Protest | ബിജെപി കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; 'ബാരിക്കേഡ് മറികടന്നുകൊണ്ട് ചാടിക്കയറാന്‍ ശ്രമിച്ച വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു'
● രാവിലെ പതിനൊന്നരയോടെ മാരാര്‍ജി ഭവനില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ എത്തിയത്
● പൊലീസുമായി ഉന്തുംതള്ളും നടന്നു
● നേതാക്കള്‍ ഇടപ്പെട്ട് പ്രവര്‍ത്തകരെ ശാന്തമാക്കി
കണ്ണൂര്‍: (KVARTHA) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മുന്‍ എ ഡി എം കെ നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, പി പി ദിവ്യയെ അറസ്റ്റ് ചെയ്യുക, കണ്ണൂര്‍ ജില്ലാ കലക്ടറെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തുക എന്നീ ആവശ്യങ്ങളാണ് പ്രവര്‍ത്തകര്‍ ഉന്നയിച്ചത്.
പൊലീസ് ബാരിക്കേഡ് മറികടന്നുകൊണ്ടു കലക്ടറേറ്റ് വളപ്പില്‍ ചാടിക്കയറാന്‍ ശ്രമിച്ച വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചതായി പരാതി. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍പിലെത്തിയത്.
ഒന്നാം കവാടത്തില്‍ പൊലീസ് ഉയര്‍ത്തിയ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് പല വട്ടം ജലപീരങ്കി പ്രയോഗിക്കുകയായിരുന്നുവെന്നും നേതാക്കള്‍ പരാതിപ്പെടുന്നു. ഇതോടെ പ്രകോപിതരായ പ്രവര്‍ത്തകര്‍ എംവി സുമേഷിന്റെ നേതൃത്വത്തില്‍ വരുണ്‍ ജല പീരങ്കിക്ക് നേരെ പാഞ്ഞടുക്കുകയും പൊലീസുമായി ഉന്തുംതള്ളും നടക്കുകയും ചെയ്തു.
തുടര്‍ന്ന് നേതാക്കള്‍ ഇടപ്പെട്ട് പ്രവര്‍ത്തകരെ ശാന്തമാക്കി. ഇതിനുശേഷം നടന്ന പ്രതിഷേധ സമരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേഷ് ഉദ് ഘാടനം ചെയ്തു. സി മനോജ് സ്വാഗതം പറഞ്ഞു. ബിജു എളക്കുഴി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രഞ്ജിത്ത്, എം ആര്‍ സുരേഷ്, വിനോദന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സമരത്തിന് ശേഷം റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
#BJPProtest #KannurClash #WaterCannon #KeralaPolitics #PoliceAction #WomenProtestors