Transferred | 'മണൽ മാഫിയയുമായി ഒത്തുകളി'; വളപട്ടണം എസ്ഐ ഉൾപ്പെടെ 4 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
കണ്ണൂർ ജില്ലയിലെ പാനൂർ, കണ്ണവം, തലശേരി പൊലീസ് സ്റ്റേഷനുകളിലേക്കാണ് മാറ്റിയത്.
കണ്ണൂർ: (KVARTHA) വളപട്ടണം പുഴയിൽ നിന്നും മണൽ കടത്തിയിരുന്ന മണൽ മാഫിയക്ക് വഴിവിട്ട സഹായം നൽകിയെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് വളപട്ടണം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ നാലു പേരെ ആഭ്യന്തര വകുപ്പ് സ്ഥലം മാറ്റി.
എസ്ഐ എ നിഥിൻ, സിവിൽ പൊലീസ് ഓഫീസർമാരായ കെ അനിഴൻ, ഷാജി അകാരം പറമ്പത്ത്, കെ കിരൺ എന്നിവരെയാണ് സ്ഥലം മാറ്റിയത്. വിജിലൻസ് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഇവരെ കണ്ണൂർ ജില്ലയിലെ പാനൂർ, കണ്ണവം, തലശേരി പൊലീസ് സ്റ്റേഷനുകളിലേക്കാണ് മാറ്റിയത്.
പൊലീസ് മണൽ കടത്തിനെതിരെ നടത്തിയ റെയ്ഡ് വിവരങ്ങൾ ചോർത്തി നൽകിയതിനും മണൽ മാഫിയ സംഘത്തിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചതിനുമെതിരെയാണ് നടപടിയെന്ന് അധികൃതർ വിശദീകരിച്ചു. നേരത്തെ മണൽ മാഫിയയുമായി വളപട്ടണം സ്റ്റേഷനിലെ പൊലീസുകാർ ഒത്തുകളിച്ചു പണം കൊയ്യുന്നുവെന്ന ആരോപണവുമായി പരിസ്ഥിതി പ്രവർത്തകരും പ്രദേശവാസികളും രംഗത്തുവന്നിരുന്നു.