തെരഞ്ഞെടുപ്പ് ഫലം എന്തായാലും പി.സി. ജോര്‍ജിന് പുറത്തേക്ക് വഴികാട്ടാനുറച്ച് കോണ്‍ഗ്രസ്

 


തിരുവനന്തപുരം: (www.kvartha.com 15.04.2014) ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് അനുകൂലമായാലും അല്ലെങ്കിലും ഗവണ്‍മെന്റ് ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പി.സി. ജോര്‍ജിനെ മാറ്റാനുള്ള സമ്മര്‍ദം കോണ്‍ഗ്രസ് ശക്തമാക്കുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് എന്നിവയും ഗ്രൂപ്പില്ലാത്ത കെ.പി.സി.സി. പ്രസിഡണ്ട് വി.എം. സുധീരനും ഒരേ നിലപാടിലാണെന്ന് സൂചനയുണ്ട്.

കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി നേരിട്ട് നിയോഗിച്ച കെ.പി.സി.സി. വൈസ് പ്രസിഡണ്ട് വി.ഡി. സതീഷനെ ഇക്കാര്യം രാഹുല്‍ ഗാന്ധിയെ ബോധ്യപ്പെടുത്തുന്നതിന് ഒരു വിഭാഗം യുവ എം.എല്‍.എമാര്‍ നിര്‍ബന്ധിക്കുന്നുമുണ്ട്. ടി.എന്‍. ടി.എന്‍. പ്രതാപന്‍, വി.ടി. ബല്‍റാം, ഐ.ബി. ഈഡന്‍ എന്നിവരാണ് ഈ നീക്കത്തിന് പിന്നില്‍. എന്നാല്‍ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനും ധനകാര്യമന്ത്രിയുമായ കെ.എം. മാണി പി.സി. ജോര്‍ജിന്റെ കാര്യത്തില്‍ ഉറച്ചതീരുമാനം എടുക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടാനുള്ള നീക്കത്തിലാണ് സുധീരന്‍, എം.എം. ഹസന്‍, വി.ഡി. സതീഷന്‍ എന്നിവര്‍.

തെരഞ്ഞെടുപ്പ് ഫലം എന്തായാലും പി.സി. ജോര്‍ജിന് പുറത്തേക്ക് വഴികാട്ടാനുറച്ച് കോണ്‍ഗ്രസ്മന്ത്രിസഭയെ നിലനിര്‍ത്തുന്നതിനും കോട്ടയത്തെ യു.ഡി.എഫ്. രാഷ്ട്രീയം കലങ്ങാതിരിക്കുന്നതിനുമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജോര്‍ജിന്റെ കാര്യത്തില്‍ മൃതുസമീപനം സ്വീകരിക്കുന്നത്. എന്നാല്‍ ഒരു വിധത്തിലും ഇനി അത് തുടരാനാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഗ്രൂപ്പില്‍ നിന്ന് വ്യക്തമായ സന്ദേശം മുഖ്യമന്ത്രിക്ക് തന്നെ ലഭിച്ചുകഴിഞ്ഞു.

നേരത്തെ ജോര്‍ജിനെ സഹിക്കാനാകാതെ അദ്ദേഹത്തിനെതിരെ ഒരു കരിങ്കൊടി പ്രകടനവും കല്ലേറും മറ്റുമായി മുന്നോട്ട് വന്ന എ ഗ്രൂപ്പ് അതില്‍ നിന്ന് പിന്നോട്ട് പോയിരുന്നു. തിരഞ്ഞെടുപ്പ് വന്നശേഷം ജോര്‍ജിനെ മാറ്റിയില്ലെങ്കില്‍ അദ്ദേഹത്തെ വഴിനടക്കാന്‍ അനുവദിക്കാത്ത വിധത്തിലുള്ള പ്രതിഷേധത്തിലേക്കാണ് കോണ്‍ഗ്രസിലെ എല്ലാ വിഭാഗങ്ങളും എത്തിക്കൊണ്ടിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ യു.എഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആന്റോ ആന്റണിയെ തോല്‍പ്പിക്കാന്‍ പി.സി. ജോര്‍ജ് പിന്നണിയില്‍ കാര്യമായി ശ്രമിച്ചുവെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. അതുമറച്ചുവെക്കാനാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമായിരുന്നുവെന്ന് ജോര്‍ജ് പരസ്യവിമര്‍ശനം ഉന്നയിച്ചതത്രെ.

ആറന്മുള വിമാനത്താവളത്തെ അനുകൂലിക്കുന്ന ആന്റോ ആന്റണിയെ വിമാനത്താവളം എതിര്‍ക്കുന്നവര്‍ ഒന്നായിച്ചേര്‍ന്ന് പരാജയപ്പെടുത്താന്‍ ശ്രമിച്ചവെന്നും അതിന് ജോര്‍ജ് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തുവെന്നും സൂചനകളുണ്ട്. കോണ്‍ഗ്രസുമായി രണ്ടും കല്‍പിച്ചുള്ള പോരിന് പി.സി. ജോര്‍ജ് വീണ്ടും ഇറങ്ങിയിരിക്കുകയാണ്. എന്നാല്‍ യു.ഡി.എഫില്‍ തല്‍ക്കാലം തുടരുകതന്നെ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതിനാലാണ് മാണി പരസ്യമായി ജോര്‍ജിനെ തള്ളിപ്പറഞ്ഞത്.

അദ്ദേഹത്തിന്റെ ആ നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോര്‍ജിനെ മാറ്റിയേ തീരുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അതിനിടെ തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് അനുകൂലമാവുകയും നരേന്ദ്ര മോഡി സര്‍ക്കാറുണ്ടാക്കുകയും ചെയ്താല്‍ മകന്‍ ജോസ് കെ. മാണിയെ കേന്ദ്രത്തില്‍ മന്ത്രിയാക്കാന്‍ മാണി ചരട് വലിക്കുമെന്ന പ്രചരണം മധ്യകേരളത്തില്‍ വ്യാപകമാണ്.

ആഘട്ടത്തില്‍ മാണി യു.ഡി.എഫ്. വിട്ടാല്‍ യു.ഡി.എഫിനുള്ളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തുടരുമെന്നും പ്രചരിപ്പിക്കപ്പെടുന്നു. എന്നാല്‍ യു.ഡി.എഫില്‍ നിന്നും പുറത്തുപോയിക്കൊണ്ട് കേന്ദ്രത്തില്‍ മകനെ മന്ത്രിയാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ മണ്ടത്തരം കെ.എം. മാണി കാണിക്കില്ലെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ വിശ്വസിക്കുന്നത്.

ജോര്‍ജിന്റെ കാര്യത്തിലുള്‍പെടെ മാണിക്കുമേല്‍ ചെലുത്തുന്ന ഏതുസമ്മര്‍ദത്തേയും മറികടക്കാന്‍ കേരള കോണ്‍ഗ്രസ് തന്നെ പ്രചരിപ്പിക്കുന്നതാണ് മോഡി കേന്ദ്രത്തെ കുറിച്ചുള്ള അഭ്യൂഹമെന്നാണ് മറ്റൊരു സൂചന. തനിക്കെതിരെ കോണ്‍ഗ്രസിലും കേരളാ കോണ്‍ഗ്രസിലും ശക്തമായ കരുനീക്കങ്ങള്‍ നടക്കുന്നുവെന്നറിയാവുന്ന പി.സി. ജോര്‍ജ് കേരളത്തിലെ ആംആദ്മി പാര്‍ട്ടി, ആര്‍.എം.പി. തുടങ്ങിയവയുമായിചേര്‍ന്ന് പുതിയ രാഷ്ട്രീയ സഖ്യത്തിന് ശ്രമിക്കുന്നതായി പറയപ്പെടുന്നുണ്ട്.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇത്തരം ചില സൂചനകള്‍ ജോര്‍ജ് തന്നെയാണ് പുറത്തുവിട്ടത്. എന്നാല്‍ ജോര്‍ജ് യു.ഡി.എഫിന് ഭാരമാണെന്നും ഏതുവഴിക്കാണെങ്കിലും അദ്ദേഹത്തെ മാറ്റിനിര്‍ത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്നും ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  P.C George, Kerala Congress (M), Congress, UDF, Chief Whip, Election, Chief Minister, Ramesh Chennithala, V.M. Sudheeran, Kerala, K.M. Mani, BJP, Congress initiative to expel PC George
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia