Embankment | പയ്യാമ്പലം പുലിമുട്ട് നിര്‍മാണം അന്തിമഘട്ടത്തില്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയറുടെ നേതൃത്വത്തില്‍ പ്രവൃത്തി വിലയിരുത്തി

 


കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ കോര്‍പറേഷന്‍ പയ്യാമ്പലത്ത് നിര്‍മിക്കുന്ന പുലിമുട്ടിന്റെ നിര്‍മാണം പുതുവര്‍ഷാരംഭത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടിഒ മോഹനന്‍ അറിയിച്ചു. നിര്‍മാണത്തിന്റെ 90 ശതമാനത്തിലധികം പണി പൂര്‍ത്തിയായിക്കഴിഞ്ഞു. നിലവിലുള്ള തോടിന് സമാന്തരമായി 90 മീറ്ററും തുടര്‍ന്ന് കടലിലേക്ക് 160 മീറ്ററുമായി ആകെ 250 മീറ്റര്‍ നിളത്തില്‍ കരിങ്കല്ല് ഉപയോഗിച്ചാണ് നിര്‍മാണം നടത്തിയിരിക്കുന്നത്.

Embankment | പയ്യാമ്പലം പുലിമുട്ട് നിര്‍മാണം അന്തിമഘട്ടത്തില്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയറുടെ നേതൃത്വത്തില്‍ പ്രവൃത്തി വിലയിരുത്തി

പയ്യാമ്പലം തീരപ്രദേശത്തോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ കടല്‍ വെള്ളം കയറുന്നതിന് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുലിമുട്ട് നിര്‍മാണം ആരംഭിച്ചത്. കോര്‍പറേഷനിലെ പഞ്ഞിക്കയില്‍, ചാലാട്, പള്ളിയാംമൂല എന്നീ ഡിവിഷനുകളില്‍ നിന്ന് ഒഴുകിയെത്തുന്ന ജലം സുഗമമായി കടലിലേക്കൊഴുകാതെയും വേലിയേറ്റ സമയത്ത് കടലില്‍ നിന്നും തിരിച്ചൊഴുകാതെയും കെട്ടിക്കിടക്കുന്നതുമൂലം ഉണ്ടാകുന്ന പ്രശ്‌നത്തിന് ശാശ്വതപരിഹാരമായാണ് പടന്നത്തോടിന്റെ അഴിമുഖത്ത് പുലിമുട്ട് നിര്‍മിക്കുന്നത്. മഴക്കാലത്ത് തീരമേഖലയില്‍ വെള്ളം നിറയുകയും ഉപ്പുവെള്ളം കയറുകയും ചെയ്യുന്ന അവസ്ഥയ്ക്ക് പുലിമുട്ട് പൂര്‍ത്തിയാകുന്നതോടെ പരിഹാരമാകും.

അമൃത് ഒന്നാംഘട്ട പദ്ധതിയില്‍ ഉള്‍പെടുത്തി ആറു കോടിയോളം രൂപ ചെലവഴിച്ചാണ് പുലിമുട്ട് നിര്‍മിക്കുന്നത്. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി നടത്തുന്നത്. പദ്ധതിയുടെ പുരോഗതി മേയര്‍ അഡ്വ ടി ഒ മോഹനന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥന്‍മാരും സന്ദര്‍ശിച്ച് വിലയിരുത്തി.

ജനുവരി ആദ്യത്തോടെ പണി പൂര്‍ത്തിയാക്കി പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്ന് മേയര്‍ പറഞ്ഞു. തീരദേശ പരിപാലന അതോറിറ്റിയില്‍ നിന്ന് ഇതിന്റെ നിര്‍മാണ അനുമതി ലഭിക്കുന്നതിന് നിരവധി തടസങ്ങള്‍ നേരിട്ടുവെങ്കിലും അവയൊക്കെ പരിഹരിച്ച് പദ്ധതി ലക്ഷ്യത്തിലെത്തുകയാണ്. ഭാവിയില്‍ ഇതിന്റെ ടൂറിസം സാധ്യതകള്‍ കൂടി പരിശോധിച്ച് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ടൂറിസം വകുപ്പിന്റെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.

മേയറോടൊപ്പം ഡെപ്യൂടി മേയര്‍ കെ ശബീന ടീചര്‍, സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, പി ശമീമ, സിയാദ് തങ്ങള്‍, ശാഹിന മൊയ്തീന്‍, കൗണ്‍സിലര്‍മാരായ പിവി ജയസൂര്യന്‍, കെപി അനിത, കോര്‍പറേഷന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ടി മണികണ്ഠകുമാര്‍, ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് എക്‌സിക്യുടിവ് എന്‍ജിനീയര്‍ എ മുഹമ്മദ് അശ്‌റഫ്, തീരദേശ പരിപാലന അതോറിറ്റി മുന്‍ അംഗം ഡോ കെവി രാമചന്ദ്രന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

Keywords:  Construction of Payyambalam embankment in final stage, Kannur, News, Construction, Payyambalam Embankment, Mayor, Tourism, Inspection, Rain, Kerala News.   
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia