Karkkidakam And Ramayanam | വറുതിപിടിമുറുക്കുന്ന ആടി മാസം: സൂര്യനും കര്‍ക്കിടത്തിലെ രാമായണ പാരായണവും തമ്മിലൊരു ബന്ധമുണ്ട്; അതിങ്ങനെ
Jul 8, 2022, 10:48 IST
തിരുവനന്തപുരം: (www.kvartha.com) കര്‍ക്കിടകം അല്ലെങ്കില്‍ വറുതിപിടിമുറുക്കുന്ന ആടി മാസം ഹൈന്ദവരെ സംബന്ധിച്ച് പുണ്യമാസമാണ്. സാധരണ കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി നോക്കിക്കാണുന്നത്. ഈ മാസം രാമായണ മാസമായി ആചരിക്കുന്നു. ഇടമുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടക മാസം പൊതുവെ ആധ്യാത്മിക ചിന്തയ്ക്കുള്ള കാലമാണ്.
കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നില്‍ നിരവധി ശാസ്ത്രീയ സത്യങ്ങളുണ്ട്. സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഒരു കാര്യം. ദക്ഷിണായനം ദേവന്മാരുടെ രാശിയാണ്. ആധ്യാത്മികമായ അര്‍ഥത്തില്‍ ദേവന്‍ എന്നുള്ളത് ജീവജാലങ്ങളിലെ ചൈതന്യമാണ്. ദേവന്മാര്‍ ദക്ഷിണായനത്തില്‍ നിദ്ര കൊള്ളുന്നു എന്നതുകൊണ്ട് ജീവജാലങ്ങളിലെ ചൈതന്യത്തിന് ലോപം സംഭവിക്കുന്നു.
രണ്ടാമതായി ജലരാശിയായ കര്‍ക്കിടകത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യന് ഹാനി സംഭവിക്കുന്നു. സൂര്യന് സംഭവിക്കുന്ന ഈ ബലക്ഷയം ജീവജാലങ്ങളെയെല്ലാം ബാധിക്കുന്നു. ഇതിന് പരിഹാരമായാണ് രാമായണ പരായണം വിധിച്ചിരിക്കുന്നത്. കര്‍ക്കിടകം ഒന്നു മുതല്‍ രാമായണം വായന തുടങ്ങി അവസാനിക്കുമ്പോഴേക്കും തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം.
പഴയകാലത്ത് കര്‍ക്കിടകത്തിലെ ആദ്യത്തെ ആഴ്ച കൊണ്ടുതന്നെ രാമായണം പൂര്‍ണമായും പാരായണം ചെയ്തിരുന്നു. ഇതിന് സാധിക്കാത്തവര്‍ ഒരു മാസം കൊണ്ടു തന്നെ പാരായണം പൂര്‍ത്തിയാക്കിയിരിക്കണം. കര്‍ക്കിടകത്തിലെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കാന്‍ രാമായണ പാരായണം മാത്രം മതിയെന്നാണ് വിശ്വാസം. മറ്റെല്ലാ ഹൈന്ദവാചാരങ്ങളിലുമെന്ന പോലെ സ്നാനം, ഭസ്മധാരണം, ചന്ദനം തൊടല്‍ മുതലായവ ചെയ്ത ശേഷം ഏകാഗ്ര ചിത്തനായി ഇരുന്ന് രാമായണ പാരായണം ആരംഭിക്കാം.
കേരളത്തിന്റെ വടക്ക് പ്രതേകിച്ച് മലബാറില്‍ രാവിലെ ദശപുഷ്പങ്ങള്‍ വച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കുന്ന ചടങ്ങും ഈ മാസം നടക്കുന്നു. രാവിലെ കുളിച്ച് വീടു വൃത്തിയാക്കി വിളക്കു കൊളുത്തി, കിണ്ടിയില്‍ വെള്ളവും തുളസിക്കതിരും, താലത്തില്‍ ദശപുഷങ്ങളും വാല്‍ക്കണ്ണാടിയും രാമായണവും പുതുവസ്ത്രവും വയ്ക്കുന്നു. വൈകീട്ടേ ഇത് എടുത്തു മാറ്റൂ. കര്‍ക്കിടകത്തിലെ എല്ലാദിവസവും ഇത് തുടരുകയും രാമയണം വായന പൂര്‍ത്തിയാവുന്നതോടെ സമാപിക്കുകയും ചെയ്യുന്നു.
കടപ്പാട്: @Ramayanamasamofficial. Hindu temple ഫേസ്ബുക് പേജ്
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.