ബുധനാഴ്ച ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കെതിരെയോ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയോ ഉണ്ടാകുന്ന ആക്രമണങ്ങളെ കര്‍ക്കശമായി നേരിടാനും അവരുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള ഈ നിയമത്തെ സ്വാഗതം ചെയ്യുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ള ജില്ലയെന്ന നിലയില്‍ കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. പൊലീസ് പരിശോധനയും ശക്തമാക്കി. ഇതിന് ഫലം കണ്ടിട്ടുണ്ട്. വാഹനങ്ങള്‍ പുറത്തിറങ്ങുന്നതില്‍ കാര്യമായ കുറവുണ്ട്. ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച തദ്ദേശസ്ഥാപന പരിധിയിലെ പ്രദേശങ്ങള്‍ പൂര്‍ണമായി സീല്‍ ചെയ്തു. നിയന്ത്രണം ലംഘിച്ച് നിരത്തലിറങ്ങിയതിന് ചൊവ്വാഴ്ച 437 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

347 വാഹനങ്ങള്‍ പിടിച്ചെടുത്തു. ജില്ലയിലെ സ്ഥിതിയുടെ തീവ്രത കണക്കിലെടുത്ത് ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിലും ജനങ്ങള്‍ പരമാവധി പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയണമെന്ന് അഭ്യര്‍ഥിക്കുകയാണ്. അവശ്യ വസ്തുക്കള്‍ ഹോം ഡെലിവെറിയായി എത്തിക്കുന്ന രീതി ജില്ല മുഴുവന്‍ വ്യാപിപ്പിക്കും. ഹെല്‍ത്ത് സ്റ്റാഫിനെ പൊലീസ് തടയുന്നതായി പരാതി വന്നിട്ടുണ്ട്. അത് ഒഴിവാക്കണം.

കോവിഡ്-19ന്‍റെ പൊട്ടിപ്പുറപ്പെടല്‍ ദേശീയ-സംസ്ഥാന സാമ്പത്തിക രംഗങ്ങളില്‍ കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. ദേശീയ സമ്പദ് വ്യവസ്ഥ സാരമായ വളര്‍ച്ചാ മാന്ദ്യം നേരിടുന്ന ഘട്ടത്തിലാണ് കോവിഡ് 19ന്‍റെ തുടക്കം. 8-9 ശതമാനം വളര്‍ച്ചയുണ്ടായിരുന്ന സമ്പദ്ഘടനയുടെ വളര്‍ച്ച 5 ശതമാനത്തില്‍ താഴെ എത്തിനില്‍ക്കുമ്പോഴാണ് ഈ മഹാമാരി പ്രത്യക്ഷപ്പെടുന്നത്.

ഈ ദേശീയ സാഹചര്യത്തിലാണ് കേരളം പോലൊരു സംസ്ഥാനം പശ്ചാത്തല സൗകര്യവികസനവും സാമൂഹ്യമേഖലയിലെ ഇടപെടലും ശ്രദ്ധേയമാക്കിക്കൊണ്ട് സാമ്പത്തിക വളര്‍ച്ച 7.5 ശതമാനത്തില്‍ നിലനിര്‍ത്തിയത്. രണ്ട് പ്രകൃതി ദുരന്തങ്ങള്‍ക്കിടയിലാണ് ഈ വളര്‍ച്ച കൈവരിച്ചത് എന്നത് മറന്നുകൂടാ. സംസ്ഥാനത്തിന്‍റെ പൊതു ധനകാര്യ രംഗത്ത് ഞെരുക്കം അനുഭവപ്പെട്ടെങ്കിലും സാമൂഹ്യക്ഷേമ ചെലവുകളില്‍ നിന്നും സര്‍ക്കാര്‍ ഒട്ടും പിന്നോട്ടുപോയിട്ടില്ല. എന്നാല്‍, കോവിഡ്-19 സംസ്ഥാനത്തെ സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയിട്ടുള്ളത്.

1. ഉപഭോക്തൃ സംസ്ഥാനമായുള്ള കേരളം നിര്‍മാണമേഖലയിലും ടൂറിസം മേഖലയിലും നേടിയ വളര്‍ച്ച പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന്‍റെ പിന്‍ബലത്തോടുകൂടിയുള്ള വാങ്ങല്‍ ശേഷിയാണ്. ഇതിന് ഗണ്യമായ ഇടിവു വന്നു.

2. സംസ്ഥാനത്തിന്‍റെ തനത് നികുതിവരുമാനം ഏതാണ്ട് നിലച്ച അവസ്ഥയിലാണ്. ലോക്ക്ഡൗണാണ് ഇതിന്‍റെ ഒരു കാരണം.

3. ചെലവുകളുടെ കാര്യത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടാകുന്നത്. ആരോഗ്യ, ഭക്ഷ്യസുരക്ഷാ മേഖലയില്‍ സര്‍ക്കാരിന് പ്രതിജ്ഞാബദ്ധമായ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള ചെലവുകള്‍ ഒഴിവാക്കാനാവുന്നതല്ല.

4. മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവനകള്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) ചെലവുകളുടെ ഭാഗമായി കൂട്ടാന്‍ കഴിയണം എന്ന നമ്മുടെ ആവശ്യവും നിരാകരിക്കപ്പെട്ടിരിക്കുന്നു. ഇത്തരം കനത്ത വെല്ലുവിളികളാണ് നാം നേരിടുന്നത്.

കോവിഡ്-19 ബാധയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളും വരാനിരിക്കുന്ന പ്രത്യാഘാതങ്ങളും കൃത്യമായി കണക്കാക്കിയിട്ടില്ല. അതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും. എന്ത് പ്രശ്നങ്ങളുണ്ടായാലും നമുക്ക് മുന്നോട്ടുപോകാതിരിക്കാനാവില്ല. ഈ ഘട്ടത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് നാടിന്‍റെ നാനാഭാഗങ്ങളില്‍നിന്നും എല്ലാ പ്രയാസങ്ങളും സഹിച്ച് സംഭാവന നല്‍കാന്‍ എല്ലാ ജനവിഭാഗങ്ങളും മുന്നോട്ടുവരുന്നു എന്നത് ആശ്വാസകരമായ സംഗതിയാണ്.

കൈനീട്ടമായി കിട്ടിയ നാണയത്തുട്ട് മുതല്‍ മാസവരുമാനം വരെ സംഭാവന നല്‍കാന്‍ തയ്യാറാകുന്ന വ്യക്തികളുണ്ട്. ക്ഷേമ പെന്‍ഷനില്‍ ഒരു പങ്ക് തരുന്നവരുണ്ട്. ഭക്ഷണച്ചെലവില്‍നിന്ന് ഒരു വിഹിതം മാറ്റിവെച്ച് സംഭാവന നല്‍കാന്‍ തയ്യാറാകുന്ന അവശ ജനങ്ങളുണ്ട്. പ്രവാസി മലയാളികള്‍ പ്രതിസന്ധി ഘട്ടത്തിലും സഹായത്തിനായി എത്തുകയാണ്.

നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അവരുടെ സംഘടനകളും വലിയതോതില്‍ സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കാന്‍ തയ്യാറായിട്ടുണ്ട്. അഭിമുഖീകരിക്കുന്ന വെല്ലുവിളി ചെറുതല്ല എന്നതുകൊണ്ട് ജീവനക്കാരുടെ ഉദാരമായ സഹായവും സഹകരണവും സര്‍ക്കാര്‍ പ്രതീക്ഷിക്കുകയാണ്.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഒരു ഭാഗം താല്‍ക്കാലികമായി മാറ്റിവെക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഒരു മാസത്തെ ശമ്പളമാണ് മാറ്റിവെക്കുക. മാസത്തില്‍ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചുമാസത്തേക്ക് ഇത്തരത്തില്‍ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.

പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, സര്‍ക്കാരിന്‍റെ ഗ്രാന്‍റോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഇതു ബാധകമാണ്. 20,000 രൂപയില്‍ താഴെ ശമ്പളമുള്ളവരെ ഇതില്‍ നിന്നും ഒഴിവാക്കും. മന്ത്രിമാര്‍, എംഎല്‍എമാര്‍, ബോര്‍ഡംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരുടെ ശമ്പളം/ഓണറേറിയത്തിന്‍റെ 30 ശതമാനം ഓരോ മാസവും കുറവ് ചെയ്യുന്ന നില ഒരു വര്‍ഷത്തേക്ക് സ്വീകരിക്കും.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയ ഡ്യൂട്ടിയിലായതിനാല്‍ ആശാവര്‍ക്കര്‍മാര്‍ക്ക് 2020 മാര്‍ച്ച് മുതല്‍ മേയ് വരെ നിബന്ധനകള്‍ പരിശോധിക്കാതെ ഹോണറേറിയവും നിശ്ചിത ഇന്‍സന്‍റീവും നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ മാര്‍ച്ച് മുതല്‍ കോവിഡ് കാലയളവില്‍ അധിക ഇന്‍സെന്‍റീവായി പ്രതിമാസം 1000 രൂപ നല്‍കും. സംസ്ഥാനത്തുള്ള 26,475 ആശ വര്‍ക്കര്‍മാര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

കോവിഡ് കാലത്ത് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രത്യേക ചുമതലകളാണ് ആശാ വര്‍ക്കര്‍മാര്‍ നിര്‍വഹിക്കുന്നത്. വിദേശത്തു നിന്ന് വന്നവരുടേയും കോവിഡ് ബാധിത സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടേയും ലിസ്റ്റ് തയ്യാറാക്കുക, 60 വയസിന് മുകളില്‍ പ്രായമുള്ളവരുടേയും ജീവിതശൈലി രോഗമുള്ളവരുടേയും ലിസ്റ്റ് തയ്യാറാക്കി ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക തുടങ്ങിയ സേവനങ്ങള്‍ ആശാവര്‍ക്കര്‍മാരാണ് ചെയ്യുന്നത്.

അവരെ പ്രത്യേകം അഭിനന്ദിക്കാന്‍ കൂടി ഈ അവസരം ഉപയോഗിക്കുന്നു. നിരോധനത്തിന്‍റെ പശ്ചാത്തലത്തില്‍ മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ ആളുകള്‍ കേരളത്തിലേക്കും തിരിച്ചും കടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ കടന്നുകയറ്റം പൂര്‍ണമായും തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ചു.

ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാത്തരം വാഹനങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്. കണ്ടെയ്നര്‍ ലോറികളും അടച്ചുപൂട്ടിയ വാഹനങ്ങളും മുഴുവനായി തുറന്നുപരിശോധിച്ച് യാത്രക്കാര്‍ അകത്തില്ലെന്നു ഉറപ്പാക്കുന്നുണ്ട്. ഊടുവഴികളിലൂടെ ജനങ്ങള്‍ അതിര്‍ത്തി കടക്കുന്നില്ലെന്നു ഉറപ്പുവരുത്തുന്നതിനായി അതിര്‍ത്തികളോട് ചേര്‍ന്ന പൊലീസ് സ്റ്റേഷനുകളുടെ കീഴില്‍ ബൈക്ക് പട്രോള്‍ സംവിധാനം ഊര്‍ജിതപ്പെടുത്തി.

സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെയും എസ്ഐമാരുടെയും നേതൃത്വത്തില്‍ 24 മണിക്കൂറും മൊബൈല്‍ പട്രോള്‍ സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. അതിര്‍ത്തി പങ്കിടുന്ന പ്രധാന കേന്ദ്രങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും അവിടത്തെ പരിശോധന ഉറപ്പാക്കുന്നതിന് ഡിവൈഎസ്പി തലത്തിലെ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

അവിടങ്ങളില്‍ നിശ്ചിത പ്രവേശന കവാടങ്ങള്‍ മാത്രം അനുവദിക്കും. അനധികൃതമായി കടന്നുവരുന്നവര്‍ക്ക് കര്‍ശനമായ നിയമനടപടി നേരിടേണ്ടിവരും. പ്രദേശവാസികളല്ലാത്ത ആരെയും അതിര്‍ത്തികളില്‍ അനുവദിക്കില്ല. ചില ജില്ലകളിലൊഴികെ വാഹനഗതാഗതം വലിയതോതില്‍ ഉണ്ടാകുന്നു എന്ന റിപ്പോര്‍ട്ടുണ്ട്. ഇത് ഗൗരവമായി കാണുകയും നിയന്ത്രിക്കുകയും ചെയ്യണം.

തുറക്കുന്ന കടകളില്‍ ശാരീരിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടുന്നു എന്ന വിവരവും ലഭിക്കുന്നു. ഇത് രണ്ടും ശക്തമായി തടയും. ഐഡി കാര്‍ഡുകളുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍വിരുദ്ധ സമരത്തില്‍ പങ്കെടുത്തതായി ഒരിടത്തുനിന്ന് വാര്‍ത്ത വന്നു. ഈ ഘട്ടത്തില്‍ അങ്ങനെ ചെയ്യുന്നതോടെ അവര്‍ അയോഗ്യരാവും.

മുംബൈ ജസ്ലോക് ആശുപത്രിയില്‍ 27 സ്റ്റാഫ് നഴ്സുമാര്‍ക്ക് ഏപ്രില്‍ 17ന് കോവിഡ് സ്ഥിരീകരിച്ചു. യാതൊരു അടിസ്ഥാന സൗകര്യവും സുരക്ഷാ സംവിധാനങ്ങളും ഒരുക്കാതെയാണ് രോഗികളായ ഇവരെ പാര്‍പ്പിച്ചിട്ടുള്ളത് എന്ന പരാതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യം മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തും.

ചിലയിടങ്ങളില്‍ വേനല്‍ മഴയെത്തുടര്‍ന്ന് പകര്‍ച്ചപ്പനികള്‍ വരാനിടയുണ്ട്. ഈ സാഹചര്യത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും നേരത്തെ തന്നെ ആസൂത്രണം ചെയ്തിട്ടുണ്ട്. അത് ഊജിതമായി നടത്തും. മൃഗസംരക്ഷണം-മത്സ്യബന്ധനം ഇന്ന് ലോക ഭൗമ ദിനമാണ്.

അരനൂറ്റാണ്ട് മുന്‍പാണ് ഭൗമ ദിനം ആചരിച്ചു തുടങ്ങിയത്. ജീവജാലങ്ങളുടെ സാന്നിധ്യമാണ് ഭൂമിയെ മറ്റു ഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ആ ജീവജാലങ്ങളില്‍ ഏറ്റവും ഉല്‍കൃഷ്ടമായ സാന്നിധ്യമാണ് മനുഷ്യന്‍. ഭൂമിയുടെ സംരക്ഷണം എന്നത് മനുഷ്യരാശിയുടെ നിലനില്‍പ്പിന്‍റെ സംരക്ഷണം കൂടിയാകുന്നു.

കോവിഡ് 19 എന്ന മഹാമാരി മനുഷ്യരാശിയെ മാരകമായി ആക്രമിച്ചു കൊണ്ടിരിക്കുന്ന വേളയിലാണ് ഇത്തവണത്തെ ഭൗമ ദിനാചരണം. അത് കണ്ടുകൊണ്ടാണ്, കാര്‍ഷിക രംഗത്തുള്ള ഇടപെടലിന് ഈ ഭൗമ ദിനത്തില്‍ നാം പ്രാധാന്യം നല്‍കുന്നത്. കാര്‍ഷിക മേഖലയില്‍ വലിയ പരിവര്‍ത്തനമുണ്ടാക്കി നമ്മുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കൃഷി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കാനും സര്‍ക്കാര്‍ വലിയൊരു കര്‍മ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി ഇന്നലെ പറഞ്ഞിരുന്നുവല്ലോ.

അടിയന്തരമായി ഈ ബൃഹദ് പദ്ധതിക്ക് രൂപം നല്‍കാന്‍ ഇന്ന് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേരുകയുണ്ടായി. ഒരാഴ്ചയ്ക്കകം പദ്ധതിക്ക് രൂപം നല്‍കാനാണ് തീരുമാനം. അടുത്ത ബുധനാഴ്ച വീണ്ടും യോഗം ചേര്‍ന്ന് കര്‍മ പദ്ധതിക്ക് അവസാന രൂപം നല്‍കും. ഇതു നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കാലവര്‍ഷത്തിനു മുമ്പു തന്നെ ആരംഭിക്കും.

യോഗത്തില്‍ കൃഷി, ജലസേചനം, തദ്ദേശസ്വയംഭരണം, ക്ഷീര വികസനം എന്നീ വകുപ്പ് മന്ത്രിമാരും, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനും പങ്കെടുത്തിരുന്നു. തരിശുനിലങ്ങളില്‍ പൂര്‍ണമായും കൃഷിയിറക്കുക എന്നതാണ് ഇതില്‍ മുഖ്യമായി കാണുന്നത്. ഓരോ പഞ്ചായത്തിലും തരിശിട്ട സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് കൃത്യമായി കണ്ടെത്തും. ഭൂമിയുടെ ഉടമകളുമായി ചര്‍ച്ച ചെയ്ത് സമവായത്തിലൂടെയാണ് കൃഷിയിറക്കുക.

ഉടമകള്‍ കൃഷിയിറക്കാന്‍ തയ്യാറാവുന്നുണ്ടെങ്കില്‍ വളരെ സന്തോഷം. കൃഷി വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നത് പ്രധാനമാണെന്ന് കണ്ടിട്ടുണ്ട്. അതോടൊപ്പം, ജലസേചനം, ക്ഷീര വികസനം, സഹകരണ വകുപ്പുകള്‍ കൂടി ഇതില്‍ പങ്കാളികളാകണം.

കൃഷിയുടെ പരമ്പരാഗത സങ്കേതങ്ങളില്‍ കടിച്ചുതൂങ്ങാതെ പുതിയ സാധ്യതകളിലേക്ക് തിരിയേണ്ടതുണ്ട്. മണ്ണില്‍ മാത്രമാണ് കൃഷി എന്ന സങ്കല്‍പം മാറിക്കഴിഞ്ഞു. വെള്ളത്തിലും മട്ടുപ്പാവിലും ഗ്രോ ബാഗുകളിലും സമൃദ്ധമായ വിള ലഭിക്കുന്ന കൃഷി രീതികളുണ്ട്. മത്സ്യകൃഷി കായലിലും കൃത്രിമ ജലാശയങ്ങളിലും മാത്രമല്ല, കടലില്‍ തന്നെ ചെയ്യാവുന്ന സാങ്കേതിക വിദ്യയും രീതിയും നമുക്ക് മുന്നിലുണ്ട്.

കന്നുകാലി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, പന്നി, ആട്, പോത്ത് വളര്‍ത്തല്‍, മത്സ്യകൃഷി, അതിന്‍റെ വൈവിധ്യവല്‍ക്കരണം എന്നിവയ്ക്ക് മുന്തിയ പ്രാധാന്യം നല്‍കി നമ്മുടെ ഭാവി പ്രതിസന്ധി മറികടക്കാനുള്ള പദ്ധതി ആവിഷ്കരിക്കും. നമ്മുടെ എല്ലാ പരിമിതികളും നിലനില്‍ക്കുമ്പോള്‍ തന്നെ ഭാവിയിലെ പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ എന്ത് ചെയ്യാനാകും എന്ന ആലോചനയാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിന്‍റെ ഭാഗമായി മൃഗസംരക്ഷണ, മത്സ്യ മേഖലകളില്‍ ഒരു കര്‍മ്മ പദ്ധതി ആലോചിക്കുകയാണ്.

1. മുട്ട, മാംസം തുടങ്ങിയവയുടെ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടുന്നതിന് നടപടി സ്വീകരിക്കും. സംസ്ഥാനത്ത് പ്രതിദിനം 75 ലക്ഷം അധികം മുട്ട ഉല്‍പാദിപ്പിക്കുന്നത്തിനുള്ള സൗകര്യങ്ങളും സഹായവും ഒരുക്കും. ഒരു വീട്ടില്‍ 5 കോഴിയെയെങ്കിലും വളര്‍ത്തുന്നതിന് സാധാരണനിലയില്‍ ഒരു പ്രയാസവുമില്ല.

2. സഹകരണ സംഘങ്ങള്‍ മുഖേന കാര്‍ഷികരംഗത്ത് പുതിയ ദൗത്യങ്ങള്‍ക്ക് ആവശ്യമായ വായ്പ ലഭ്യമാക്കുന്നതിന് വിപുലമായ പദ്ധതി നടപ്പാക്കും. ഇതിനായി നബാര്‍ഡിന്‍റെ സഹായം തേടും.

3. ഒരു കുടുംബത്തില്‍ ഒന്നോ രണ്ടോ രണ്ട് പശുക്കളെ വളര്‍ത്താനുള്ള പദ്ധതി ആരംഭിക്കും. പഞ്ചായത്ത് തലത്തില്‍ അഞ്ച്-പത്ത് പശുക്കളെ വളര്‍ത്തുന്ന ഫാമുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന തുടങ്ങും.

4. കേരള ചിക്കന്‍ പദ്ധതി സംസ്ഥാന വ്യാപകമാക്കും. കോഴിയിറച്ചിയുടെ ലഭ്യതയും വിലസ്ഥിരതയും ഇതിലൂടെ ഉറപ്പാക്കാന്‍ കഴിയും. ഈ വര്‍ഷം 200 ഔട്ട്ലെറ്റുകള്‍ തുടങ്ങും. കുടുംബശ്രീക്ക് സ്വന്തമായി ഇറച്ചിക്കോഴി സംസ്കരണത്തിന് പ്ലാന്‍റ് അടിയന്തരമായി പൂര്‍ത്തിയാക്കും.

5. ക്ഷീര രംഗത്തെ പ്രധാന പ്രശ്നം അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പാലുല്‍പാദനം വലിയതോതില്‍ വര്‍ധിച്ചാല്‍ അധികം വരുന്ന പാല്‍ എന്ത് ചെയ്യണം എന്നതാണ്. ഇപ്പോള്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും പാല്‍ കൊണ്ടുപോയി പാല്‍പ്പൊടിയാക്കി മാറ്റുന്നുണ്ട്. ഇതിന് ലിറ്റര്‍ ഒന്നിന് 10 രൂപ അധിക ചെലവു വരുന്നു.

ഇതൊഴിവാക്കാന്‍ മിച്ചം വരുന്ന പാല്‍ പാല്‍പ്പൊടിയോ ബാഷ്പീകരിച്ച പാലോ ആയി പരിവര്‍ത്തനം ചെയ്ത് സംഭരിക്കേണ്ടതുണ്ട്. ഇതിനായി സംസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടു കൂടിയ പാല്‍പ്പൊടി പ്ലാന്‍റ് സ്ഥാപിക്കും. അതോടൊപ്പം ഒരു ബാഷ്പീകരണ പ്ലാന്‍റും സ്ഥാപിക്കാന്‍ ആലോചിക്കുന്നു. ഇതിനുള്ള സാധ്യതാ പഠനം നടത്തും.

6. പാലില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളായ ചീസ്, കട്ടിത്തൈര് തുടങ്ങിയവയുടെ ഉല്‍പാദനം വര്‍ധിപ്പിക്കും. നിലവിലുള്ള ഡയറി പ്ലാന്‍റുകളില്‍ ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം നടത്തും. ക്ഷീര സഹകരണ സംഘങ്ങള്‍ നവീകരിക്കും. കറവയന്ത്രങ്ങള്‍ക്കുള്ള സബ്സിഡി വര്‍ധിപ്പിക്കും. 15,000 ഏക്കര്‍ സ്ഥലം കണ്ടുപിടിച്ച് സമയബന്ധിതമായി കാലിത്തീറ്റ കൃഷി വ്യാപിപ്പിക്കും.

7. മത്സ്യമേഖലയ്ക്ക് സമഗ്രമായ സാമ്പത്തിക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് കേരളത്തിന് ആവശ്യം. വിശദമായി ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്‍റെ മുന്നില്‍ അവതരിപ്പിക്കും.

8. കോവിഡിനു ശേഷമുള്ള ഘട്ടത്തില്‍ അതിജീവനത്തിനായി മത്സ്യബന്ധന മേഖലയില്‍ അടിയന്തര പുനരുജ്ജീവന നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ബദല്‍ ഉപജീവനമാര്‍ഗം നല്‍കുന്നതിന് പ്രാമുഖ്യം നല്‍കും.

9. മത്സ്യം, പാല്‍, മുട്ട മേഖലകളിലെ വിതരണ ശൃംഖലകളുടെ നവീകരണം ഏറ്റെടുക്കും. മത്സ്യ വിതരണശൃംഖല പരിഷ്കരിക്കുന്നതിന് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തും.

10. സംസ്ഥാനത്തെ വലിയ ജലാശയങ്ങള്‍ ഉള്‍നാടന്‍ മത്സ്യകൃഷിക്ക് കീഴില്‍ കൊണ്ടുവരും. അവയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹായത്തോടെ മത്സ്യ കൃഷി വ്യാപിപ്പിക്കും. മത്സ്യകുഞ്ഞുങ്ങളെ പൊതു ജലാശയത്തില്‍ നിക്ഷേപിക്കും. ഉപയോഗശൂന്യമായി കിടക്കുന്ന കുളങ്ങള്‍ നിശ്ചിത വര്‍ഷത്തേക്ക് പ്രത്യേക വ്യവസ്ഥയില്‍ മത്സ്യകൃഷിക്ക് ഉപയോഗയോഗ്യമാക്കുന്ന കാര്യം പരിഗണിക്കും. സ്വകാര്യ മത്സ്യ വളര്‍ത്തല്‍ കേന്ദ്രങ്ങളും ഇതോടൊപ്പം ആരംഭിക്കും.

11. മത്സ്യമേഖലയിലെ സ്ഥാപന വായ്പ വര്‍ധിപ്പിക്കുന്നതിനായി പുതിയ വായ്പാനയം രൂപീകരിക്കും. ഉള്‍നാടന്‍ മത്സ്യബന്ധനം ഉള്‍പ്പെടെയുള്ള മത്സ്യമേഖലയുടെ വായ്പാ ആവശ്യങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സംവിധാനമുണ്ടാക്കും.

12. മത്സ്യം കടലില്‍ എവിടെ കണ്ടെത്താം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളുടെ അഭാവം ആഴക്കടല്‍ മത്സ്യബന്ധനത്തിന് തടസ്സമാകുന്നു. മത്സ്യബന്ധനത്തിലേര്‍പ്പെടുന്നുവര്‍ക്ക് വിവരങ്ങള്‍ യഥാവിധി എത്തിക്കുന്നതിന് സാങ്കേതിക സംവിധാനം ഉണ്ടാക്കും.

13. ഗുണനിലവാരമുള്ള മത്സ്യവിത്ത് ഉല്‍പാദനം ശക്തിപ്പെടുത്തും. ശുദ്ധജല ചെമ്മീന്‍, ഉപ്പുവെള്ള ചെമ്മീന്‍, കല്ലുമ്മേക്കായ്, ചിപ്പി, ഞണ്ട് എന്നിവയുടെ വിത്തുല്‍പാദനത്തിന് പ്രത്യേക ശ്രദ്ധ നല്‍കും.

14. നമുക്ക് ഏറെ പരിചയമില്ലാത്തതാണ് കടല്‍ മത്സ്യകൃഷി. ഇത് ഇന്ത്യന്‍ സമുദ്ര മത്സ്യബന്ധനത്തിന്‍റെ ഭാവി എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്. ഇതിന്‍റെ സാധ്യത പരിശോധിക്കാനും കടല്‍ത്തീര പ്രദേശങ്ങളില്‍ ഉപ്പുവെള്ളത്തിലെ കൃഷി വിപുലീകരിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.

15. അലങ്കാര മത്സ്യമേഖലയിലെ സാധ്യത കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനൊപ്പം തദ്ദേശീയ അലങ്കാര മത്സ്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കും.

16. കരിമീന്‍ ഉള്‍പ്പെടെയുള്ള ഫിന്‍ഫിഷ് കൃഷി വാണിജ്യാധിഷ്ഠിത ഉല്‍പാദനത്തിന് ഉതകുന്ന വിധം വര്‍ധിപ്പിക്കും. ഇതിനുവേണ്ട വിത്തുകളുടെ വിതരണവും ഫലപ്രദമാക്കും. വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കുള്ള ഉപജീവന സഹായപദ്ധതിയായി ഇതും ചിപ്പികൃഷിയും വ്യാപകമാക്കാനാണ് ഉദ്ദേശിക്കുന്നത്.

17. രോഗപ്രതിരോധ ശേഷിയും അതിവേഗ വളര്‍ച്ചയും കൂടുതല്‍ വാണിജ്യസാധ്യതയുമുള്ള വനാമി ചെമ്മീന്‍ കൃഷി വ്യാപകമാക്കാനുള്ള മുന്‍ തീരുമാനം നടപ്പാക്കും. ഇതിലൂടെ ചെമ്മീന്‍ കൃഷിയില്‍ സമീപകാലത്തുണ്ടായ തിരിച്ചടി അതിജീവിക്കാന്‍ കഴിയും എന്നാണ് കരുതുന്നത്.

18. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്യാത്ത ജലാശയങ്ങളില്‍ വര്‍ഷം മുഴുവന്‍ ചെമ്മീന്‍ കൃഷി നടത്താന്‍ സൗകര്യമൊരുക്കുന്നത് ആലോചിക്കും. നാളെ ഏപ്രില്‍ 23 ലോക പുസ്തക ദിനമാണ്. വില്ല്യം ഷേക്സ്പിയറുടെ ജന്‍മദിനവുമാണ് (ഷേക്സ്പിയര്‍ ജനിച്ചതും മരിച്ചതും ഏപ്രില്‍ 23നാണ്). പുസ്തകദിനത്തിന് മുന്നോടിയായി ഇന്ന് വളരെ പ്രത്യേകതയുള്ള മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.

കോവിഡ് കാലത്ത് കുട്ടികള്‍ എഴുതിയ കഥകളുടെയും കവിതകളുടെയും ലേഖനങ്ങളുടെയും സമാഹാരങ്ങളാണ് ഈ മൂന്നു പുസ്തകങ്ങള്‍. കുട്ടികള്‍ക്ക് ലോക്ക്ഡൗണ്‍ കാലം സര്‍ഗാത്മകമായി ഉപയോഗിക്കാന്‍ പ്രേരണ നല്‍കിയത് നമ്മുടെ വിദ്യാഭ്യാസ വകുപ്പാണ്.

ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അത് ലെനിന്‍റെ 150-ാം ജډദിനമാണ്. ലെനിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നതിന് ഒരു സാംഗത്യമുണ്ട്. മനുഷ്യരാശി കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു സ്പാനിഷ് ഫ്ളൂ എന്നറിയപ്പെട്ട 1918ലെ ഇന്‍ഫ്ളൂവന്‍സ. ലോകവ്യാപകമായി 50 ദശലക്ഷം പേരാണ് അതില്‍പ്പെട്ട് മരിച്ചത്.

അന്ന് മഹാമാരിയെ ചെറുക്കുന്നതിനേക്കാള്‍ പല രാജ്യങ്ങളും പ്രാധാന്യം കല്‍പ്പിച്ചത് ഒന്നാം ലോകമഹായുദ്ധം മുന്നോട്ടുകൊണ്ടുപോകുന്നതിനായിരുന്നു. ആ ഘട്ടത്തില്‍ ലെനിനാണ് ശത്രുത അവസാനിപ്പിക്കുക എന്ന അന്താരാഷ്ട്ര ആഹ്വാനം നടത്തിയത്. എന്നാല്‍, ലെനിന്‍റെ ആഹ്വാനത്തെ ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയും ഒരു വശത്തും ജര്‍മ്മനിയും സഖ്യകക്ഷികളും മറുവശത്തും അവഗണിച്ചു തള്ളി.

ലെനിന്‍റെ ആഹ്വാനപ്രകാരം യുദ്ധത്തെക്കാള്‍ പ്രാധാന്യം മഹാമാരിയെ നേരിടുന്നതിന് നല്‍കിയിരുന്നെങ്കില്‍ പതിനായിരക്കണക്കിന് സൈനികരടക്കമുള്ളവര്‍ ആ രോഗംമൂലം മരിച്ചുവീഴുമായിരുന്നില്ല. ആ ചരിത്രസംഭവം ലെനിന്‍റെ ഓര്‍മ്മദിനത്തില്‍ നമുക്ക് വലിയൊരു പാഠം നല്‍കുന്നുണ്ട്.

അത് മറ്റെന്തിനേക്കാളുമുപരിയായി കോവിഡ്-19 എന്ന ഇന്നത്തെ മഹാമാരിയെ നേരിടുന്നതിലാവണം നമ്മുടെ ശ്രദ്ധ. മനുഷ്യരാശിയെ സ്നേഹിക്കുന്ന ആരും തന്നെ ഈ ശ്രദ്ധയെ ക്ഷീണിപ്പിക്കുകയോ മറ്റൊരു വഴിക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുകയോ ചെയ്യില്ല. ഒറ്റക്കെട്ടായി നിന്ന് രോഗത്തെ അതിജീവിക്കാനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുകയേയുള്ളൂ. വഴിതിരിച്ചുവിടല്‍ ശ്രമങ്ങള്‍ ഈ പോരാട്ടത്തെ ദുര്‍ബലപ്പെടുത്താനേ ഉപകരിക്കൂ.

അത് മനുഷ്യത്വപരമാണെന്നു പറയാനും കഴിയില്ല. ഷേയ്ക്സ്പിയറിന്‍റെ മറ്റൊരു വാചകമുണ്ട്: 'ബുദ്ധിമാന്മാർ പ്രതികൂല ഘടകങ്ങളുടെ മുമ്പില്‍ കരഞ്ഞുകൊണ്ടിരിക്കുകയല്ല, മറിച്ച് അവയെ മറികടക്കാന്‍ ആവേശപൂര്‍വ്വം ശ്രമിക്കുകയാവും ചെയ്യുക' എന്ന്. ആ വാചകങ്ങള്‍ നമുക്ക് പ്രചോദനകരമാണ്.

വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച മത്സ്യഫെഡ് ഭരണസമിതി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സിഐടിയു തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ സി.കെ.മജീദിന്‍റെ അവയവങ്ങള്‍ ദാനം ചെയ്തു. രണ്ട് കുട്ടികള്‍ക്ക് ഉള്‍പ്പെടെ ആറുപേര്‍ക്കാണ് മജീദിന്‍റെ അവയവങ്ങള്‍ പുതുജീവന്‍ നല്‍കിയത്. കുടുംബത്തിന്‍റെ മഹാമനസ്കതയെ അംഗീകരിക്കുകയും ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.

Keywords:  Chief Minister Press meet Today, Thiruvananthapuram, News, Chief Minister, Pinarayi vijayan, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia