Governance | അതിദാരിദ്ര്യ നിർമാർജ്ജനം ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
● മുഖ്യമന്ത്രി അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയിലെ പുരോഗതിയിൽ അതൃപ്തി.
● പാലിയേറ്റീവ് കെയർ സേവനങ്ങൾ വ്യാപിപ്പിക്കണം
● മാലിന്യമുക്ത കേരളം ലക്ഷ്യത്തിലെത്തുന്നതിനുമുള്ള നിർദ്ദേശങ്ങൾ നൽകി.
● തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് പദ്ധതികളുടെ ഫലപ്രാപ്തി ഉറപ്പാക്കാൻ നിർദ്ദേശം.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് ആദ്യമായാണ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണസമിതികള്‍ ഒരേ ദിവസം ഒരേ സമയം യോഗം ചേരുന്നത്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട മൂന്ന് വിഷയങ്ങളിന്‍മേല്‍ തീരുമാനം കൈക്കൊള്ളാനാണ് ഈ യോഗം ചേര്‍ന്നിരിക്കുന്നതെന്ന് സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണസമിതി അംഗങ്ങളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
അതിദാരിദ്ര്യനിര്‍മ്മാര്‍ജനം, ഗുണമേന്മയിലധിഷ്ഠിതമായ പാലിയേറ്റീവ് പരിചരണം, മാലിന്യമുക്ത നവകേരളം എന്നിവ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നേരിട്ട് പങ്ക് വഹിക്കുന്നതും നേതൃപരമായ ചുമതല വഹിക്കുന്നതും തദ്ദേശ സ്വയംഭരണ സ്ഥപാനങ്ങളാണ്. സമയബന്ധിതമായി ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. നല്ലമുന്നേറ്റമാണ് ഈ വിഷയങ്ങളിന്‍മേല്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അതിന് നേതൃത്വം നല്‍കുന്ന നിങ്ങളെയോരോരുത്തരെയും അഭിനന്ദിക്കുന്നു. തുടര്‍പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെയും ഉത്തരവാദിത്വത്തോടെയും ഏറ്റെടുക്കാന്‍ കഴിയണം.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം
അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് 2021ല്‍ ആരംഭിച്ച പദ്ധതിയാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി. 64,006 കുടുംബങ്ങളിലായി 1,03,099പേര്‍ അതിദരിദ്രരാണെന്ന് കണ്ടെത്തി. 1,032 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായാണ് ഇവരെ കണ്ടെത്തിയത്. ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നീ ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് അതിദരിദ്രരെ നിര്‍ണയിച്ചത്. 2025 നവംബര്‍ 1ന് കേരളത്തെ അതിദരിദ്ര വിമുക്തമായി പ്രഖ്യാപിക്കാന്‍ കഴിയണം.
ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ 2023 നവംബര്‍ 1നാണ് പൂര്‍ത്തിയായത്. ആദ്യ ഘട്ടത്തില്‍ തന്നെ 47.89% പേരെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കാന്‍ കഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ 2024 നവംബര്‍ 1ന് മുമ്പ് 90% പേരെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുന്നതിനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഇതുവരെ 40,180 കുടുംബങ്ങളെ മാത്രമാണ് അതിദാരിദ്ര്യ ത്തില്‍ നിന്ന് മുക്തരാക്കാന്‍ സാധിച്ചത്. അതായത് 63.82% മാത്രമേ പുരോഗതി ഉണ്ടായിട്ടുള്ളൂ. രണ്ടാം ഘട്ടത്തില്‍ ഉണ്ടായിട്ടുള്ള മെല്ലെ പോക്കിനെ അതിജീവിച്ച് 2025 നവംബര്‍ 1ന് മുമ്പായി അതിദരിദ്രരി ല്ലാത്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയണം. അതിന് എന്തെല്ലാം ചെയ്യണമെന്നാണ് ഇന്നത്തെ ഭരണസമിതി യോഗത്തില്‍ ആലോചിക്കേണ്ടത്.
അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചുവരുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. തീരുമാനിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിയണം. ഇനിയും പൂര്‍ത്തീകരിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സമയക്രമം നിശ്ചയിച്ച് പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കാന്‍ ഇന്നത്തെ ഭരണസമിതി യോഗത്തില്‍ തീരുമാനം കൈക്കൊള്ളണം.
ഭക്ഷണ ദൗര്‍ലഭ്യം മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്ന എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരാതികള്‍ക്കിടയില്ലാത്തവിധം ഇത് തുടരുന്നുവെന്ന് ഉറപ്പാക്കണം. ഇതിന് ആവശ്യമായ തുടര്‍നടപടികള്‍ തീരുമാനിക്കണം. ഗുണമേډയിലധിഷ്ഠിതമായി സേവനം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ രൂപീകരിച്ച ഉപസമിതി ഇക്കാര്യം അവലോകനം ചെയ്യണം.
അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകേണ്ട 40 ഗുണഭോക്താക്ക ള്‍ക്ക് ആവശ്യമായ അവയവങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രത്യേക പരിഗണന നല്‍കണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് നിശ്ചയിക്കണം.
വരുമാനം ക്ലേശഘടകമായി കണ്ടെത്തിയ കുടുംബങ്ങളില്‍ 521 കുടുംബങ്ങള്‍ക്ക് വരുമാനദായക പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിന് നടപടികള്‍ കൈക്കൊള്ളണം. വരുമാനം ലഭ്യമാക്കുന്നതിന് ആവശ്യമായ തൊഴില്‍ ഉറപ്പാക്കലാണ് പ്രധാനം. ഓരോ കുടുംബത്തിലും തൊഴിലെടുക്കാന്‍ ശേഷിയും പ്രാപ്തിയുമുള്ള വ്യക്തികള്‍ക്ക് അനുയോജ്യമായ തൊഴില്‍ ഉറപ്പാക്കാനാകണം. ഇതിനായി വിദ്യാഭ്യാസ യോഗ്യത, നൈപുണി പരിശീലനം മുതലായവ സംബന്ധിച്ച വിശദാംശങ്ങള്‍ സമാഹരിച്ച് പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കണം.
ആരോഗ്യപരമായ കാരണങ്ങളാല്‍ തൊഴിലെടുക്കാന്‍ സാധിക്കില്ലെന്ന് കണ്ടെത്തിയ 923 കുടുംബങ്ങള്‍ക്ക് വരുമാനം കണ്ടെത്തുന്നതിന് പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കണം.
ഉപജീവന പദ്ധതി കുടുംബശ്രീയുടെ മാത്രം ചുമതലയില്‍പ്പെട്ട പ്രവര്‍ത്തനമായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. പട്ടികജാതി - പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, വനിത വികസന കോര്‍പ്പറേഷന്‍, പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മുതലായ ഏജന്‍സികളെ ഉപജീവന പദ്ധതികളുമായി കണ്ണിചേര്‍ക്കണം. പ്രാദേശിക സംരംഭങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ മുതലായവയുടെ സേവനം തൊഴില്‍ ലഭ്യമാക്കുന്നതിന് പ്രയോജന പ്പെടുത്തണം. പുതുതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കണം.
അവിദഗ്ധ കായിക തൊഴിലെടുക്കാന്‍ കഴിയുന്ന എല്ലാ കുടുംബങ്ങള്‍ക്കും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വരുമാനം ലഭ്യമാക്കണം. തൊഴിലുറപ്പ് പദ്ധതികളുടെ സാധ്യത പ്രയോജനപ്പെടുത്തുന്നതില്‍ എന്തെങ്കിലും കുറവുകളുണ്ടെങ്കില്‍ കണ്ടെത്തി പരിഹരിക്കണം.
താരതമ്യേന പ്രായമുള്ളവര്‍, ദുര്‍ബലര്‍, ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, ഭിന്നശേഷിക്കാര്‍ മുതലായവര്‍ക്കുള്ള ഉപജീവന പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുന്നതിന് പ്രത്യേക പരിശീലനം സിദ്ധിച്ചവരെ ഉള്‍പ്പെടുത്തി ടീമുകളെ സജ്ജമാക്കണം.
ഉപജീവന പദ്ധതികളുടെ പുരോഗതി ജനകീയ സമിതികള്‍ മോണിറ്ററിംഗ് നടത്തണം. മോണിറ്ററിംഗിന്‍റെ ഭാഗമായി കണ്ടെത്തുന്ന വിടവുകള്‍ അതത് സമയത്ത് പരിഹരിച്ച് പോകണം.
എല്ലാ വകുപ്പുകളും നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളില്‍ അതിദരിദ്ര ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കണം. ഗുണഭോക്തൃ വിഹിതം ആവശ്യമുള്ള പദ്ധതികളില്‍ അത് ഒഴിവാക്കാന്‍ ആവശ്യമെങ്കില്‍ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം.
സഹായകോപകരണങ്ങള്‍ ആവശ്യമായ 119 പേര്‍ക്ക് രണ്ടാഴ്ച്ചക്കകം അവ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്തണം. ഇതിനായി പദ്ധതിയില്‍ തുക മാറ്റിവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമയബന്ധിതമായി ആ തുക വിനിയോഗിക്കണം.
വീടുകള്‍ ലഭ്യമാകുന്ന കാര്യത്തിലാണ് ഏറ്റവും കുറഞ്ഞ പുരോഗതി രേഖപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കി ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും വീടില്ലാത്ത അതിദരിദ്രര്‍ക്ക് വീട് ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കണം. 12,177 കുടുംബങ്ങള്‍ക്കാണ് വീടില്ലെന്ന് കണ്ടെത്തിയത്. ഇവരില്‍ 5,912 കുടുംബങ്ങള്‍ വീടും സ്ഥലവും ഇല്ലാത്തവരാണ്. 2,712 പേര്‍ക്കാണ് ഇതുവരെ വീടോ സ്ഥലവും വീടും സംയുക്തമായോ ലഭ്യമാക്കാനായത്. മറ്റുള്ളവരുടെ കാര്യം അതീവ ഗൗരവമായി പരിഗണിച്ച് വീട് ലഭ്യമാക്കാന്‍ പ്രത്യേക ഇടപെടല്‍ നടത്തണം.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും അതിദരിദ്രരെ പിന്തുണയ്ക്കാന്‍ കെയര്‍ ഫണ്ട് എന്ന ആശയം മാര്‍ഗരേഖയില്‍ നിര്‍ദ്ദേശിച്ചിരുന്നു. സിഎസ്ആര്‍ ഫണ്ട്, പ്രവാസി സംഘടനകള്‍ മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായവും സ്പോണ്‍സര്‍ഷിപ്പും പ്രയോജനപ്പെടുത്തിയുള്ള വിഭവ സമാഹരണമാണ് ലക്ഷ്യമിട്ടത്. ഈ ആശയം ഫലപ്രദമായി നടപ്പിലാക്കണം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കെയര്‍ ഫണ്ട് രൂപീകരിച്ച് വിഭവ സമാഹരണം നടത്തണം.
പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പുകള്‍ കൈമാറിയ തുകകള്‍ക്ക് ആനുപാതികമായി അതിദരിദ്ര കുടുംബങ്ങളുടെ ഭവനനിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഓരോ കുടുംബത്തിനും ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല ലക്ഷ്യങ്ങളാണ് മൈക്രോപ്ലാനുകളിലൂടെ വിഭാവനം ചെയ്തത്. കുടുംബ മൈക്രോപ്ലാനുകളുടെ വിവിധ ഘടകങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ ഏകോപിപ്പിച്ച് പദ്ധതികളില്‍ ഉള്‍ക്കൊള്ളിക്കലാ യിരുന്നു ലക്ഷ്യം. വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവയുടെ സംയോജിത ഇടപെടല്‍ സാധ്യമാക്കുന്ന സമഗ്ര സമീപനമാണ് ലക്ഷ്യമിട്ടത്. 2025-26 വര്‍ഷത്തെ പദ്ധതി തയ്യാറാക്കുമ്പോള്‍ മൈക്രോപ്ലാനുകള്‍ വിശദമായി പരിശോധിച്ച് അവശേഷിക്കുന്ന നിര്‍വഹണ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി നിലവിലെ വിടവുകള്‍ പരിഹരിക്കണം. വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കണം.
ഗ്രാമപഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ മാത്രമാണ് അതിദാരിദ്ര്യ പദ്ധതികള്‍ കാര്യമായി ഏറ്റെടുത്തിട്ടുള്ളത്. പുനരധിവാസത്തിനും മാനസികാരോഗ്യത്തിനും മറ്റും ആവശ്യമായ പൊതുപിന്തുണാസംവിധാനങ്ങള്‍ അതത് വകുപ്പുകളും ഏജന്‍സികളുമായി ചേര്‍ന്ന് നടപ്പിലാക്കണം. ഇക്കാര്യത്തില്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ കാര്യമായി ഇടപെടണം. ബ്ലോക്ക്, ജില്ലാതല ഏകോപന അവലോകന സമിതി നിശ്ചിത ഇടവേളകളില്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തണം.
അതിദാരിദ്ര്യ നിര്‍ണയത്തിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക വാര്‍ഡ് - തദ്ദേശ സ്വയംഭരണ സ്ഥാപനതല ജനകീയ സമിതികള്‍ രൂപീകരിച്ചിരുന്നു. ഈ സമിതികളെ സജീവമാക്കി മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തണം. ഈ യോഗങ്ങളുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എം.ഐ.എസ് ഡാറ്റാ എല്ലാ മാസവും പുതുക്കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പദ്ധതി ഏകോപനത്തിനും മോണിറ്ററിംഗിനും ഒരു ഉദ്യോഗസ്ഥന് നോഡല്‍ ഓഫീസര്‍ ചുമതല നല്‍കണം.
അതിദരിദ്ര കുടുംബങ്ങളില്‍പ്പെട്ട ഓരോ കുടുംബത്തിനും മൈക്രോപ്ലാന്‍ അധിഷ്ഠിതമായി ബാധകമായ മുഴുവന്‍ ക്ലേശഘടകങ്ങളില്‍ നിന്നും പുറത്തുകടക്കുകയും ഉപജീവന പദ്ധതി ബാധകമായ കുടുംബങ്ങള്‍ക്ക് സുസ്ഥിര വരുമാനമാര്‍ഗം ഉറപ്പാക്കുകയും ചെയ്തതിനുശേഷം മാത്രമേ അതിദരിദ്ര മുക്തരായി പ്രഖ്യാപിക്കാവൂ. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും തങ്ങളുടെ അധികാര പരിധിയില്‍ കണ്ടെത്തിയ അതിദരിദ്രര്‍ ദാരിദ്ര്യത്തില്‍ നിന്നും മുക്തരായാല്‍ ആ തദ്ദേശ സ്വയംഭരണ സ്ഥാപനം അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തണം.
മാലിന്യമുക്തം നവകേരളം
2024 ഒക്ടോബര്‍ 2 (ഗാന്ധി ജയന്തി ദിനം) മുതല്‍ 2025 മാര്‍ച്ച് 30 (അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം) വരെയാണ് മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ ക്യാമ്പയിന്‍ڈ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
5,704 വാര്‍ഡുകളില്‍ ഇനിയും നിര്‍വഹണ സമിതികള്‍ രൂപീകരിച്ചിട്ടില്ല. ഉല്‍ഘാടന, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം വേണ്ടത്ര ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. 2025 മാര്‍ച്ച് 30ന് സമ്പൂര്‍ണ ശുചിത്വ കേരള പ്രഖ്യാപനം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. അതിന് നാം ഇനിയുമേറെ മുന്നേറേണ്ടതുണ്ട്.
നിര്‍വഹണ സമിതികള്‍ രൂപീകരിച്ചിട്ടില്ലാത്ത 5,704 വാര്‍ഡുകളില്‍ അടിയന്തിരമായി നിര്‍വഹണ സമിതികള്‍ രൂപീകരിക്കണം. ക്യാമ്പയിനിന്‍റെ ഭാഗമായി അയല്‍ക്കൂട്ടങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, ഓഫീസുകള്‍, ടൗണുകള്‍, മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍, സ്കൂളുകള്‍, കലാലയങ്ങള്‍ എന്നിവ ഹരിതമാക്കാനുള്ള സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. സമയബന്ധിതമായി ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമായി അവലോകനം ചെയ്ത് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കണം.
ഇനി ഞാനൊഴുകട്ടെ മൂന്നാംഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കണം. മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ 2025 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാനാകണം. ജലസ്രോതസ്സുകളില്‍ എത്തിച്ചേരുംവിധത്തില്‍ മലിനജല ക്കുഴലുകള്‍ സ്ഥാപിച്ചിട്ടുള്ള വീടുകളേയും സ്ഥാപനങ്ങളേയും കണ്ടെത്തി ഫലപ്രദമായി നടപടി സ്വീകരിക്കണം. ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കണം. ജലത്തിലെ ഇ-കോളി സാന്നിദ്ധ്യം പരിശോധിക്കുന്നതിന് 2024 ഡിസംബര്‍ - 2025 ജനുവരിയില്‍ വിപുലമായ പരിശോധനകള്‍ സംഘടിപ്പിക്കണം.
വീടുകളിലെ ഒറ്റക്കുഴി കക്കൂസുകള്‍ക്ക് പകരം സുരക്ഷിതമായ സെപ്റ്റിക് ടാങ്കുകള്‍ സ്ഥാപിക്കണം. തീരപ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കുറഞ്ഞ വരുമാനക്കാര്‍ക്ക് ജനകീയ പിന്തുണയോടെ സുരക്ഷിത സെപ്റ്റിക് ടാങ്കുകള്‍ ഉറപ്പാക്കണം. ശുചിത്വ മിഷന്‍റെ സാമ്പത്തിക, സാങ്കേതിക സഹായം പ്രയോജനപ്പെടുത്തി കമ്മ്യൂണിറ്റി സെപ്റ്റിക് ടാങ്കുകള്‍ സ്ഥാപിക്കണം.
ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, ടൂറിസം കേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍ഡു കള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിന്ന് സാനിറ്ററി മാലിന്യം ശേഖരിക്കുന്നതിനും സംസ്ക്കരിക്കുന്നതിനും പൊതുസംവിധാനം ഏര്‍പ്പെടുത്തണം.
ജൈവമാലിന്യ സംസ്കരണത്തിന് ഗാര്‍ഹിക തലത്തിലും കമ്മ്യൂണിറ്റി തലത്തിലും സ്ഥാപിച്ചിട്ടുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. ആവശ്യമായ അറ്റകുറ്റപ്പണി നിര്‍വഹിച്ച് ഇവ പ്രവര്‍ത്തനക്ഷമമാക്കണം.
ടൗണുകള്‍, ടൂറിസം കേന്ദ്രങ്ങള്‍, ഫ്ളാറ്റുകള്‍, ഹോസ്റ്റലുകള്‍, ഭവന സമുച്ഛയങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, പൊതുസ്ഥല ങ്ങള്‍, ഹോട്ടലുകള്‍, ഹാളുകള്‍ മുതലായവയില്‍ കമ്മ്യൂണിറ്റിതല ജൈവമാലിന്യസംസ്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്ളാറ്റുകള്‍ എന്നിവയില്‍ ജൈവ മാലിന്യ, ജലമാലിന്യ സംസ്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കണം. ഖര, ദ്രവ മാലിന്യങ്ങളുടെ സംസ്ക്കരണത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം.
2023-24 വര്‍ഷത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 2,867 കോടി രൂപ അടങ്കലുള്ള മാലിന്യ സംസ്കരണ പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. ഇതില്‍ 641.45 കോടി രൂപയാണ് ചെലവഴിക്കപ്പെട്ടത്. അതായത് പുരോഗതി 22% മാണെന്നര്‍ത്ഥം. നഗരസഭകളില്‍ 15 ശതമാനമാണ് ചെലവഴിച്ചത്. വികസനപദ്ധതികളുടേയും കേന്ദ്രാവിഷ്കൃത പദ്ധതികളു ടേയും മറ്റ് പദ്ധതികളുടേയും സംയോജനം ഉറപ്പാക്കി പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കണം.
ശുചിത്വവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള പദ്ധതികള്‍ ഭരണസമിതി യോഗം വിലയിരുത്തണം. പൂര്‍ത്തിയാക്കാനുള്ളവ പ്രശ്നങ്ങള്‍ പരിഹരിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കണം.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയ മാതൃകാ പദ്ധതികള്‍ ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഒരു ടീം സന്ദര്‍ശിക്കണം. ഹരിത കേരളം മിഷന്‍ ഇത് ഏകോപിപ്പിക്കണം.
2024 ഡിസംബര്‍ - 2025 ജനുവരിയില്‍ നാടിന്‍റെ മുക്കും മൂലയും ശുചിയാക്കുന്ന വിപുലമായ ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കണം. എല്ലാ വിഭാഗം ജനങ്ങളെയും ക്യാമ്പയിനില്‍ പങ്കാളികളാക്കണം. ഇതിനായി ഭവന സന്ദര്‍ശനം നടത്തി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ശുചീകരണ പ്രവര്‍ത്ത നങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച കൃത്യമായ ആസൂത്രണം നടത്തണം.
പാലിയേറ്റീവ് കെയര്‍
ദീര്‍ഘകാല രോഗങ്ങള്‍ മൂലം പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഗൃഹകേന്ദ്രീകൃത പരിചരണം ഉറപ്പാക്കാന്‍ ഉദ്ദേശിച്ചാണ് പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങള്‍ ആവിഷ്ക്കരിച്ചത്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പാലിയേറ്റീവ് കെയര്‍ ഉറപ്പാക്കുന്നതിന് 07.03.2021ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പ് മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയും ആരോഗ്യവകുപ്പിന്‍റെ സഹകരണത്തോടെ യുമാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
രോഗികള്‍ക്ക് ഗൃഹകേന്ദ്രീകൃത പരിചരണം ഉറപ്പാക്കാന്‍ ജനസംഖ്യാനുപാതികമായി ആരോഗ്യ വകുപ്പിന്‍റെ ഹോം കെയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സുമാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നിയമിക്കുന്നത്. 1,142 പ്രൈമറി പാലിയേറ്റീവ് യൂണിറ്റുകള്‍ സര്‍ക്കാര്‍ മേഖലയിലുണ്ട്. ഇവ വഴി 1,14,439 രോഗികള്‍ക്ക് പരിചരണം നല്‍കിവരുന്നുണ്ട്.
മാനദണ്ഡങ്ങള്‍ക്കനുസൃതമായി യൂണിറ്റുകള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കാനുള്ള സംവിധാനമൊരുക്കേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും തങ്ങളുടെ അധികാര പരിധിയിലെ പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വിശദാംശങ്ങള്‍ സമാഹരിച്ച് രജിസ്ട്രേഷന്‍ നടത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം. എല്ലാ സംഘടനകളെയും രജിസ്റ്റര്‍ ചെയ്യിക്കണം. ഇക്കാര്യത്തില്‍ യാതൊരുവിധ വിവേചനവും പാടില്ല.
മെഡിക്കല്‍, നഴ്സിംഗ് പരിചരണം നല്‍കുന്ന യൂണിറ്റുകള്‍ ആരോഗ്യവകുപ്പിന്‍റെ രജിസ്ട്രേഷന്‍ നടപടികളും പൂര്‍ത്തീകരിക്കണം. രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏകോപിപ്പിക്കണം.
ഗൃഹ പരിചരണം ആവശ്യമായ എല്ലാവര്‍ക്കും ഗുണമേډയിലധിഷ്ഠിതമായ ഗൃഹ പരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഓരോ രോഗിക്കും പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരുടെ പിന്തുണ ഉറപ്പുവരുത്തണം. ഇതിനായി സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തി പരിശീലിപ്പിക്കണം. പുതിയ വളന്‍റിയര്‍മാരെ കണ്ടെത്താനുള്ള ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. കണ്ടെത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ശാസ്ത്രീയമായ പരിശീലനം ഉറപ്പാക്കണം. പരിശീലന മൊഡ്യൂളും പരിശീലകരെയും ആരോഗ്യ വകുപ്പ് ലഭ്യമാക്കും. ഓരോ രോഗിക്കൊപ്പവും പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരുണ്ടെന്ന് ഉറപ്പുവരുത്തണം.
വീടുകളില്‍ പരിചരണം നല്‍കിവരുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരില്‍ മതിയായ പരിശീലനം ലഭിക്കാത്ത വരുണ്ടെങ്കില്‍ അവര്‍ക്ക് പരിശീലനം നല്‍കണം.
ദൈനംദിന പരിചരണം ആവശ്യമായ രോഗികളുള്ള വീടുകളില്‍ ബയോമെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍, രാസ മാലിന്യങ്ങളെ മറ്റ് മാലിന്യങ്ങളില്‍ നിന്ന് വേര്‍തിരിച്ച് കൈകാര്യം ചെയ്യാന്‍ ആവശ്യമായ അവബോധവും പരിശീലനവും ഉറപ്പാക്കണം.
ബയോമെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍, രാസമാലിന്യങ്ങളെ ഹസാര്‍ഡസ് മാലിന്യങ്ങളായി നിര്‍ണയിച്ചതിനാല്‍ പാലിയേറ്റീവ് പരിചരണംനടത്തുന്ന വീടുകളില്‍ കളര്‍കോഡഡ് ബിന്നുകള്‍ നല്‍കണം. ബിന്നുകളില്‍ നിന്നും ഇത്തരം മാലിന്യങ്ങള്‍ ശേഖരിച്ച് സംഭരിക്കാനും സംസ്കരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണം.
.
രോഗി പരിചരണമാണ് പാലിയേറ്റീവ് കെയറില്‍ കാര്യമായി ഉള്‍പ്പെട്ടിട്ടു ള്ളത്. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ ഗുരുതര രോഗബാധിതരല്ലാത്തതും പരിചരണം ആവശ്യമുള്ളതുമായ വയോജനങ്ങളും ഭിന്നശേഷിക്കാരും ധാരാളമുണ്ട്. ഇവരെക്കൂടി ഉള്‍ക്കൊള്ളിച്ച് ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പരിചരണം ഉറപ്പാക്കുംവിധം ഡൊമിസിലിയറി കെയര്‍ പദ്ധതിയായി വിപുലീകരിച്ച് മികച്ച പരിചരണം ഉറപ്പാക്കണം.
വിവിധ തലങ്ങളിലുള്ള പരിചരണം ആവശ്യമുള്ളവരുണ്ട്. ചിലര്‍ക്ക് ആഴ്ചയിലൊരു ദിവസം പരിശീലനം സിദ്ധിച്ചവരുടെ സേവനം ലഭിച്ചാല്‍ മതിയാകും. മറ്റു ചിലര്‍ക്ക് ദൈനംദിന ശ്രദ്ധ വേണ്ടതുണ്ടാവാം. ഇക്കാര്യങ്ങള്‍ പരിഗണിച്ച് വ്യക്തിഗത പരിചരണാസൂത്രണം
നടത്തണം. ആസൂത്രണം ചെയ്ത പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് ആരോഗ്യവകുപ്പിന്‍റെയും ഇതര വകുപ്പുകളുടെയും പൂര്‍ണ സഹകരണം ഉറപ്പാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.
കിടപ്പിലായ രോഗികള്‍ക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കാന്‍ 20,000 ജനസംഖ്യയുള്ള പ്രദേശത്ത് ഒരു ഹോം കെയര്‍ യൂണിറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിക്കണമെന്ന് പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാനില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ 30,000 പേരടങ്ങുന്ന ജനസംഖ്യ പ്രദേശത്തിന് ഒരു കെയര്‍ യൂണിറ്റാണ് പ്രവര്‍ത്തിക്കുന്നത്. ആക്ഷന്‍ പ്ലാനില്‍ നിര്‍ദ്ദേശിച്ചതുപ്രകാരം ഹോം കെയര്‍ യൂണിറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടികള്‍ കൈക്കൊള്ളണം. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ച് ടെലിമെഡിസിന്‍ സംവിധാനത്തെ ഗ്രിഡിന്‍റെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നത്.
നിരാലംബരായ വയോജനങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന ഹോമുകള്‍ സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും പ്രവര്‍ത്തിക്കുന്ന വൃദ്ധ മന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ക്കൂടി പാലിയേറ്റീവ് കെയര്‍ സേവനം എത്തിക്കണം. വയോമിത്രം പദ്ധതിയെ ഡൊമിസിലിയറി കെയര്‍ പദ്ധതിയുമായി കണ്ണിചേര്‍ക്കണം. പാലിയേറ്റീവ് കെയര്‍ രംഗത്ത് തദ്ദേശ സ്വയംഭരണം, സാമൂഹ്യനീതി, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ സംവിധാനമൊരുക്കണം.
വാര്‍ഡ് അടിസ്ഥാനത്തില്‍ വാര്‍ഡ് അംഗത്തിന്‍റെ നേതൃത്വത്തില്‍ ആശവര്‍ക്കര്‍മാര്‍, അംഗന്‍വാടി, കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍ അടങ്ങിയ സമിതി രൂപീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ സമാനമായ സമിതികള്‍ രൂപീകരിക്കണം. ഈ സമിതികള്‍ മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. അതുവഴി പാലിയേറ്റീവ് പരിചരണം ആവശ്യമായവര്‍ക്കെല്ലാം മെച്ചപ്പെട്ട പരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.
ഗ്രാമ, നഗര വ്യത്യാസമില്ലാതെ പാലിയേറ്റീവ് പരിചരണം ആവശ്യമായ മുഴുവന്‍ ആളുകളെയും കുടുംബങ്ങളെയും കണ്ണിചേര്‍ത്തുകൊണ്ട് എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ മികച്ച പരിചരണം ഉറപ്പാക്കാന്‍ ജനകീയ മുന്നേറ്റം നടത്താനാണ് ഉദ്ദേശിക്കുന്നത്. അതിന്‍റെ ഭാഗമായ ക്യാമ്പൈന്‍ പ്രവര്‍ത്തനം 2025 ജനുവരി 1ന് ആരംഭിക്കണം.
ഈ മൂന്ന് ക്യാമ്പയിനുകളും പൂര്‍ണ്ണതോതില്‍ നടപ്പാക്കിയാലേ സുസ്ഥിരമായ നവകേരളമെന്ന നമ്മുടെ ആത്യന്തിക ലക്ഷ്യം കൈവരിക്കാനാകൂ. ഈയൊരു ബോധ്യത്തോടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
യോഗത്തില്‍ മന്ത്രിമാരായ എം ബി രാജേഷ്, കെ രാജന്‍, ആര്‍ ബിന്ദു, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ തുടങ്ങിയവരും പങ്കെടുത്തു.
#Kerala, #PinarayiVijayan, #localselfgovernance, #povertyeradication, #palliativecare, #wastefreeKerala