മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ചെക്ക് കേസിലെ പ്രതി എത്തിയ ഫോട്ടോ മാറ്റിയത് വിവാദമായി

 


കണ്ണൂര്‍: സ്വകാര്യ ആവശ്യത്തിന് മാഹിയില്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാന്‍ വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ചെക്കു കേസിലെ പ്രതിയുടെ ഫോട്ടോ മാറ്റിയത് വിവാദമായി. പ്രതിയുടെ ഫോട്ടോയുടെ സ്ഥാനത്ത് എസ്.ഐയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് പ്രത മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച സംഭവമാണ് വിവാദത്തിന് തിരികൊളുത്തിയത്.

മാതൃഭൂമി ഉള്‍പെടെ മിക്ക പത്രങ്ങളിലും എഡിറ്റ് ചെയ്ത ചിത്രമാണ് അടിച്ചുവന്നത്. ഈ സ്വീകരണ ചടങ്ങിന്റെ യഥാര്‍ത്ഥ ചിത്രവും എഡിറ്റ് ചെയ്ത ചിത്രവും സി.പി.എം. മുഖപത്രമായ ദേശാഭിമാനിയിലാണ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചത്. 'പ്രതിയും പ്രതിച്ഛായയും' എന്ന അടിക്കുറിപ്പും ദേശാഭിമാനി നല്‍കിയിട്ടുണ്ട്.

ചിത്രം എഡിറ്റു ചെയ്ത് പത്രങ്ങള്‍ക്ക് നല്‍കിയത് കോണ്‍ഗ്രസ് നേതാക്കളാണെന്നാണ് ദേശാഭിമാനിയുടെ ആരോപണം. മാഹിയിലെ സ്വകാര്യ സ്റ്റുഡിയോയിലെ ഫോട്ടോ ഗ്രാഫറാണ് ചിത്രം എടുത്തതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ചെക്ക് കേസിലെ പ്രതിയായ ചെമ്പ്രയിലെ ബഷീര്‍ ഹാജിയെ ഒഴിവാക്കി പകരം ഇദ്ദേഹത്തിന്റെ സ്ഥാനത്ത് തലശ്ശേരി എസ്.ഐ. എം.പി. ആസാദിനെ ഉള്‍പെടുത്തി എന്നുമാണ് ദേശാഭിമാനിയുടെ റിപോര്‍ട്ട്.

എന്നാല്‍ ഫോട്ടോയുടെ ഉടമസ്ഥന്‍ ആരാണെന്ന കാര്യത്തില്‍ ഇപ്പോഴും ഒരു വ്യക്തതയും ഉണ്ടായിട്ടില്ല. പത്രങ്ങള്‍ക്ക് ഫോട്ടോ അയക്കുന്ന ഫ്രീലാന്‍ഡ്‌ ഫോട്ടോഗ്രാഫര്‍മാരാണോ അതോ പത്രം ഓഫീസില്‍ വച്ചാണോ ചിത്രം എഡിറ്റ് ചെയ്തത് എന്ന കാര്യവും ഇനിയും പുറത്തുവന്നിട്ടില്ല. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മുഖ്യമന്ത്രി സ്വകാര്യ ചടങ്ങിനായി മാഹിയിലെത്തിയത്. റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരിച്ച് ആനയിക്കപ്പെട്ട മുഖ്യമന്ത്രിയുടെ വലതുവശമാണ് പ്രതിയായ ബഷീര്‍ ഹാജി ഉണ്ടായിരുന്നത്. ഇടതുവശത്ത് മാഹി എം.എല്‍.എ. ഇ. വത്സരാജും പിറകില്‍ മുന്‍ മന്ത്രി കെ.പി. നൂറുദ്ദീനും മറ്റു പ്രാദേശീക നേതാക്കളുമാണ് ഉണ്ടായിരുന്നത്.

ഫോട്ടോ ഷോപ്പില്‍ വിദഗ്ദ്ധനല്ലാത്ത ഒരാളാണ് ചിത്രം എഡിറ്റു ചെയ്തതെന്ന കാര്യം വ്യക്തമാണ്. ബഷീര്‍ ഹാജിയുടെ സ്ഥാനത്ത് മുഖ്യമന്ത്രിയുടെ തൊട്ടുപിറകിലുള്ള എസ്.ഐ.യുടെ മറ്റൊരു ചിത്രമാണ് ചേര്‍ത്തത്‌. ബഷീര്‍ ഹാജിയുടെ കൈയും വസ്ത്രവും ഫോട്ടോയില്‍ നിന്നും മാറ്റാനും എഡിറ്റ് ചെയ്തവര്‍ക്ക് കഴിഞ്ഞില്ല. പിന്നിലുള്ള എസ്.ഐയുടെ ചിത്രം നീക്കാനും എഡിറ്റ് ചെയ്തയാള്‍ ശ്രദ്ധിച്ചില്ല.
മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ചെക്ക് കേസിലെ പ്രതി എത്തിയ ഫോട്ടോ  മാറ്റിയത് വിവാദമായി

പെട്ടന്നുതന്നെ കൃത്രിമം കണ്ടെത്താവുന്ന രീതിയിലാണ് ചിത്രം എഡിറ്റുചെയ്തത്. മുഖ്യമന്ത്രിയെ സ്വീകരിക്കുന്നതില്‍ പ്രതി ഉള്‍പെട്ട ഫോട്ടോ പുറത്തുവന്നാല്‍ ഉണ്ടാകാവുന്ന നാണക്കേട് ഒഴിവാക്കാനാണ് ഇത്തരം ഒരു 'ചിത്രവധം' നടത്തിയതെന്നും ദേശാഭിമാനി ആരോപിക്കുന്നു. സോളാര്‍ കേസില്‍ സരിതയേയും മറ്റുള്ളവരേയും അറിയില്ലെന്ന് മുഖ്യന്ത്രി ഉള്‍പെടെയുളളവര്‍ പറയുകയും പിന്നീട് ഇതിന്റെ തെളിവുകള്‍ പുറത്തുവരികയും ചെയ്തതാണ് വിവാദം കൊഴുക്കാന്‍ കാരണമായത്.

പലരും ഓഫീസിലും പൊതുപരിപാടിയിലും എത്താറുണ്ടെന്നും അവരില്‍ പ്രതികളായവരും അറിയാതെ കടന്നു വന്നിട്ടുണ്ടാകാമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അറിയിച്ചിരുന്നുവെങ്കില്‍ ഇത്രയും കോലാഹാലം സോളാര്‍ വിഷയത്തില്‍ ഉണ്ടാകുമായിരുന്നില്ല. അതുതന്നെയാണ് ഇപ്പോള്‍ മാഹി ഫോട്ടോയിലും സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.

Keywords:  Oommen Chandy, Chief Minister, News Paper, Deshabhimani, Mathrubhumi, Kerala, Edit Photo, Photoshop, Accused, Police, Hand, Photographer, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia