Stolen Gold | സ്വർണം വാങ്ങാനെത്തിയ സ്ത്രീകൾ വളകളുമായി കടന്ന് കളഞ്ഞതായി പരാതി; പൊലീസ് അന്വേഷിക്കുന്നു
Nov 10, 2022, 14:44 IST
കണ്ണൂർ: (www.kvartha.com) തളിപ്പറമ്പ് നഗരത്തിലെ ജ്വലറിയിൽ സ്വർണം വാങ്ങാനെത്തിയ സ്ത്രീകൾ മൂന്ന് പവൻ്റെ വളകൾ മോഷ്ടിച്ച് കടന്നതായി പരാതി. തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് എതിർവശത്ത് ദേശീയ പാതയോരത്തെ അറ്റ്ലസ് ജ്വലറിയിൽ നിന്നാണ് ഓരോ പവൻ വീതമുള്ള മൂന്ന് വളകൾ മോഷണം പോയത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ രണ്ടു സ്ത്രീകൾ ജ്വലറിയിലെത്തി വളകൾ ആവശ്യപ്പെട്ടതായും തുടർന്ന് ഇഷ്ടപ്പെട്ട വളകൾ തിരയുന്നതിനിടയിൽ ജ്വലറിയിലുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ കൂട്ടത്തിൽ ഒരു സ്ത്രീയാണ് വളകൾ മോഷ്ടിച്ചതെന്നുമാണ് പരാതി.
വളകൾ ബാഗിൽ വയ്ക്കുന്നതിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ സമയം തന്നെ മറ്റൊരു സ്ത്രീയും സ്വർണം വാങ്ങാനെത്തിയിരുന്നു. വളകൾ വാങ്ങാനെത്തിയവർ അവർക്കാവശ്യമുള്ള ഡിസൈൻ ഇല്ലാത്തതിനാൽ തിരിച്ചുപോയി. അൽപ സമയത്തിനകം മറ്റേ സ്ത്രീയും സ്വർണം വാങ്ങാതെ തിരിച്ചു പോയി. രാത്രി കണക്കെടുക്കുമ്പോഴാണ് മൂന്ന് വളകൾ കുറഞ്ഞതായി മനസിലായത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോൾ മോഷണ ദൃശ്യങ്ങൾ ലഭിച്ചു. ജ്വലറിയുടെ പുറത്തെ സിസിടിവിയിൽ മൂന്ന് സ്ത്രീകളും ഒരുമിച്ച് വരുന്നതായി കാണുന്നുണ്ട്. എന്നാൽ ഇവർ ജ്വലറിയിലേക്ക് കയറിയത് ഒരുമിച്ചായിരുന്നില്ല.
മോഷണം നടത്തിയ സ്ത്രീകളുടെ കൂടെയുണ്ടായിരുന്ന വ്യക്തി തന്നെയാണ് മറ്റേ സ്ത്രീയുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കന്നഡ ഭാഷയിലായിരുന്നു ഇവർ സംസാരിച്ചിരുന്നത്. എംവി പ്രജീഷ് കുമാർ, എംവി ലിജീഷ് കുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് തളിപ്പറമ്പിലെ അറ്റ്ലസ് ജ്വലറി. വ്യാപാരി നേതാക്കളായ വി താജുദ്ദീൻ്റെയും സിപി ശൗഖതലിയുടെയും നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകി. തളിപ്പറമ്പ് പൊലീസ് നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ സിസിടിവി കാമറകൾ പരിശോധിച്ച് അന്വേഷണം നടത്തി വരികയാണ്.
Keywords: Complaints that women who came to buy gold stole bangles, Kerala, Kannur, News, Police, Investigates, Complaint, Women, CCTV.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.