Puthuppally By-elections | പുതുപ്പളളിയില്‍ ഇക്കുറി പൊരിഞ്ഞ പോരാട്ടം, അടിയൊഴുക്കില്‍ പ്രതീക്ഷിച്ച് ഇടതുമുന്നണി; ഉമ്മന്‍ചാണ്ടിയെന്ന വികാരം വോടാവുമെന്ന പ്രതീക്ഷയിലും കോണ്‍ഗ്രസ് വിയര്‍ക്കുന്നു
Aug 16, 2023, 09:20 IST
കണ്ണൂര്‍: (www.kvartha.com) പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടി സ്മരണയില്‍ ഈസിവാകോവര്‍ പ്രതീക്ഷിച്ച കോണ്‍ഗ്രസിന് അപകടം മണക്കുന്നു. സി പി എം മണ്ഡലത്തിലെ മണര്‍കാട് സ്വദേശിയും തീപ്പൊരി നേതാവുമായ ജെയ്ക്ക് പി തോമസിനെ വീണ്ടും കളത്തിലിറങ്ങിയതോടെ പുതുപ്പുളളിയിലെ തെരഞ്ഞെടുപ്പ് ചിത്രവും മാറിതുടങ്ങി. സഹതാപതരംഗത്തിനെ മറികടക്കാന്‍ വികസനമുദ്രാവാക്യം ഇടതുകാംപുകള്‍ ഉയര്‍ത്തിയതോടെ കോണ്‍ഗ്രസ് തീര്‍ത്തും പ്രതിരോധത്തിലായിരിക്കുകയാണ്.
പുതുപ്പളളിയിലെ പരാജയം പാര്‍ടിക്ക് താങ്ങാന്‍ പറ്റാവുന്നതല്ല. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടി നേടിയതിനെക്കാള്‍ ഒന്‍പതിനായിരം വോട് മറികടന്ന് ഭൂരിപക്ഷം മുപ്പതിനായിരത്തിലധികം എത്തിക്കുമെന്ന് ചാനല്‍ ചര്‍ചകളില്‍ അവകാശവാദമുന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ നിശബ്ദരാണ്. എന്തുതന്നെയായാലും ചാണ്ടി ഉമ്മന്‍ ജയിക്കുമെന്നു തിരുത്തി പറയാനും അവര്‍ തയ്യാറായിട്ടുണ്ട്.
കോണ്‍ഗ്രസിന് ആത്മവിശ്വാസം ചോര്‍ന്നു പോകുമ്പോള്‍ വര്‍ധിത വീര്യത്തോടെ ആഞ്ഞടിക്കുകയാണ് സി പി എം. മണ്ഡലത്തിലെ ബഹുഭൂരിപക്ഷം പഞ്ചായതുകളും ആറു ബ്ളോക് പഞ്ചായതുകളും ഇടതുമുന്നണിയോടൊപ്പമാണ്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെ നീണ്ടു നിന്ന ഉമ്മന്‍ചാണ്ടി മാജിക്കില്ലായിരുന്നുവെങ്കില്‍ സി പി എമ്മിന്റെ ഉറച്ച മണ്ഡലമെന്ന ഖ്യാതി പുതുപ്പളളിക്കും കിട്ടിയേനെയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
എന്നാല്‍ ഉമ്മന്‍ചാണ്ടിക്കും കുടുംബത്തിനുമെതിരെയുളള വ്യക്തിപരമായ പരാമര്‍ശങ്ങളും ചികിത്സാ പിഴവുകളും സോളാര്‍ ആരോപണങ്ങളും പ്രചരണവിഷയമാക്കാതെ വെറും വികസനമുദ്രാവാക്യം മാത്രമാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഉയര്‍ത്തിക്കാട്ടുന്നത്. പുതുപ്പളളി മണ്ഡലത്തിന്റെ യഥാര്‍ഥ അവസ്ഥ നേരിട്ടറിയുന്നവര്‍ക്ക് അതില്‍ അതിശയോക്തി തോന്നുമില്ല. ഈ സാഹചര്യത്തെ പ്രതിരോധിക്കാന്‍ കണ്‍മുന്നില്‍ കാണുന്ന സത്യങ്ങളെ അവഗണിച്ച് കൊണ്ട് വെറും വൈകാരികതയെന്ന മന്ത്രചരടില്‍ പിടിച്ചു മുന്‍പോട്ടു പോകാന്‍ ഇനിയും കഴിയില്ലെന്ന യാഥാര്‍ഥ്യം കോണ്‍ഗ്രസും പതുക്കെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ യുദ്ധസമാനമായ സാഹചര്യമാണ് പുതുപ്പളളിയില്‍ കോണ്‍ഗ്രസും യു ഡി എഫും ഒരുക്കിയിട്ടുളളത്.
ഉമ്മന്‍ചാണ്ടി മത്സരിച്ച കാലത്തൊക്കെ മാണിഗ്രൂപിന്റെ വോടുകിട്ടിയിരുന്നുവെങ്കിലും ഇപ്പോള്‍ ജോസ് കെ മാണിയുടെ പാര്‍ടി എല്‍ ഡി എഫിനൊപ്പമാണ്. മാത്രമല്ല പതിറ്റാണ്ടുകളായി തുടരുന്ന സഭാതര്‍ക്കവും ഏറ്റവും വലിയ തലവേദനയാവുക കോണ്‍ഗ്രസിന് തന്നെയാവും. ഉമ്മന്‍ചാണ്ടിയുടെ അവസാന തെരഞ്ഞെടുപ്പില്‍ വോടു ഗണ്യമായി ചോര്‍ത്തിയത് ഇരുസഭകളും തമ്മിലുളള ആധിപത്യത്തിനായുളള പോരാട്ടമായിരുന്നു.
മണ്ഡലത്തില്‍ ബി ജെ പി അവര്‍ക്ക് കിട്ടാവുന്നതില്‍ ഏറ്റവും നല്ലസ്ഥാനാര്‍ഥിയെ നിര്‍ത്തിയതും കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. പുതുപ്പളളില്‍ കാല്‍ലക്ഷം വോടു ബി ജെ പി പിടിച്ചാല്‍ അതുദോഷം ചെയ്യുന്നത് കോണ്‍ഗ്രസിന് തന്നെയാകും. പുതുപ്പളളിയില്‍ ഇക്കുറി പാര്‍ടിക്ക് ജയസാധ്യതയുണ്ടെന്ന് ഏറ്റവും ആദ്യം തിരിച്ചറിഞ്ഞ് സി പി എം സംസ്ഥാന നേതൃത്വം തന്നെയാണ്. 42 ശതമാനം വോടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ലഭിച്ചിരുന്നത്.
കോണ്‍ഗ്രസിലെ ചേരിപ്പോരുകാരണം ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ടായിരുന്ന പലരും ഇന്ന് പാര്‍ടിയോടൊപ്പമില്ല. ഓര്‍തഡോക്സ് വിഭാഗത്തില്‍ സ്വാധീനമുളള ഇവരുടെ വോട്ടുമറിയുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നത് ഇടതുമുന്നണി കാംപുകളെ അലോസരപ്പെടുത്തിയിട്ടുണ്ട്. തിരുവഞ്ചൂരും കെ സിയും തെരഞ്ഞെടുപ്പിന് മുന്‍പില്‍ തന്നെയുണ്ടെങ്കിലും തൃക്കാക്കരയില്‍ പുറത്തെടുത്ത സതീശന്റെ പ്രവര്‍ത്തനമികവ് കോണ്‍ഗ്രസിന് പ്രതീക്ഷയേകുന്ന ഘടകങ്ങളാണ്.
സംഘടനാസംവിധാനത്തിന്റെ ദൗര്‍ബല്യങ്ങളെ മറികടന്നു കൊണ്ടു മിന്നല്‍ വേഗത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനും ചാണ്ടി ഉമ്മനെ കൊണ്ടു ഒരുവട്ടം മണ്ഡല പര്യടനം നടത്തിക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞു. ചുമരെഴുത്തുകളും വീടുകയറിയുളള പ്രചരണങ്ങളും ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയതും ദിവസങ്ങള്‍ക്കുളളിലാണ്.
ഇടതുസര്‍കാരിന്റെ ഭരണപരാജയമായ വിലക്കയറ്റവും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളും കഴിഞ്ഞ ആറുമാസമായി മാധ്യമങ്ങളില്‍ നിന്നും അകന്നു കഴിയുന്ന പിണറായി വിജയന്‍ പുതുപ്പളളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നതും തങ്ങള്‍ക്ക് ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
മിത്ത് വിവാദത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന എന്‍ എസ് എസ് ജെനറല്‍ സെക്രടറി ജി സുകുമാരന്‍ നായരെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പെരുന്നയില്‍ പോയി സന്ദര്‍ശിച്ചു മഞ്ഞുരുക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും എന്‍ എസ് എസ് വോടുകള്‍ തങ്ങള്‍ക്കു തന്നെ വീഴുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. രമേശ് ചെന്നിത്തലയെ ഇറക്കി എന്‍ എസ് എസിനെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയെ മുന്‍നിര്‍ത്തി വോടു ചോര്‍ച തടയാനാണ് എല്‍ ഡി എഫ് ശ്രമം. സമുദായംഗങ്ങളായ ഇരുവര്‍ക്കും എന്‍ എന്‍ എസില്‍ നല്ലസ്വാധീനമുണ്ട്. അതുകൊണ്ടു തന്നെ സുകുമാരന്‍ നായരുടെ സമദൂര സിദ്ധാന്തത്തില്‍ വിളളല്‍ വീഴ്ത്താനുളള രാഷ്ട്രീയ പരമായ നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്.
ബി ഡി ജെ എസ് ബി ജെ പിയുടെ കൂടെയാണെങ്കിലും എസ് എന്‍ ഡി പി യോഗം ജെനറല്‍ സെക്രടറി വെളളാപ്പളളി നടേശന്‍ കൂറുകാണിക്കുന്നത് ഇടതു മുന്നണിയോടെയാണ്. ഇരുമുന്നണികളും ബി ജെ പിയും നേതാക്കളെ ഇറക്കി പ്രചരണം കൊഴുപ്പിക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് ഓരോ പഞ്ചായതിലും ഓരോ എംപിമാര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതല നല്‍കിയിട്ടുണ്ട്.
ഒന്നിലധികം എം എല്‍ എമാര്‍, കെ പി സി സി ഭാരവാഹികള്‍ എന്നിവരും മണ്ഡലത്തില്‍ കാംപ് ചെയ്തു പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂര്‍ മോഡല്‍ അട്ടിമറി തടയാന്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കളുടെ വന്‍പട തന്നെ പുതുപ്പളളിയിലെത്തി കാംപു ചെയ്തു പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി, പാര്‍ടി സംസ്ഥാന സെക്രടറി, സംസ്ഥാനമന്ത്രിമാര്‍, അഖിലേന്‍ഡ്യാ നേതാക്കള്‍, സാംസ്‌കാരിക നായകന്‍മാര്‍, ചലച്ചിത്രതാരങ്ങള്‍ എന്നിങ്ങനെ വന്‍നിര തന്നെയാണ് എല്‍ ഡി എഫിനായി പ്രചരണത്തിന് എത്തുക.
പുതുപ്പളളിയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയായ ലിജിന്‍ ലാലിനായി ദേശീയ നേതാക്കള്‍ തന്നെ കളത്തിലിറങ്ങിയേക്കും. കേന്ദ്രസര്‍കാരിന്റെ വികസനനേട്ടങ്ങള്‍ ഉയര്‍ത്തിപിടിച്ചാണ് ബി ജെ പി പ്രചരണം നയിക്കുക, ലിജിന്‍ ലാലിന്റെ ക്ളീന്‍ ഇമേജും വിനയാന്വിതമായ പെരുമാറ്റവും പൊതുസ്വീകാര്യതയും തങ്ങള്‍ക്ക് ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.
എന്തുതന്നെയായാലും ചുരുങ്ങിയ നാളുകള്‍ക്കുളളില്‍ ഏകപക്ഷീയമായ വൈകാരിക തരംഗത്തിലൂടെ ജയിക്കാവുന്ന മണ്ഡലം എന്നതിനപ്പുറം പൊരിഞ്ഞ രാഷ്ട്രീയ പോരിനുളള പടനിലമായി മാറിയിരിക്കുകയാണ് പുതുപ്പളളി.
Keywords: News, Kerala, Kerala-News, Politics, Politics-News, Congress, CPM, BJP, Puthuppally, By-elections, NDA, BDJS, SNDP, KPCC, MLA, Congress to start preparations for by-elections in Puthuppally.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.