വിജിലന്‍സ് അന്വേഷണത്തിനു സമാന്തരമായി വകുപ്പുതല അന്വേഷണം അഴിമതിക്കാരെ രക്ഷിക്കാന്‍

 


തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ്ഡിലെ വിവാദം വിജിലന്‍സ് റെയ്ഡിനു പിന്നാലെ സഹകരണ മന്ത്രി പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം നിയമവിരുദ്ധം. ഒരേ കാര്യത്തില്‍ വിജിലന്‍സ് അന്വേഷണത്തിനു സമാന്തരമായി മറ്റേതെങ്കിലും അന്വേഷണം നിലനില്‍ക്കില്ലെന്നും നിയമപരമല്ല അതെന്നും അറിഞ്ഞുകൊണ്ടുതന്നെയുള്ള കരുനീക്കമാണ് ഇതിനു പിന്നിലെന്നാണ് വ്യക്തമായ സൂചന.

കഴിഞ്ഞ ദിവസം കണ്‍സ്യൂമര്‍ഫെഡില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിനു തുടര്‍ച്ചയായി നാലോളം കേസുകളെടുക്കാനിരിക്കെയാണ് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ വെള്ളിയാഴ്ച വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്. വിജിലന്‍സ് റെയ്ഡില്‍ വന്‍തോതില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ടു കേസെടുത്ത് അന്വേഷണം നടത്താതിരിക്കാനാകില്ല. എന്നാല്‍ വകുപ്പുതല അന്വേഷണം നടത്തുന്നത് വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയ ക്രമക്കേടുകളുടെ പിന്നിലെ കുറ്റക്കാരെ രക്ഷിക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിജിലന്‍സ് അന്വേഷണത്തിനു സമാന്തരമായി വകുപ്പുതല അന്വേഷണം അഴിമതിക്കാരെ രക്ഷിക്കാന്‍ഇതിലാകട്ടെ, കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് പോരും സഹകരണ മന്ത്രിയും സി.പി.എം നേതൃത്വവുമായി നിലനില്‍ക്കുന്ന അടുത്ത ബന്ധവുമെല്ലാം ഘടകങ്ങളാകുന്നുമുണ്ടത്രേ. കണ്‍സ്യൂമര്‍ഫെഡിലെ ജീവനക്കാരുടെ സംഘടന സി.പി.എം നിയന്ത്രണത്തിലാണ്. ഭരണം ആരുടേതായാലും സഹകരണ മേഖലയില്‍ പൊതുവേയും കണ്‍സ്യൂമര്‍ഫെഡില്‍ പ്രത്യേകിച്ചും നിലനില്‍ക്കുന്ന സി.പി.എം ആധിപത്യത്തിനെതിരേ കൂടിയായിരുന്നു വിജിലന്‍സിനെവച്ച് ആഭ്യന്ത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കരുനീക്കിയത്. ഗ്രൂപ്പ് പോരിനുമപ്പുറം എ ഗ്രൂപ്പിനുള്ളിലെത്തന്നെ വിഭിന്ന താല്‍പര്യങ്ങള്‍ മറനീക്കി പുറത്തുവരാന്‍ ഇടയാക്കിയ സംഭവം കൂടിയായിരുന്നു റെയ്ഡ്.

എ ഗ്രൂപ്പ് നേതാക്കള്‍ തന്നെയായ തിരുവഞ്ചൂരും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും റെയ്ഡിനെച്ചൊല്ലി കഴിഞ്ഞ മന്ത്രിസഭാ യോഗത്തിനു മുമ്പ് പൊരിഞ്ഞ വാഗ്വാദം ഉണ്ടായത് വാര്‍ത്തയായിരുന്നു. സഹകരണ വകുപ്പ് തന്റെ കീഴില്‍ അല്ലാതിരുന്നിട്ടും ആര്യാടന്‍ രൂക്ഷമായി പ്രതികരിച്ചത് രാഷ്ട്രീയവൃത്തങ്ങളെ അമ്പരപ്പിച്ചിരുന്നു. അപ്പോള്‍ കാര്യമായി ഇടപെടാതിരുന്ന മന്ത്രി ബാലകൃഷ്ണന്‍ പൊടുന്നനെ വെള്ളിയാഴ്ച വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതോടെ വിജിലന്‍സ് തലപ്പത്തുള്ളവരും ആഭ്യന്തര മന്ത്രിയുടെ ഓഫീസും ഞെട്ടി. എല്ലാ മന്ത്രിമാരുടെ മേലും എല്ലാ വകുപ്പുകളിലും ശക്തമായ നിയന്ത്രണം ചെലുത്തിപ്പോരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാകട്ടെ, ഇപ്പോഴത്തെ വിവാദത്തില്‍ നിശബ്ദ സാക്ഷിയായി മാറുകയും ചെയ്തു.

വിജിലന്‍സ് അന്വേഷണം കണ്‍സ്യൂമര്‍ഫെഡിലെ ഉന്നതരെയും രണ്ടാം നിരക്കാരെയും കുടുക്കുമെന്നും വന്നതോടെ അവരെ രക്ഷിക്കാനാണ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് വിവരം. പ്രതിപക്ഷത്തെ മുഖ്യ കക്ഷിയായ സി.പി.എമ്മിന്റെ പിന്തുണ കൂടിയുള്ളതിനാല്‍ മന്ത്രിക്കും ഐ ഗ്രൂപ്പിനും ഈ വഴിവിട്ട നീക്കത്തില്‍ മറ്റാരെയും ഭയക്കാനില്ലാത്ത സ്ഥിതിയാണ്.

തിരുവഞ്ചൂര്‍ തന്നിഷ്ടപ്രകാരം തീരുമാനങ്ങളെടുക്കുന്നു എന്ന പരാതി എ ഗ്രൂപ്പിനുള്ളില്‍ ഉള്ളതിനാല്‍ അവര്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തെ പിന്തുണച്ചു രംഗത്തുവരില്ല. മാത്രമല്ല, എതിര്‍ക്കുകയും ചെയ്യും. ആര്യാടന്‍ ആ സന്ദേശമാണ് തിരുവഞ്ചൂരുമായുള്ള ഏറ്റുമുട്ടലിലൂടെ നല്‍കിയത്. മന്ത്രിസഭാ യോഗം നടത്തുന്ന ക്യാബിനറ്റ് റൂമില്‍ നടന്ന വാഗ്വാദം ആരാണ് വള്ളിപുള്ളി വിടാതെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് എന്ന മറ്റൊരു വിവാദവും യു.ഡി.എഫിനുള്ളില്‍ ഇപ്പോള്‍ കൊഴുക്കുന്നുണ്ട്.


Keywords : Thiruvananthapuram, Minister, Aryadan Muhammad, Vigilance-Raid, Kerala, Consumer Fed, CN Balakrishnan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia