Accident | കണ്ണൂരിൽ നിർമാണ പ്രവൃത്തിക്കിടെ വീടിന്റെ സൺഷെയ്ഡ് തകർന്നുവീണ് തൊഴിലാളി മരിച്ചു
● വീടിന്റെ രണ്ടാം നിലയിലെ നിർമ്മാണത്തിനിടെ അപകടം.
● മാമ്പ്രത്തെ കരുണാകരൻ (58) ആണ് മരിച്ചത്.
● ഇരിട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കണ്ണൂർ: (KVARTHA) ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടിമീത്തലെ പുന്നാട് വീടിന്റെ രണ്ടാം നിലയുടെ നിർമ്മാണ പ്രവൃത്തിക്കിടെ സൺഷേഡ് തകർന്നുവീണ് നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. മീത്തലെ പുന്നാടിന് സമീപം മാമ്പ്രത്തെ ഗണപതിയാടൻ കരുണാകരൻ (58) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12.30 മണിയോടെയായിരുന്നു അപകടം.
മീത്തലെ പുന്നാട് യു പി സ്‌കൂളിന് പുറകു വശത്തെ വി.കെ. ഭാസ്കരന്റെ വീടിന്റെ രണ്ടാം നിലയുടെ നിർമ്മാണ പ്രവൃത്തിക്കിടെയായിരുന്നു സംഭവം. രണ്ടാഴ്ചമുമ്പ് നടന്ന വാർപ്പ് പണിക്കുശേഷം ഇതിനായി നൽകിയ തൂണുകൾ മാറ്റുന്നതിനിടെ സൺഷേഡിന്റെ കൂറ്റൻ സ്ലാബ് പൊടുന്നനെ തകർന്നു വീഴുകയായിരുന്നു.
അതിനടിയിൽ പെട്ട കരുണാകരനെ ഇരിട്ടിയിൽ നിന്നും എത്തിയ അഗ്നിശമനസേന ജാക്കി ഉപയോഗിച്ച് സ്ലാബ് പൊക്കിയശേഷം പുറത്തെടുത്തെങ്കിലും മരണമടഞ്ഞിരുന്നു. കൂടെ ജോലിചെയ്തിരുന്ന മീത്തലെ പുന്നാട്ടെ സുജി അപകട സമയത്ത് പുറത്തായിരുന്നതിനാൽ രക്ഷപ്പെട്ടു. പ്രസീതയാണ് മരിച്ച കരുണാകരന്റെ ഭാര്യ. മക്കൾ: പ്രവീൺ, അമൃത. മരുമക്കൾ: വിജിന ഗിരീഷ്. ഇരിട്ടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.