Court Ruling | വീട് നിർമ്മാണം പൂർത്തിയാക്കാത്ത കരാറുകാരനെ കോടതി ശിക്ഷിച്ചു
● വീടിന്റെ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചാണ് കരാറുകാരൻ കടന്നുകളഞ്ഞതെന്നാണ് പരാതി.
● പലതവണ ഫോൺ ചെയ്തിട്ടും പൊലീസിൽ പരാതി നൽകിയിട്ടും നിർമാണം പൂർത്തിയാക്കാൻ കൂട്ടാക്കിയില്ല.
കൊച്ചി: (KVARTHA) കരാർ ഏറ്റെടുത്ത വീട് നിർമ്മാണം പൂർത്തിയാക്കാതെ വഞ്ചിച്ച കരാറുകാരനെ ഉപഭോകൃത കോടതി ശിക്ഷിച്ചു. എറണാകുളം, കൂവപ്പാടം സ്വദേശിയായ രാജേശ്വരി സമർപ്പിച്ച പരാതിയിലാണ് കോടതി ഈ വിധി പ്രഖ്യാപിച്ചത്.
രാജേശ്വരിയുടെ വീടിനോട് ചേർന്ന് ഒരു മുറിയും അടുക്കള ഭാഗവും വലുതാക്കാൻ കെന്നി ഫർണാണ്ടസ് എന്ന കരാറുകാരനെ സമീപിച്ചു. 3.69 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകി, 1.10 ലക്ഷം രൂപ പരാതിക്കാരി മുൻകൂർ തുക നൽകിയ ശേഷം വീടിന്റെ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചാണ് കരാറുകാരൻ കടന്നുകളഞ്ഞതെന്നാണ് പരാതി.
പലതവണ ഫോൺ ചെയ്തിട്ടും പൊലീസിൽ പരാതി നൽകിയിട്ടും നിർമാണം പൂർത്തിയാക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് വനിതാ കമീഷനില്‍ പരാതി സമർപ്പിച്ചപ്പോള്‍ 35,000 രൂപ പലതവണകളായി തിരികെ നല്‍കി. ബാക്കി ലഭിക്കേണ്ട 65,000 രൂപ ഈടാക്കി നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്.
പരാതിക്കാരി അനുഭവിച്ച മന:ക്ലേശത്തിനും ബുദ്ധിമുട്ടുകള്‍ക്കും എതിർക്ഷി ഉത്തരവാദിയാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. കരാറുകാരൻ പരാതിക്കാരിക്ക് ബാക്കി നൽകാനുള്ള 65,000 രൂപ, 5,000 രൂപ നഷ്ടപരിഹാരം, 3000 രൂപ കോടതി ചെലവ് എന്നിവ 45 ദിവസത്തിനകം നൽകണമെന്ന് ഉത്തരവിട്ടു.
ഉപഭോക്തൃ തർക്ക പരിഹാര കമീഷനുകളുടെ ഉത്തരവുകള്‍ പരമാവധി മലയാളത്തില്‍ പുറപ്പെടുവിക്കുന്നത് സാധാരണക്കാർക്ക് ഉപകാരപ്രദമാവുമെന്ന സർക്കാർ നിർദേശത്തിന്റെ ഭാഗമായി കേരള പിറവി ദിനത്തിൽ ഈ ഉത്തരവ് മലയാളത്തിൽ പുറപ്പെടുവിച്ചത് ശ്രദ്ധേയമായി.
#ConsumerRights #Contractor #Justice #Kerala #LegalNews #Homeowner