ഇടനിലക്കാരെ ആവശ്യമില്ല; ആവശ്യമുണ്ടെങ്കില്‍ നേരിട്ട് ചോദിക്കാനറിയാം; തന്റെ പേരില്‍ അവര്‍ പണം കൈപറ്റിയോ എന്നറിയില്ല; ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് സി കെ ജാനു

 


കല്‍പറ്റ: (www.kvartha.com 02.06.2021) തനിക്ക് പണത്തിനായി ഇടനിലക്കാരെ നിര്‍ത്തേണ്ട ആവശ്യമില്ലെന്ന് സി കെ ജാനു. എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ പണം ആവശ്യപ്പെട്ടുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

'ഓഡിയോ ക്ലിപ് പുറത്തുവന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ഇടനിലക്കാരായി ആരെയും നിര്‍ത്തിയിട്ടില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ നേരിട്ട് ചോദിക്കാനറിയാം. പ്രകാശന്‍ മൊറാഴയും പ്രസീതയുമെല്ലാം അടുത്തകാലത്ത് പാര്‍ടിയില്‍ വന്നവരാണ്. യാതൊരു പാരമ്പര്യവും അവര്‍ക്കില്ല. ബിജെപി അധ്യക്ഷനും മറ്റു മുതിര്‍ന്ന നേതാക്കളുമായി അവരേക്കാള്‍ കൂടുതല്‍ ബന്ധം എനിക്കുണ്ട്. അങ്ങനെയുള്ളപ്പോള്‍ ഇടനിലക്കാര്‍ എന്തിനാണ് എന്നും സി കെ ജാനു ചോദിക്കുന്നു.

ഇടനിലക്കാരെ ആവശ്യമില്ല; ആവശ്യമുണ്ടെങ്കില്‍ നേരിട്ട് ചോദിക്കാനറിയാം; തന്റെ പേരില്‍ അവര്‍ പണം കൈപറ്റിയോ എന്നറിയില്ല; ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് സി കെ ജാനു

എന്നാല്‍ എന്റെ പേരില്‍ അവര്‍ തുക കൈപ്പറ്റിയോ എന്നറിയില്ല. അതിന് അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണ്. ഞാന്‍ പണം കൈപ്പറ്റിയെന്ന് കുറേ നാളുമുന്‍പേ ആരോപണമുണ്ട്. പണമിടപാടുമായി ബന്ധപ്പെട്ടത് എന്ന പേരിലുള്ള ഓഡിയോ ക്ലിപ്പ് ഇപ്പോഴാണ് പുറത്തുവന്നത്. പാര്‍ടിയില്‍ നിന്ന് പുറത്താക്കിയെന്നൊക്കെ പറയുന്നത് വെറുതെയാണ്. ഇപ്പോഴും ഞാനാണ് പാര്‍ടിയുടെ അധ്യക്ഷ. എന്നെ പുറത്താക്കി പാര്‍ടി പിടിച്ചടക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ജാനു പ്രതികരിച്ചു.

വ്യക്തിഹത്യയും തേജോവധവും നടത്തി എന്നെ ഇല്ലാതാക്കിയാല്‍ അധികാരത്തിലിരിക്കാമെന്നാണ് അവര്‍ കരുതുന്നത്. തേജോവധം ചെയ്യുന്നുവെന്ന് കോടതിയില്‍ നേരത്തെ തന്നെ പരാതി നല്‍കി. പൊലീസിലും ഉടന്‍ പരാതി നല്‍കും. ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും സി കെ ജാനു പ്രതികരിച്ചു.

ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ആയി മത്സരിക്കുന്നതിന് സി കെ ജാനു പത്ത് കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. ജനാധിപത്യ രാഷ്ട്രീയ സഭ (ജെആര്‍പി) ട്രഷറര്‍ പ്രസീതയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തു വന്നത്.

Keywords:  CK Janu's statement on new allegations, Wayanadu, News, Politics, BJP, Allegation, Assembly-Election-2021, Phone call, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia