Election | കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വനിതാ പോരിന് കളമൊരുങ്ങുന്നു; എന്‍ആറിന്റെ മകളെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; മൂന്നാം സീറ്റായി കണ്ണൂര്‍ വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് സമ്മര്‍ദം ശക്തമാക്കുന്നു

 


/ഭാമ നാവത്ത്

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വനിതാപോരിന് കളമൊരുങ്ങുന്നു. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ മത്സരിക്കുന്നില്ലെങ്കില്‍ തങ്ങള്‍ക്ക് വിട്ടുതരണമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയ മുസ്ലിം ലീഗിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് വനിതാ സ്ഥാനാര്‍ഥിയെന്ന തുറുപ്പുചീട്ട് ഇറക്കാനുള്ള നീക്കമാണ് നടത്തുന്നത്.

കണ്ണൂര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു ഡി എഫിനായി സിറ്റിങ് എംപിയായ കെ സുധാകരന്‍ കളത്തിലറില്ലെന്ന് വ്യക്തമായതോടെയാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം മൂന്നാം സീറ്റിനായി കണ്ണൂരില്‍ സമ്മര്‍ദം ശക്തമാക്കിയത്.

ശൈലജയോ ശ്രീമതിയോ ആരുവരും?

എല്‍ ഡി എഫിനായി മട്ടന്നൂര്‍ മണ്ഡലം എം എല്‍ എ കെ കെ ശൈലജ, കേന്ദ്രകമിറ്റിയംഗം പി കെ ശ്രീമതി, ജില്ലാപഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ എന്നീ വനിതാ നേതാക്കളിലാരെങ്കിലും കളത്തിലിറങ്ങുമെന്ന സൂചന പുറത്തുവന്നുകൊണ്ടിരിക്കെ സാമുദായിക സമവാക്യങ്ങളില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനുളള ഒരു വനിതാ സ്ഥാനാര്‍ഥിയെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കുന്നത്. മുന്‍മന്ത്രിയും ഒരുകാലത്ത് കണ്ണൂര്‍ കോണ്‍ഗ്രസിലെ അതികായകനുമായ എന്‍ രാമകൃഷ്ണന്റെ മകള്‍ അമൃത രാമകൃഷ്ണന്റെ പേരാണ് പാര്‍ടിക്കുളളില്‍ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.

നിലവില്‍ കെ പി സി സി അംഗവും യൂത് കോണ്‍ഗ്രസ് നേതാവുമായ അമൃത രാമകൃഷ്ണന്‍ മുന്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൂടിയാണ്. കണ്ണൂരിലെ കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളില്‍ പ്രമുഖയാണ് അമൃത രാമകൃഷ്ണന്‍. എന്‍ രാമകൃഷ്ണനോടുളള കണ്ണൂരിലെ ജനങ്ങളുടെ വികാരവായ്പും പുതുമുഖ സ്ഥാനാര്‍ഥിയെന്ന പരിഗണനയും അമൃതയ്ക്ക് ലഭിക്കുമെന്നാണ് പാര്‍ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. മാത്രമല്ല കെ സുധാകരന്‍ നേതൃത്വം നല്‍കുന്ന വിശാല ഐ ഗ്രൂപിലെ വനിതാ നേതാക്കളില്‍ ഒരാള്‍ കൂടിയാണ് അമൃത. ഈഴവ വോടുബാങ്ക് നിര്‍ണായക ഘടകമായ കണ്ണൂരില്‍ കെ കെ ശൈലജയാണ് സ്ഥാനാര്‍ഥിയെങ്കില്‍ അമൃതയ്ക്ക് തന്നെയാവും നറുക്ക് വീഴുക.

ശമാ മുഹമ്മദും പരിഗണനയില്‍

എ ഐ സി സി വക്താവ് ശമാ മുഹമ്മദാണ് അമൃതയോടൊപ്പം പറഞ്ഞ് കേള്‍ക്കുന്ന മറ്റൊരു പേര്. ദേശീയ തലത്തില്‍ പാര്‍ടിയുടെ മുഖമായ ശമയ്ക്ക് ഒരു അവസരമെങ്കിലും നല്‍കണമെന്ന അഭിപ്രായം പാര്‍ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. കഴിഞ്ഞ കുറെക്കാലമായി കണ്ണൂര്‍ താണ സ്വദേശിനിയായ ശമാ മുഹമ്മദ് കണ്ണൂര്‍ ജില്ലാ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുവരികയാണ്.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ശമ. എ ഐ സി സി ജെനറല്‍ സെക്രടറി കെ സി വേണുഗോപാലിന്റെ പിന്‍തുണയും ശമയ്ക്കുണ്ടെന്നാണ് വിവരം. എന്തുതന്നെയായാലും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വനിതാ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയാണെങ്കില്‍ ഇവരില്‍ രണ്ടു പേരില്‍ ഒരാളായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്ന് ഉറപ്പായിട്ടുണ്ട്.

കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍, യൂത് കോണ്‍ഗ്രസ് നേതാവ് വി പി അബ്ദുല്‍ റശീദ് എന്നിവരും പാര്‍ടി പരിഗണിക്കുന്ന സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. തളിപറമ്പില്‍ എം വി ഗോവിന്ദനെതിരെ നടത്തിയ മിന്നും പ്രകടനമാണ് വി പി അബ്ദുള്‍ റശീദിനെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാവാന്‍ കാരണം. നിലവില്‍ രമേശ് ചെന്നിത്തലയുടെ അനുഭാവം പുലര്‍ത്തുന്ന നേതാവാണെങ്കിലും കെ സുധാകര പക്ഷത്തിനും സ്വീകാര്യനാണ് അബ്ദുള്‍ റശീദ്. ഇദ്ദേഹത്തിനെ മത്സരിപ്പിക്കാന്‍ രമേശ് ചെന്നിത്തലയുള്‍പെടെയുളള നേതാക്കള്‍ എ ഐ സി സിയില്‍ സമ്മര്‍ദം ചെലുത്തുമെന്നാണ് സൂചന.

എന്‍ ആര്‍ ഇഫ്ക്റ്റ് പ്രതീക്ഷിച്ച് കോണ്‍ഗ്രസ്

കണ്ണൂര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കെ കരുണാകരന്റെ അതീവ വിശ്വസ്തരായ നേതാക്കളിലൊരാളായിരുന്നു മുന്‍മന്ത്രികൂടിയായ എന്‍ രാമകൃഷ്ണനെന്ന എന്‍ ആര്‍ ട്രേഡ് യൂനിയന്‍ നേതാവായും ഡി സി സി അധ്യക്ഷനായും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസില്‍ സ്ഥാനം പിടിച്ച നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസിനെതിരെ സി പി എം അക്രമമുണ്ടായ വേളയിലൊക്കെ അതിശക്തമായി തിരിച്ചടിച്ചുകൊണ്ട് അണികള്‍ക്ക് കരുത്തു പകര്‍ന്ന എന്‍ ആര്‍ ശൈലിയാണ് പിന്നീട് കെ സുധാകരനും സ്വീകരിച്ചത്. ഇരുവരും തമ്മിലുളള ചേരിപ്പോരിനിടെയാണ് കെ സുധാകരന്‍ സംഘടനാ തെരഞ്ഞെടുപ്പിലൂടെ ഡി സി സി അധ്യക്ഷനാകുന്നത്.

പിന്നീട് പാര്‍ടിയില്‍ സുധാകരയുഗം ആരംഭിക്കുകയായിരുന്നു. സുധാകരനെ പാര്‍ടിക്കുളളിലും പുറത്തും അതിനിശിതമായി എതിര്‍ത്തിരുന്ന എന്‍ ആര്‍ ഒടുവില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ സി പി എം പിന്‍തുണയോടെ മത്സരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സി പി എം പ്രവര്‍ത്തകര്‍ക്ക് ഈ അടവുനയം ദഹിക്കാത്തതിനാല്‍ അദ്ദേഹം നിലംതൊട്ടില്ല. അവസാനകാലത്ത് വീണ്ടും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്ന എന്‍ ആര്‍മ രണമടയുംവരെ സാധാരണ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യനായ നേതാവായിരുന്നു.

ഒരു ബീഡിതൊഴിലാളിയായി രാഷ്ട്രീയരംഗത്തിറങ്ങിയ എന്‍ ആര്‍ ഒടുവില്‍ കരുണാകര മന്ത്രിസഭയില്‍ മന്ത്രിവരെയായി. എന്‍ രാമകൃഷ്ണന്‍ കെ സുധാകരനെ നഖശിഖാന്തം എതിര്‍ത്ത നേതാവായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മകള്‍ സുധാകരപക്ഷത്താണ് നിലയുറപ്പിച്ചത്. കെ സുധാകര വിഭാഗത്തിലെ കണ്ണൂര്‍ ജില്ലയിലെ സുപ്രധാന നേതാക്കളിലൊരാളാണ് അമൃത രാമകൃഷ്ണന്‍.

മേയറല്ലെങ്കില്‍ എം പി സ്ഥാനം വേണമെന്ന് ലീഗ്

കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പദവി രണ്ടാം ടേമില്‍ കൈമാറാന്‍ മടിക്കുന്ന കോണ്‍ഗ്രസിനെതിരെ തിരിച്ചടിക്കാന്‍ മുസ്ലിം ലീഗ് രംഗത്തെത്തിയത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. കോര്‍പറേഷന്‍ മേയര്‍ പദവി നല്‍കിയില്ലെങ്കില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം നല്‍കണമെന്നാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ നേതൃയോഗത്തില്‍ ഇതുസംബന്ധിച്ചു കോണ്‍ഗ്രസിനോട് ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചു.

സംസ്ഥാനത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മൂന്നാംസീറ്റ് വേണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിന് അവകാശവാദമുയര്‍ത്തി മുസ്ലിം ലീഗ് രംഗത്തെത്തിയത്. സുധാകരന്‍ മത്സരിക്കുന്നില്ലെങ്കില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി മത്സരിക്കണമെന്ന ആവശ്യമാണ് ലീഗ് നേതൃത്വം ഉയര്‍ത്തുന്നത്. മുസ്ലിം ലീഗ് അഴീക്കോട് മണ്ഡലം ജെനറല്‍ സെക്രടറി സി പി റശീദ് മുന്‍പോട്ടുവെച്ച അഭിപ്രായത്തെ ജില്ലാഭാരവാഹികള്‍ പിന്‍തുണയ്ക്കുകയായിരുന്നു.

ജില്ലാ കമിറ്റിയുടെ അഭിപ്രായം സംസ്ഥാന കമിറ്റി വഴി യു ഡി എഫില്‍ ചര്‍ച്ച ചെയ്യാനാണ് നീക്കം നടത്തുന്നത്. നിലവിലുളള സിറ്റിങ് എംപിമാര്‍ മുഴുവന്‍ മത്സരിക്കണമെന്ന് ഹൈകമാന്‍ഡ് നിര്‍ദേശിച്ചിരുന്നുവെങ്കിലും കെ പി സി സി അധ്യക്ഷന്‍ കൂടിയായതിനാല്‍ കെ സുധാകരന് മാത്രം ഇളവ് നല്‍കാന്‍ സാധ്യതയുണ്ട്.

തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, മട്ടന്നൂര്‍ എന്നിവടങ്ങളില്‍ മുസ്ലിം ലീഗിന് മാത്രം ഗണ്യമായ വോടുണ്ട്. പേരാവൂര്‍, ധര്‍മടം എന്നിവടങ്ങളിലാണ് അല്‍പം കുറവുളളത്. കെ എം ഷാജിയെ മത്സരിപ്പിക്കുകയാണെങ്കില്‍ പൊതുസ്വീകാര്യനായ സ്ഥാനാര്‍ഥിയെന്ന നിലയില്‍ കണ്ണൂര്‍ മണ്ഡലം യു ഡി എഫിനായി നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മുസ്ലിം ലീഗിന് ഒരുസീറ്റിന് കൂടി അര്‍ഹതയുണ്ടെന്ന് കെ മുരളീധരന്‍ എംപിയുള്‍പെടെ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പൊന്നാനി, മലപ്പുറം പാര്‍ലമെന്റ് മണ്ഡലങ്ങള്‍ക്ക് പുറമേ കണ്ണൂരും കൂടി വേണമെന്നാണ് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെടുന്നത്.

Election | കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വനിതാ പോരിന് കളമൊരുങ്ങുന്നു; എന്‍ആറിന്റെ മകളെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; മൂന്നാം സീറ്റായി കണ്ണൂര്‍ വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് സമ്മര്‍ദം ശക്തമാക്കുന്നു



Keywords: News, Kerala, Kerala-News, Politics, Politics-News, KPCC, LDF, K Sudhakaran, Congress, Muslim League, Election, Parliamentary Constituency, Political Party, Kannur News, Candidates, Congress moves to nominate NR's daughter as candidate for Kannur parliamentary constituency.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia