കോണ്‍ഗ്രസിനെ ആരും എഴുതിത്തള്ളേണ്ട, ശക്തമായി തിരിച്ചുവരും: ഉമ്മന്‍ ചാണ്ടി

 


കുമ്പള (കാസര്‍കോട്): (www.kvartha.com 04.11.2014) ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടായ കാലം ഉണ്ടായിരുന്നതായും അതിന് ശേഷം ശക്തമായി തന്നെ പാര്‍ട്ടി തിരിച്ചുവന്നിരുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കുമ്പളയില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ തിരിച്ചടിയില്‍ കോണ്‍ഗ്രസിനെ ആരും എഴുതിത്തള്ളേണ്ട. ശക്തമായി തന്നെ തിരിച്ചുവരും. ഇന്ദിരാഗാന്ധി പോലും തോറ്റ ചരിത്രം ഉണ്ടായിട്ടുണ്ട്. അത്തരം സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച് തിരിച്ചുവന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേത്. മതസൗഹാര്‍ദവും സാമുദായിക മൈത്രിയുമാണ് കോണ്‍ഗ്രസിന്റെ കൈമുതല്‍. പരാജയത്തില്‍ നിന്നും പാഠം പഠിച്ച് തെറ്റ് തിരുത്തി ജനങ്ങളുടെ അംഗീകാരത്തോടെ അധികാരത്തില്‍ തിരിച്ചുവരാന്‍ കഴിയും.

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയതാണ് സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും അപചയത്തിന് കാരണം. ഇപ്പോള്‍ അവര്‍ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കണ്ടതില്‍ പശ്ചാതപിക്കുകയാണ്. ബി.ജെ.പിയും സി.പി.എമ്മും അക്രമം നടത്തുന്നതില്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഇവരുടെ പൊയ്മുഖം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. പൊതുപ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും ജന നന്മയ്ക്ക് വേണ്ടിയാണ് - മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിനെ ആരും എഴുതിത്തള്ളേണ്ട, ശക്തമായി തിരിച്ചുവരും: ഉമ്മന്‍ ചാണ്ടി

കോണ്‍ഗ്രസിന്റെ സ്വകാര്യ സ്വത്തായ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ആര്‍.എസ്.എസും മോഡിയും അവരുടെ അജന്‍ഡ നടപ്പാക്കാന്‍ ഉപയോഗിക്കുകയാണ്. ബി.ജെ.പിയുടെയും മോഡി സര്‍ക്കാരിന്റെയും തനിനിറം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കുന്നവര്‍ക്ക് ജനം മാപ്പു നല്‍കില്ല. ജന പിന്തുണ നഷ്ടപ്പെട്ട ഇടതുപക്ഷം ദേശീയ തലത്തിലും സംസ്ഥാന തലത്തിലും തകര്‍ന്നിരിക്കുകയാണ്.

ലഹരി എന്ന മാരകമായ വിപത്തില്‍ നിന്നും കേരള ജനതയെ മോചിപ്പിക്കുകയെന്നതാണ് ജാഥയുടെ പ്രധാന ലക്ഷ്യമെന്ന് ജാഥ നയിക്കുന്ന കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ പറഞ്ഞു. ഇതുകൂടാതെ ലഹരിയുടെ സ്വാധീനം ഇല്ലാതാക്കാനും ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള മദ്യനയം ജനങ്ങളുടെ പിന്തുണയോടെ വിജയിപ്പിക്കാനും യാത്രയിലൂടെ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം പരാജയപ്പെടുത്താന്‍ അന്തര്‍ദേശീയ ശക്തികള്‍ തന്നെ ശ്രമിക്കുന്നുണ്ട്. ഇത്തരം ശക്തികളെ ഒന്നിച്ച് എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും സുധീരന്‍ പറഞ്ഞു.

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് മുഖ്യപ്രഭാഷണം നടത്തി. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍, മന്ത്രിമാരായ കെ ബാബു, വി. എസ് ശിവകുമാര്‍, എ.പി അനില്‍കുമാര്‍, കെ.സി ജോസഫ്, കര്‍ണാടക മന്ത്രിമാരായ യു.ടി ഖാദര്‍, രാമാനന്ദ റൈ, വിനയകുമാര്‍ സൊര്‍ക്കെ, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, കെ.സി വേണുഗോപാല്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എം ഹസന്‍, കെ. സുധാകരന്‍, അജയ് തറയില്‍, ബെന്നി ബെഹന്നാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പീതാംബരക്കുറുപ്പ്, ലാലി വിന്‍സെന്റ്, സതീശന്‍ പാച്ചേനി, എ.സി ജോസ്, ബിന്ദു കൃഷ്ണ, കെ.പി ധനപാലന്‍, ശരത്ചന്ദ്രപ്രസാദ്, ഡീന്‍ കുര്യാക്കോസ്, വി.വി പ്രകാശ്, ടി സിദ്ദീഖ്, പന്തളം സുധാകരന്‍, സി.കെ ശ്രീധരന്‍, ചെര്‍ക്കളം അബ്ദുല്ല, പത്മജ വേണുഗോപാല്‍, വി.ടി ബല്‍റാം, ഷാഫി പറമ്പില്‍, ശോഭനാ ജോര്‍ജ്, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

കോണ്‍ഗ്രസിനെ ആരും എഴുതിത്തള്ളേണ്ട, ശക്തമായി തിരിച്ചുവരും: ഉമ്മന്‍ ചാണ്ടി
കോണ്‍ഗ്രസിനെ ആരും എഴുതിത്തള്ളേണ്ട, ശക്തമായി തിരിച്ചുവരും: ഉമ്മന്‍ ചാണ്ടി

Related News: 
വി.എം സുധീരന്റെ ജനപക്ഷ യാത്രയ്ക്ക് കുമ്പളയില്‍ ആവേശോജ്ജ്വല തുടക്കം

Keywords : Kasaragod, V.M Sudheeran, Kerala, Oommen Chandy, Chief Minister, Congress, Janapaksha Yathra. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia