Lok Kerala Sabha | ലോക കേരളസഭ: കേരള ബ്രാന്‍ഡിങിന്റെ ഭാഗമായുള്ള ആദ്യ ഷോ അമേരിക്കയില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി
ലോക കേരളം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിന്റെ ഉദ് ഘാടനവും മുഖ്യമന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു
അകം കേരളവും പുറം കേരളവും തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കാനാവൂ
കേരളീയര്‍ തമ്മിലുള്ള കൂട്ടായ്മകള്‍ വലിയ തോതില്‍ ശക്തിപ്പെടുത്തണം
കൊച്ചി: (KVARTHA) കേരളത്തിന്റെ തനത് കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെയും ബ്രാന്‍ഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോര്‍ത്തിണക്കിയുള്ള ഷോ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് ദിവസം വരെ നീണ്ടുനില്‍ക്കുന്ന അവതരണോത്സവങ്ങളും ശില്‍പ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനു കലാമണ്ഡലം പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആദ്യ ഷോ അമേരിക്കയില്‍ സംഘടിപ്പിക്കും. കേരള കലകള്‍ ഓണ്‍ലൈനായി പഠിക്കുന്നതിന് അവസരവും ഒരുക്കും. നാലാം ലോക കേരള സഭ അവസാനിച്ചപ്പോള്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളാണ് സമ്മേളനത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളതെന്നും എല്ലാ നിര്‍ദ്ദേശങ്ങളുടെയും സാധ്യതകള്‍ പരിശോധിച്ച് സാധ്യമായ തീരുമാനങ്ങളും നടപടികളുമെടുത്ത് മുന്നോട്ടു പോകുമെന്നും ലോക കേരള സഭാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കുടിയേറ്റവും പ്രവാസവും ലോകം മുഴുവന്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള കുടിയേറ്റവും വര്‍ധിക്കാനാണ് സാധ്യത. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ചിതറിക്കിടക്കുന്ന സമൂഹത്തിന് അതിന്റെ സംസ്‌കാരവും അസ്തിത്വവും നിലനിര്‍ത്തി മുന്നോട്ടു പോകേണ്ടതുണ്ട്. അകം കേരളവും പുറം കേരളവും തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കാനാവൂ. കേരളീയര്‍ തമ്മിലുള്ള കൂട്ടായ്മകള്‍ വലിയ തോതില്‍ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളാണ് കൂടുതലും കുടിയേറ്റ തൊഴിലാളികളെ അയയ്ക്കുന്നത്. ഈ രാജ്യങ്ങളുടെ കൂട്ടായ്മ ഉണ്ടാവണം. പരസ്പരം മത്സരിച്ചു തൊഴില്‍ ചൂഷണത്തെ സഹിക്കുന്നതിനു പകരം കുടിയേറ്റ തൊഴിലാളികളോട് കൂടുതല്‍ ന്യായമായ സമീപനം സ്വീകരിക്കാന്‍ ഒരുമിച്ച് ആവശ്യപ്പെടണം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും മുന്‍കൈയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമീപകാലത്തായി ഇന്ത്യ ഒട്ടേറെ വിദേശ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ ഒപ്പിടുന്നുണ്ട്. സമഗ്ര സഹകരണത്തിനുള്ള കരാറുകളില്‍ പലപ്പോഴും കുടിയേറ്റം വിഷയമാകാറില്ല. പ്രധാനപ്പെട്ട ആതിഥേയ രാജ്യങ്ങളുമായി കുടിയേറ്റ തൊഴിലാളി സംരക്ഷണ കരാറുകള്‍ ഒപ്പുവയ്‌ക്കേണ്ടതുണ്ട്. ദീര്‍ഘകാലത്തെ പ്രവാസജീവിതത്തിനു ശേഷം വാര്‍ധക്യം ചിലവഴിക്കാന്‍ കേരളത്തില്‍ തിരിച്ചുവരുന്നവരെയും പ്രവാസികളുടെ വൃദ്ധമാതാപിതാക്കളെയും ഉള്‍ക്കൊള്ളുന്ന സുരക്ഷാ ഭവനങ്ങളും സമുച്ചയങ്ങളും ആരംഭിക്കുന്നതിനുള്ള നിര്‍ദേശം വന്നു. ഈ രംഗത്ത് മൂലധന നിക്ഷേപം നടത്തുന്നതിനുള്ള താത്പര്യവും പ്രതിനിധികള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അത് പരിഗണിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എമിഗ്രേഷന്‍ ആക്ട് 2021 സംബന്ധിച്ച് നേരത്തെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള വിദഗ്ധരും കേരളീയ പ്രവാസത്തിന്റെ അനുഭവ പശ്ചാത്തലത്തില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഈ ലോക കേരളസഭയില്‍ സംഘടിപ്പിച്ച ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആശയങ്ങളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് കേന്ദ്രസര്‍ക്കാരിന് കൈമാറും. പ്രധാന കുടിയേറ്റ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവാസിക്ഷേമത്തിന് ആവശ്യമായ നിയമനിര്‍മ്മാണം ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് പരിഗണിക്കും.
ലോകമെങ്ങുമുള്ള പ്രവാസികള്‍ക്ക് പരസ്പരം ആശയങ്ങള്‍ പങ്കുവെക്കുന്നതിനും ലോക മലയാളികളെ കൂട്ടിയിണക്കുന്നതിനുമാണ് ലോക കേരളം പോര്‍ട്ടല്‍ ആരംഭിച്ചിട്ടുള്ളത്. പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങളില്‍ പരമാവധി മലയാളികളെ ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്. ലോക കേരളസഭയുടെ ഭാഗമായ 103 രാജ്യങ്ങളിലും വിപുലമായ പ്രചാരണം സംഘടിപ്പിച്ച് പരമാവധി മലയാളികളെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കാനും ആശയങ്ങള്‍ കൈമാറാനും പ്രവാസികള്‍ പ്രേരിപ്പിക്കണം.
കേരളത്തില്‍ രൂപപ്പെടുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ആവശ്യമായ മൂലധനം നല്‍കുന്നതിന് പ്രവാസികളായ ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സിന്റെ ഏജന്‍സികള്‍ രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശവും മുന്നോട്ട് വച്ചിട്ടുണ്ട്. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ദേശീയ അന്തര്‍ദേശീയ അംഗീകാരം നേടുന്ന സന്ദര്‍ഭമാണ്. സ്റ്റാര്‍ട്ടപ്പ് മിഷനുമായി ബന്ധപ്പെട്ട് ഈ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ സംരഭകത്വ പ്രോത്സാഹനത്തിന് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കാന്‍ നോര്‍ക്കാ റൂട്‌സിന്റെ പ്രവാസി ഭദ്രത വായ്പാ പദ്ധതി, കുടുംബശ്രീ, കെ.എസ്.എഫ്.ഇ, കേരള ബാങ്ക്, കെ.എസ്.ഐ.ഡി.സി, തുടങ്ങിയ ഏജന്‍സികളുമായി ചേര്‍ന്ന് നടപ്പിലാക്കിവരുന്നു. കുടുംബശ്രീ മുഖേന 5,834 സംരംഭങ്ങള്‍ ആരംഭിച്ചു. കെ.എസ്.എഫ്.ഇ മുഖേന 403 സംരംഭങ്ങളും കെ.എസ്.ഐ.ഡി.സി മുഖേന 4 സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഈ പദ്ധതിയുടെ കീഴില്‍ 8,000 ല്‍ അധികം സ്വയംതൊഴില്‍ സംരംഭങ്ങള്‍ നടന്നുവരുന്നു. സംരംഭക തത്പരരായ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് അവരുമായി ആശയവിനിമയം നടത്തുന്നതിന് നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു. ഈ സെന്ററിന്റെ ഭാഗമായി ആറായിരത്തോളം സംരംഭങ്ങള്‍ ആരംഭിച്ചു. ഗുണഭോക്താക്കള്‍ക്ക് 100 കോടിയിലധികം രൂപ സബ്‌സിഡി ഇനത്തില്‍ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടുതല്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനാണ് പുതിയ വ്യവസായനയം ആവിഷ്‌ക്കരിച്ചത്. 22 മുന്‍ഗണനാ മേഖലകളില്‍ നിന്നും നിക്ഷേപം ആകര്‍ഷിക്കാനും നിക്ഷേപകര്‍ക്ക് മികച്ച ഇന്‍സെന്റീവുകള്‍ നല്‍കാനും ലക്ഷ്യമിടുന്നു. 50 കോടി രൂപവരെയുള്ള നിക്ഷേപമാണെങ്കില്‍ കെ സ്വിഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ 3 വര്‍ഷം വരെ അനുമതികളൊന്നുമില്ലാതെ വ്യവസായം നടത്താന്‍ കഴിയും.
അതിന് മുകളിലുള്ള നിക്ഷേപമാണെങ്കില്‍ എല്ലാ രേഖകളോടും കൂടി അപേക്ഷ നല്‍കിയാല്‍ ഏഴ് ദിവസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കാന്‍ നിഷ്‌കര്‍ഷിക്കുന്ന നിയമവും പാസാക്കി. വ്യവസായം ആരംഭിക്കുന്നതിനും നടത്തുന്നതിനും പരാതി ഉണ്ടെങ്കില്‍ 30 ദിവസത്തിനുള്ളില്‍ പരിഹരിക്കും. വീഴ്ച്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്തുന്നതിനുമുള്ള നിയമവും പാസ്സാക്കിയിട്ടുണ്ട്.
നൂറു കോടിയിലധികം മുതല്‍ മുടക്കുള്ള പ്രോജക്ടുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വ്യവസായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ 'മീറ്റ് ദ മിനിസ്റ്റര്‍' പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. നിക്ഷേപകര്‍ക്ക് തങ്ങളുടെ പദ്ധതികള്‍ മന്ത്രിക്കു മുന്നില്‍ അവതരിപ്പിക്കാം. പദ്ധതി നടപ്പിലാക്കി ഏകോപിപ്പിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്യും. പ്രവാസികള്‍ നാട്ടില്‍ ഉള്ളപ്പോള്‍ത്തന്നെ ഇത്തരം വ്യവസായങ്ങളുടെ അനുമതിയും മീറ്റിംഗുകളും സംഘടിപ്പിക്കാന്‍ ഉതകുന്നവിധം ടോക്കണിംഗ് ടൈംലൈനിംഗും നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്യാമ്പസുകളോട് ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ കഴിയുന്ന ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് സര്‍ക്കാര്‍ അനുമതി നല്‍കി. പുതിയ വ്യവസായ നയത്തിന്റെ തുടര്‍ച്ചയില്‍ കയറ്റുമതിനയം, ലോജിസ്റ്റിക് പോളിസി, ഗ്രഫീന്‍ പോളിസി, ഇ എസ്ജി പോളിസി, ഹൈടെക് മാനുഫാക്ച്ചറിങ് പോളിസി എന്നിവയും വ്യവസായ പാര്‍ക്കുകളുടെ പുതുക്കിയ ലാന്‍ഡ് അലോട്ട്‌മെന്റ് പോളിസിയും രണ്ട് മാസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കപ്പെടും. ജനുവരിയില്‍ ആഗോള നിക്ഷേപസംഗമം സംഘടിപ്പിക്കും.
ലോക കേരളസഭ ഭാവിയില്‍ ഏതെങ്കിലും സാഹചര്യത്തില്‍ നിന്നുപോവാതിരിക്കാന്‍ നിയമപരിരക്ഷ നല്‍കാന്‍ ശ്രദ്ധിക്കും. പ്രതിപക്ഷത്തോടടക്കം ഇത്തരം കാര്യം ചര്‍ച്ച ചെയ്യും. കേരളത്തിന്റെ നാടന്‍ കലകളും ക്ലാസിക് കലാരൂപങ്ങളും ഉള്‍പ്പെടുത്തി ഏഷ്യാ പെസഫിക് രാജ്യങ്ങളില്‍ ഷോ സംഘടിപ്പിക്കുന്നത് ടൂറിസം വികസനത്തിന് പ്രയോജനപ്രദമാകും. ടൂറിസം വികസനത്തിന് മികച്ച പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്നത്. സൂക്ഷ്മതല ആസൂത്രണത്തിലൂടെ മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. 2021ല്‍ 60,487 ഉം 2022ല്‍ 3,45,549 ഉം2023 ല്‍ 6,49,057 വിദേശ വിനോദസഞ്ചാരികളും കേരളം സന്ദര്‍ശിച്ചു. 2023ല്‍ 87.83 ശതമാനം വര്‍ദ്ധനവാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രേഖപ്പെടുത്തിയത്.
ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. പങ്കാളിത്ത ടൂറിസം വികസനത്തിന് സ്ത്രീസൗഹൃദ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. 140 എക്‌സ്പീരീന്‍ഷ്യല്‍ ടൂര്‍ പാക്കേജുകള്‍ നടപ്പിലാക്കി. മറവന്‍തുരുത്ത് വാട്ടര്‍ സ്ട്രീറ്റ് പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. ഹോം സ്റ്റേകളെ പ്രോത്സാഹിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു. പൈതൃക ടൂറിസം പ്രോത്സാഹനത്തിനും വികസനത്തിനും വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു.
പ്രധാന ആതിഥേയ രാജ്യങ്ങളിലെ മാറുന്ന തൊഴില്‍, കുടിയേറ്റ നിയമങ്ങളെക്കുറിച്ച് സമയാസമയങ്ങളില്‍ ലഭ്യമാക്കേണ്ട ബോധവത്ക്കരണത്തിന്റെ അഭാവം പ്രവാസികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താറുണ്ട്. വിദേശരാജ്യങ്ങളില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കുള്ള സുരക്ഷിതമായ കുടിയേറ്റ കാര്യങ്ങളില്‍ പ്രിന്റ്, ഓഡിയോ വിഷ്വല്‍ മാധ്യമങ്ങള്‍ മുഖേന നോര്‍ക്കാ റൂട്‌സ് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
നഴ്‌സിംഗ് കോളേജുകള്‍ മുഖേന ജില്ലാതലത്തില്‍ പ്രി-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്. യു.എ.ഇ. ഒഴിച്ചുള്ള മിക്ക രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസി വെബ്‌സൈറ്റുകളി മാറിവരുന്ന നിയമങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല എന്നത് വലിയ പരിമിതിയാണ്. ഈ പോരായ്മ പരിഹരിക്കുന്നതിന് വിദേശ സര്‍വകലാശാലകള്‍, കോഴ്‌സുകള്‍, തൊഴില്‍ നിയമങ്ങള്‍ എന്നിവ അതതു സമയങ്ങളില്‍ നോര്‍ക്കാ റൂട്‌സിന്റെയും ലോക കേരളസഭയുടെയും വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും.
തൊഴില്‍, വിസ തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാനും സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കാനും നോര്‍ക്കാ റൂട്‌സിന്റെ ആഭിമുഖ്യത്തില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇത് കൂടുതല്‍ ആളുകളിലേക്കും തൊഴില്‍ മേഖലകളിലേക്കും വ്യാപിപ്പിക്കും. ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത് പരിഗണിക്കും. ലോക കേരളസഭാംഗങ്ങള്‍ സുരക്ഷിത കുടിയേറ്റമെന്ന ആശയത്തിന് വ്യാപകമായ പ്രചാരണം നല്‍കണം.
വിവിധ വിദേശരാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നും നേരിട്ട് വിമാന സര്‍വീസുകള്‍ വേണമെന്നത് നപ്രവാസികളുടെ ദീര്‍ഘകാല ആവശ്യമാണ്. സീസണ്‍ കാലത്ത് വലിയ തോതില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് പ്രവാസികളെ പിഴിയുന്ന പ്രവണതയുമുണ്ട്. വിനോദസഞ്ചാരികള്‍, ഹജ്ജ് തീര്‍ത്ഥാടനത്തിനു പോകുന്നവരില്‍ നിന്നുവരെ അമിതമായ തുക ഈടാക്കുന്ന പ്രവണതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ പ്രവാസികളുടെ ഈ ആവശ്യങ്ങള്‍ നിരവധി തവണ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗള്‍ഫിലെ തുറമുഖങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ ചെലവില്‍ കപ്പല്‍ യാത്ര യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ നോര്‍ക്കാ റൂട്‌സും മാരിടൈം ബോര്‍ഡും ചേര്‍ന്ന് ആരംഭിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുള്ള അഭിഭാഷകരുടെ സേവനം ഉപയോഗപ്പെടുത്തി പ്രവാസികള്‍ക്കുള്ള നിയമസഹായം നല്‍കിവരുന്നുണ്ട്. ഈ മാതൃകയില്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ഓഷ്യാനിയ, സെന്‍ട്രല്‍ ഏഷ്യാ പ്രദേശങ്ങളിലും നിയമ സഹായസേവനം ലഭ്യമാക്കല്‍ പരിഗണിക്കും. നിയമസഹായ പദ്ധതി കൂടുതല്‍ ഫലപ്രദമാക്കാന്‍ വ്യക്തികള്‍ക്കു പകരം ലീഗല്‍ ഫേമുകളെ ഏര്‍പ്പെടുത്തും.
തിരിച്ചെത്തുന്ന പ്രവാസികളില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംവിധാനങ്ങളുണ്ട്. ഇത് വിപുലപ്പെടുത്തി പ്രാദേശിക തലത്തില്‍ കൗണ്‍സിലര്‍മാരുടെയും ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കും. വിദേശരാജ്യങ്ങളില്‍ ഗാര്‍ഹിക തൊഴിലാളികള്‍ നേരിടുന്ന ചൂഷണവും വെല്ലുവിളികളും സര്‍ക്കാര്‍ വളരെ ഗൗരവമായി തന്നെ എടുക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിന് ഇന്ത്യന്‍ എംബസിയുടെ കീഴില്‍ വനിതാ സെല്‍ രൂപീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും.
സാംസ്‌കാരിക വകുപ്പിന്റെയും വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കുമായി വിവിധതരം ക്യാമ്പുകള്‍, ശില്പശാലകള്‍ മുതലായവ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇത്തരം ക്യാമ്പുകളിലും ശില്പശാലകളിലും പ്രവാസി എഴുത്തുകാര്‍ക്കും പങ്കെടുക്കാവുന്നതാണ്. പ്രവാസി എഴുത്തുകാര്‍ക്കു മാത്രമായി പ്രത്യേക സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നതും പരിഗണിക്കും. പ്രവാസി യുവതയെയും വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള യുവജനോത്സവങ്ങള്‍, കലാപരിപാടികള്‍ എന്നിവ നടത്തുന്നതിന് കലാ-സാഹിത്യ അക്കാദമികളും മറ്റുമായി ആലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
പ്രവാസികള്‍ക്ക് വീട് വെക്കാന്‍ പ്രത്യേക പദ്ധതി രൂപീകരിക്കണമെന്ന നിര്‍ദ്ദേശം പരിശോധിച്ച് തീരുമാനം കൈക്കൊള്ളും. എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കണം എന്നതാണ് സര്‍ക്കാര്‍ നയം. പ്രവാസി പുനരധിവാസം ഫലപ്രദമായി നടപ്പിലാക്കുന്നതിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്. പ്രവാസി ഓണ്‍ലൈന്‍ സംഗമങ്ങള്‍ നടത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
2019 ആരംഭിച്ച പ്രവാസി ഡിവിഡന്റ് പദ്ധതി പ്രവാസികള്‍ക്ക് മെച്ചമുള്ള നിക്ഷേപ പദ്ധതിയായി തുടരുന്നു. പ്രവാസി ഡിവിഡന്റ് പദ്ധതി പ്രകാരം 315 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ച് കിഫ്ബിയിലേക്ക് നല്‍കിയിട്ടുണ്ട്. 2019 ലെ നിക്ഷേപകര്‍ക്ക് പ്രതിമാസ ഡിവിഡന്റ് 2023 ജനുവരി മാസം മുതല്‍ നല്‍കിത്തുടങ്ങി. കേരളീയ പ്രവാസി സംഘടനകളെ ഏകോപിപ്പിച്ച് രോഗബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്നവര്‍ക്കും സംരക്ഷണം നല്‍കാന്‍ സ്‌കീം വികസിപ്പിക്കുമെന്നത് തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനമാണ്. ഇത് നടപ്പിലാക്കിയിട്ടുണ്ട്.
മരണപ്പെട്ട പ്രവാസികളുടെ ആശ്രിതര്‍ക്കും രോഗബാധിതര്‍ക്കും ധനസഹായത്തിനായി സാന്ത്വന പദ്ധതി നടപ്പിലാക്കി വരുന്നു. തൊഴില്‍ നഷ്ടമായി തിരികെ വന്നവര്‍ക്ക് വായ്പാ ധനസഹായത്തിനായി എന്‍.ഡി.പ്രേം, നോര്‍ക്കാ പുനരധിവാസ ഏകോപന സംയോജന പദ്ധതി എന്നിവ നടപ്പിലാക്കിവരുന്നു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷക്കുള്ള ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയും നിലവിലുണ്ട്. നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രവാസികള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയെന്ന ദീര്‍ഘകാല ആവശ്യവും നിര്‍വ്വഹിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുന്നതിന് പ്രവാസി ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് സ്വയം സഹായസംഘങ്ങള്‍, സഹകരണ സംഘങ്ങള്‍ മുതലായവ രൂപീകരിക്കുന്നത് പരിഗണനയിലുണ്ട്. കുടുംബശ്രീ മാതൃകയില്‍ പ്രവാസി മിഷന്‍ രൂപീകരിക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുന്നതാണ്. ആതിഥേയ രാജ്യങ്ങളുടെ സംഭാവനയുടെ അടിസ്ഥാനത്തില്‍ പ്രവാസി ക്ഷേമ ഫണ്ട് രൂപീകരിക്കേണ്ടത് ആഗോളതലത്തില്‍ നടപ്പിലാക്കേണ്ടതാണ്.
കുടിയേറ്റ തൊഴിലാളികളെ കയറ്റി അയയ്ക്കുന്ന രാജ്യങ്ങളുടെ ഐക്യത്തിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാവൂ. ഉത്സവ സീസണില്‍ ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന കാര്യവും പരിഗണിക്കുന്നതാണ്.
സര്‍വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ ആയതിനാല്‍ മലയാളം ചെയര്‍ ആരംഭിക്കല്‍ അതതു സര്‍വകലാശാലകളാണ് തീരുമാനിക്കേണ്ടത്. ഈ ആവശ്യം വിവിധ സര്‍വകലാശാലകളുമായി ചര്‍ച്ച ചെയ്യാവുന്നതാണ്. ലോക കേരളസഭയില്‍ ഉന്നയിക്കപ്പെട്ട ആശയങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പിലാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കും. തുടര്‍പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കാന്‍ ലോക കേരളസഭ പ്രതിനിധികളെ ഉള്‍പ്പെടുത്തി 15 അംഗ സ്റ്റാന്‍ഡിംഗ് കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക കേരളം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിന്റെ ഉദ് ഘാടനവും മുഖ്യമന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.