ഇടുക്കി: (www.kvartha.com 11.11.2014) 2013 മാര്‍ച്ച് 12ന് പുലര്‍ച്ചെ വണ്ടിപ്പെരിയാര്‍ വള്ളക്കടവിലെ തോട്ടം ലയത്തിലെ കൊടും തണുപ്പില്‍ ഉറക്കത്തിലായിരുന്നു 16 കാരന് ഭഗവതിയും അനുജന് 12 വയസുള്ള ശിവയും. പെട്ടെന്നാണ് അവരുടെ ശരീരത്തില്‍ തീ പടരുന്നത്. എന്തിനെന്നറിയും മുമ്പെ ഇരുവരെയും അഗ്നിവിഴുങ്ങി. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം ഈ കുട്ടികളുടെ ജീവന് നഷ്ടമായി.
ഒരു വര്‍ഷവും ഏഴു മാസവും കഴിഞ്ഞപ്പോള്‍, അതായത് ഇക്കഴിഞ്ഞ വ്യാഴാഴ്ച കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. അരണക്കല്‍ ധര്‍മപുരി ഡിവിഷന് ആറുമുറി ലയത്തില്‍ മാരിമുത്തുവിനയും (29), കമ്പം സ്വദേശി സെന്തില്‍കുമാറിനെയും (34). കൊല്ലപ്പെട്ട കുട്ടികളുടെ മാതാവ് വെണ്ണിലയുമായി മാരിമുത്തുവിന് അവിഹിത ബന്ധം ഉണ്ടായിരുന്നു. അമ്മയെയും മാരിമുത്തുവിനെയും വീട്ടില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ കുട്ടികള്‍ കണ്ടിരുന്നു. ഇനി അമ്മയെത്തേടി വീട്ടില്‍ വരരുതെന്ന് ഭഗവതിയും ശിവയും മാരുമുത്തുവിനെ താക്കീത് ചെയ്തിരുന്നു. ഇതാണ് അരുംകൊല ചെയ്യാന്‍ മാരിമുത്തുവിനെ പ്രേരിപ്പിച്ചത്.
|
സത്യ |
കൂട്ടുകാരന് സെന്തില്‍കുമാറിനെയും ഇതിനായി ഒപ്പം കൂട്ടി. സാഹചര്യതെളിവുകള്‍ മാത്രമുളള കേസില്‍ ഇവര്‍ക്ക് ശിക്ഷ ലഭിക്കുമോ എന്ന് പ്രവചിക്കാനാകില്ല. അഥവാ ശിക്ഷ ലഭിച്ചാല്‍ തന്നെ ജീവിതം സ്വപ്നം കണ്ടു തുടങ്ങും മുമ്പെ പെറ്റമ്മയുടെ ജാരനാല്‍ കൊല്ലപ്പെട്ട ഭഗവതിക്കും ശിവക്കും എന്തു നേട്ടം?.
ദേശീയ ബാലാവകാശ കമ്മീഷന് സംസ്ഥാനത്തെ ആദ്യ ശിശുസൗഹൃദജില്ലയായി പ്രഖ്യാപിച്ചതാണ് ഇടുക്കിയെ. 2008 മെയ് മാസത്തിലാണു കമ്മീഷന് ചെയര്‍പേഴ്സണായിരുന്ന ശാന്തസിന്ഹ നേരിട്ടെത്തി ഇടുക്കി ശിശുസൗഹൃദ ജില്ലയാക്കിയത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാകുക എന്നതാണ് ശിശുസൗഹൃദ പ്രഖ്യാപനത്തിന്റെ ലക്ഷ്യം. പ്രഖ്യാപനം നടന്ന 2008-ല്‍ 71 കേസും 2009-ല്‍ 89-ഉം 2010-ല്‍ 169-ഉം ശിശു പീഡന കേസുകള്‍ റിപോര്‍ട്ടു ചെയ്തപ്പോള്‍ 2012-ല്‍ ഇത് 264 ആയി. 2013ല്‍ കുമളിയിലെ ഷെഫീഖിന്റേത് അടക്കം 300ഓളം കേസുകളാണ് റിപോര്‍ട്ടു ചെയ്തിരിക്കുന്നത്.
ഛിന്നഭിന്നമായ കുടുംബപശ്ചാത്തലങ്ങളാണ് പലപ്പോഴും ഭഗവതിമാരുടെയും ശിവമാരുടെയും ദുര്‍ഗതിക്ക് കാരണമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. രക്ഷിതാക്കളുടെ മദ്യപാനത്തിന്റെയും വഴിവിട്ട ബന്ധങ്ങളുടെയും ഇരകളാണ് ഇവരെല്ലാം. സംരക്ഷിക്കേണ്ടവര്‍ തന്നെ സംഹാരകരായ എത്രയോ സംഭവങ്ങളാണ് മലയോരം ഞെട്ടലോടെ കണ്ടത്.
2013 മാര്‍ച്ച് മൂന്നിന് വൈകിട്ട് വീട്ടില്‍ ഉറങ്ങുകയായിരുന്ന തൊടുപുഴ കോലാനി ചേരിയിലെ 13കാരി ദേവിയുടെ ശരീരത്തില്‍ മുത്തശ്ശി ഭവാനി മദ്യലഹരിയില്‍ മണ്ണെണ്ണ ഒഴിച്ചുതീ കൊളുത്തി. അമ്മ ഉപേക്ഷിച്ചുപോയ ദേവിയെ വളര്‍ത്തിയത് മുത്തശ്ശി ഭവാനി തന്നെയായിരുന്നു. ദേവിയുടെ അച്ഛന് ശെല്‍വം വീട്ടിലേക്ക് വരാറില്ലായിരുന്നു. കോടിക്കുളം കൊടുവേലി അനാഥാലയത്തിന്റെ സ്കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ദേവി. 39 ദിവസം മരണത്തോട് മല്ലിട്ട ദേവി ഏപ്രില്‍ 12ന് മരിച്ചു.
|
ദേവി |
പീരുമേട്ടിലെ തോട്ടം തൊഴിലാളികളുടെ മകളും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുമായ സത്യയെ 2012 ജൂലൈയിലാണ് തേനിയില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിന് ഒരാഴ്ച മുമ്പായിരുന്നു സത്യ തമിഴ്നാട്ടില്‍ മുന്‍ ഡി.എം.കെ എം.എല്‍.എ രാജ്കുമാറിന്റെ മകളുടെ വീട്ടില്‍ ജോലിക്കെത്തിയത്. മകളെ എം.എല്‍.എയുടെ മകളുടെ കൂടെ സ്കൂളില്‍ അയക്കാമെന്ന് പറഞ്ഞാണ് ജോലിക്ക് കൊണ്ടുപോയത്. എന്നാല്‍ അവിടെ ഇളം മേനി പലരുടെയും കാമവെറിക്ക് ഇരയായി.
സംഭവത്തില്‍ മുന്‍ എം.എല്‍.എ അടക്കം അറസ്റ്റിലായി. ഉറ്റവരുടെ ക്രൂരതക്കിരയായാണ് ഈ നാലു കുട്ടികള്‍ക്കും മരണം ഏറ്റുവാങ്ങേണ്ടി വന്നത്. പുറത്തറിയാതെ പോകുന്ന സംഭവങ്ങള്‍ എത്രയോ ഉണ്ടാകാം.
2013 ജൂലൈ എഴിന് ഇടുക്കി ശിശുക്ഷേമ സമിതി അധ്യക്ഷന്‍ പി.ജി ഗോപാലകൃഷ്ണന് നായര്‍ക്ക് ലഭിച്ച ഒരു ടെലഫോണ്‍ സന്ദേശം കേരളത്തിന്റെ മനസാക്ഷിയെ മരവിപ്പിക്കുകയും പിന്നീട് തൊട്ടുണര്‍ത്തുകയും ചെയ്ത ഒരു സംഭവത്തിന് നിമിത്തമായി. കുമളി ചെങ്കരയിലെ അഞ്ചു വയസുകാരന് ഷഫീഖ് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരതക്കിരയായി അവിടത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്നു എന്നായിരുന്നു സന്ദേശം.
|
ഭഗവതി |
വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കില്‍ കുട്ടിയുടെ ജീവന് നഷ്ടമാകും എന്നും വിളിച്ചയാള്‍ പറഞ്ഞു. പിറ്റേ ദിവസം തന്നെ ഗോപാലകൃഷ്ണന് നായര്‍ എത്തി ഷഫീഖിനെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലാക്കി. ഇതോടെ ഷഫീഖ് കേരളത്തിന്റെ നൊമ്പരമായി. അവന്റെ വിവരങ്ങള്‍ ചാനലുകള്‍ തല്‍സമയം ലോകത്തെ അറിയിച്ചു. ഷെഫീഖിനെ സര്‍ക്കാര്‍ ഏറ്റെടുത്തു. വിദഗ്ധ ചികില്‍സക്കായി വെല്ലൂര്‍ ആശുപത്രിയിലേക്ക കൊണ്ടുപോയി. ഇപ്പോള്‍ പെരുമ്പിളളിച്ചിറ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജില്‍ പോറ്റമ്മ രാഗിണിക്കൊപ്പം കഴിയുകയാണ് ഷഫീഖ്.
|
ശിവ |
ശിശുക്ഷേമ രംഗത്ത് വന്‍ വിപ്ലവത്തിനാണ് ഷെഫീഖിന്റെ ദുരനുഭവം വഴിവെച്ചത്. ഷെഫീഖിന്റെ പേരില്‍ ശിശുക്ഷേമത്തിനായി പുതിയ നിയമം തന്നെ സര്‍ക്കാര്‍ കൊണ്ടുവന്നു. ഇതോടെ കുഞ്ഞുങ്ങളുടെ സുരക്ഷ കുടുംബത്തിന്റെ മാത്രമല്ല അധ്യാപകരുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമായി. കുട്ടികള്‍ പീഡനങ്ങള്‍ നേരിടുന്നുണ്ടോ എന്നറിയാന്‍ സ്കൂളുകളില്‍ കൗണ്‍സിലിംഗ് തുടങ്ങിയത് ഇതോടെയാണ്. ഇതിന് ശേഷം വീടിന്റെ ചുമരുകളില്‍ ഒതുങ്ങിപ്പോകുമായിരുന്ന എത്രയോ ശിശുരോദനങ്ങള്ക്കാണ് പുറം ലോകമറിഞ്ഞ് പരിഹാരം കാണാനായത്.
എഴു വര്‍ഷം മുമ്പ് നാട്ടുകാര്‍ രക്ഷിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ രാജാക്കാട് കരുണാ ഭവനില്‍ കൂട്ടുകാര്‍ക്കൊപ്പം പഠിച്ചും കളിച്ചും വളരുന്ന 10 വയസുകാരന് ആരോമലിന്റെ വിധിയും ഷെഫീഖിന്റേതായേനെ. ജന്മം നല്കിയവര് മൂന്നാം വയസില്‍ നല്കിയ പീഡനത്തെക്കുറിച്ച് അവന് മറന്നു കഴിഞ്ഞിരിക്കുന്നു. ആറു മാസം പട്ടിക്കൊപ്പം ചങ്ങലക്കൂട്ടിലാണ് ആരോമലിനെ വളര്‍ത്തിയത്. നെടുങ്കണ്ടം മാവടിയിലെ വീട്ടുവരാന്തയില്‍ നിന്നും 2007 ഒക്ടോബര്‍ 19ന് അവനെ നാട്ടുകാരാണ് രക്ഷിച്ചത്.
പിതാവ് നെടുങ്കണ്ടം മാവടി കൈലാസം കൊച്ചുപുരക്കല്‍ ബെന്നി (27), ഒപ്പം താമസിച്ചിരുന്ന മഞ്ജു(25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പട്ടിക്കൊപ്പം കഴിയുന്ന ആരോമലിന്റെ ദൈന്യചിത്രം അന്നു വന്‍ വാര്‍ത്തയും വേദനയുമായി. കരുണാ ഭവനില്‍ ഇന്നു സന്തുഷ്ടനാണ് ആരോമല്‍.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുന്നില്ല, മറിച്ചു ജനങ്ങളെ ബോധവല്ക്കരിച്ചതിലൂടെ ശ്രദ്ധയില്‍പ്പെടുന്ന കേസുകളുടെ എണ്ണം വര്ധിക്കുകയാണുണ്ടായതെന്നാണു ജില്ലാ ശിശുക്ഷേമ സമിതി ചെയര്മാന് പി.ജി ഗോപാലകൃഷ്ണന്‍നായര്‍ പറയുന്നത്. അത് സത്യമാകാമെങ്കിലും തോട്ടം മേഖലയിലും മറ്റും അമര്ത്തിപ്പിടിക്കപ്പെടുന്ന ശിശുവിലാപങ്ങള് എത്രയോ നാം കേള്‍ക്കാതെ പോകുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
|
ആരോമല്‍ ഇപ്പോള്‍ രാജാക്കാട് കരുണാഭവനില്‍ |
|
നായക്കൊപ്പം പൂട്ടിയിട്ട ആരോമല്‍ (2007 ഒക്ടോബര്‍) |
|
ഷഫീഖ് ആയ രാഗിണിക്കൊപ്പം |
Keywords
: Idukki, Kerala, Children, Attack, Case, Accused.