അഴിമതി വിവാദത്തിന്റെ അലയൊലി അടങ്ങും മുമ്പേ തിരുവനന്തപുരം പ്രസ്‌ക്ലബ് തെരഞ്ഞെടുപ്പ്; വിവാദ ലേഖകന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി

 


തിരുവനന്തപുരം: (www.kvartha.com 21.06.2016) തിരുവനന്തപുരം പ്രസ്‌ക്ലബ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 30ന്. പ്രസ്‌ക്ലബ് അഴിമതികളേക്കുറിച്ച് അന്വേഷണം നടത്തിയ സമിതി റിപ്പോര്‍ട്ട് പുറത്തുവിട്ട് വിവാദം സൃഷ്ടിച്ച മാധ്യമപ്രവര്‍ത്തകന്‍ സെക്രട്ടറി സ്ഥാനത്തേക്ക് സ്വതന്ത്രനായി മല്‍സരിക്കുന്നു എന്നതാണ് പ്രധാന ചര്‍ച്ച. സമകാലിക മലയാളം വാരിക ലേഖകന്‍ പി എസ് റംഷാദ് ആണ് രണ്ടു പാനലുകള്‍ക്കും ഇടയില്‍ സ്വതന്ത്രനായി മല്‍സരിക്കുന്നത്.

ആര്‍ അജിത്കുമാര്‍ പ്രസിഡന്റും എസ് എല്‍ ശ്യാം സെക്രട്ടറിയുമായ നിലവിലെ ഭരണസമിതിയാണ് പ്രസ്‌ക്ലബിലെ അഞ്ചു വര്‍ഷത്തെ അഴിമതി അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചത്. സമിതി കണ്ടെത്തിയത് അമ്പരപ്പിക്കുന്ന ക്രമക്കേടുകളാണ്. അത് ജനറല്‍ ബോഡി യോഗത്തിനു മുമ്പില്‍ അച്ചടിച്ചു വിതരണം ചെയ്ത് പരസ്യ രേഖയാക്കി മാറ്റി അന്വേഷണസംഘം ഞെട്ടല്‍ എല്ലാവരിലേക്കും പകരുകയാണു ചെയ്തത്. സമിതി അങ്ങനെ ചെയ്തതു ശരിയായോ എന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുന്നതിനിടയിലാണ് സമകാലിക മലയാളം വാരിക ആ റിപ്പോര്‍ട്ട് വലിയ വാര്‍ത്തയാക്കിയത്.

വന്‍ ചര്‍ച്ചയാണ് മാധ്യമ രംഗത്തും രാഷ്ട്രീയ നേതൃത്വത്തിലും അത് ഉണ്ടാക്കിയത്.
അന്വേഷണ സമിതി റിപ്പോര്‍ട്ട് വാര്‍ത്തയാക്കിയതിനെതിരേയും വിമര്‍ശനങ്ങളുയര്‍ന്നു. എന്നാല്‍ നിലവിലെ ഭരണസമിതി അതിനെ നിശ്ശബ്ദം ശരിവയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ജനറല്‍ ബോഡി യോഗത്തില്‍ പി എസ് റംഷാദിന് സ്വന്തം നിലപാടു വിശദീകരിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയില്‍ പഞ്ചായത്തു മുതല്‍ പാര്‍ലമെന്റ് വരെയുള്ള റിപ്പോര്‍ട്ടുകള്‍ വാര്‍ത്തയാക്കുന്നതിന്റെ ഭാഗമായ ഉത്തരവാദിത്തം മാത്രമാണ് ഇക്കാര്യത്തിലും നിര്‍വഹിച്ചത് എന്നായിരുന്നു വിശദീകരണം.

എന്തായാലും ആരോപണ വിധേയരെ മല്‍സരിക്കുന്നതില്‍ നിന്നു വിലക്കി തീരുമാനമുണ്ടായി. അതില്‍ പ്രതിഷേധിച്ച് ആരോപണ വിധേയരില്‍ ചിലര്‍ രാജിവച്ച് പ്രസ് അംഗത്വം ഉപേക്ഷിക്കുകയും ചെയ്തു. അഴിമതി വിവാദത്തിന്റെ അലയൊലികള്‍ പൂര്‍ണമായി അടങ്ങുന്നതിനു മുമ്പാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

സിബി കാട്ടാമ്പള്ളി ( മനോരമ) പ്രസിഡന്റും കെ ആര്‍ അജയന്‍ ( ദേശാഭിമാനി) സെക്രട്ടറിയുമായ പാനലും പ്രദീപ് പിള്ള ( ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ) പ്രസിഡന്റും ബി എസ് രാജേഷ് ( മംഗളം ചാനല്‍) സെക്രട്ടറിയുമായ പാനലുമാണ് രംഗത്തുള്ളത്. സെക്രട്ടറി സ്ഥാനത്തേക്ക് പി എസ് റംഷാദ് കൂടി വന്നതോടെ മല്‍സരം കടുത്തു. വൈസ് പ്രസിഡന്റായി കേരള കൗമുദിയിലെ രജീഷ്, ട്രഷററായി കൈരളിയിലെ മന്നന്‍, വെല്‍ഫെയര്‍ കമ്മിറ്റി അംഗമായി മെട്രോ വാര്‍ത്തയിലെ അരവിന്ദ് ശശി എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അഴിമതി വിവാദത്തിന്റെ അലയൊലി അടങ്ങും മുമ്പേ തിരുവനന്തപുരം പ്രസ്‌ക്ലബ് തെരഞ്ഞെടുപ്പ്; വിവാദ ലേഖകന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി


Also Read:
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: കേസ് അന്വേഷണം രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

Keywords:  Thiruvananthapuram, Corruption, Report, Media, Deshabhimani, Politics, Allegation, Parliament, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia