Investigation | എഡിഎമ്മിൻ്റെ മരണം: ദിവ്യയെ രക്ഷിക്കാൻ പഴുതുകൾ ഏറെ, പ്രശാന്തിനെ പ്രതിയാക്കാതെ അന്വേഷണം അവസാനിപ്പിക്കുന്നു?
● കലക്ടറുടെ ഫോൺ സന്ദേശങ്ങൾ പരിശോധിക്കുന്നു.
● പ്രശാന്തിനെ കേസിന്റെ ഭാഗമാക്കാൻ സാധ്യതയില്ല.
● കലക്ടർ അരുൺ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും.
കനവ് കണ്ണൂർ
കണ്ണൂർ: (KVARTHA) ജീവനൊടുക്കിയ കണ്ണൂർ എഡിഎം കെ നവീൻ ബാബുവിൻ്റെ ഔദ്യോഗിക ഫോണിലെ സിം കാർഡിലെ (സിയുജിയിലെ) വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘം ശേഖരിക്കുന്നു. അദ്ദേഹം വ്യക്തിഗതമായി ഉപയോഗിച്ച രണ്ട് സിം കാർഡുകൾ പൊലീസ് നേരത്തെ പരിശോധിച്ചിരുന്നു. എ.ഡി.എം പരാതിക്കാരനായ ടി.വി പ്രശാന്തുമായി ബന്ധപ്പെട്ടതിൻ്റെ സമയക്രമവും വിശദാംശങ്ങളുമാണ് ശേഖരിച്ചത്.
ഇതിനിടെയിൽ കലക്ടർ അരുൺ കെ വിജയൻ്റെ ഫോൺ സന്ദേശവും പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചിട്ടുണ്ട്. എ.ഡി.എം ജീവനൊടുക്കിയ ദിവസം രാവിലെ ദിവ്യ അദ്ദേഹത്തെ വിളിച്ചിരുന്നോയെന്ന കാര്യവും വാട്സ്ആപ്പ് സന്ദേശങ്ങളുമാണ് പരിശോധിക്കുന്നത്. ഇതിനു ശേഷം കലക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. വകുപ്പ് തല അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയൻ്റ് കമ്മിഷണർ എം. ഗീതയിൽ നിന്നും മൊഴിയെടുക്കും.
ആദ്യ മൊഴിയിൽ തന്നെ എ.ഡി.എം തന്നോട് തെറ്റുപറ്റിപ്പോയെന്ന് പറഞ്ഞതായി കലക്ടറുടെ മൊഴിയിലുണ്ട്. ഈ കാര്യം കേസ് ഡയറിയിലുണ്ടെന്ന് വാദിക്കുകയാണ് ജാമ്യാപേക്ഷ വേളയിൽ പ്രതിഭാഗം അഭിഭാഷകൻ കെ വിശ്വൻ ചെയ്തത്. എന്നാൽ കലക്ടറും ദിവ്യയും ഗൂഡാലോചന നടത്തിയെന്നും കലക്ടറോട് വലിയ മാനസിക ഐക്യമൊന്നുമില്ലാത്ത നവീൻ ബാബു കുറ്റസമ്മതം നടത്താൻ സാദ്ധ്യതയില്ലെന്നും ദിവ്യയുടെ ജാമ്യ ഹരജിക്കെതിരെ വാദിച്ച എ.ഡി.എമ്മിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചിരുന്നു.
ഇതിനിടെ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കേസന്വേഷണം അവസാനഘട്ടത്തിലെത്തിയപ്പോൾ കൂടുതൽ പ്രതികൾ ഉണ്ടാവില്ലെന്ന സൂചനയാണ് പ്രത്യേക അന്വേഷണ സംഘം നൽകുന്നത്. കേസിന് യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ പ്രകോപനപരമായ പ്രസംഗം മാത്രം അടിസ്ഥാനമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രശാന്തിനെ കേസിന്റെ ഭാഗമാക്കാൻ ആലോചനയില്ല. അതേസമയം, ഗൂഢാലോചനയിലും കാര്യമായ അന്വേഷണമില്ലെന്നാണ് പുറത്തുവരുന്ന വിവരം.
കേസിലെ പ്രതി ദിവ്യയ്ക്ക് ലഭിച്ച ജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ് നവീൻ ബാബുവിൻ്റെ കുടുംബം. ഇതിനിടെ ദിവ്യക്കെതിരെ പാർട്ടി അച്ചടക്കനടപടി സ്വീകരിച്ചതിൻ്റെ പശ്ചാത്തലത്തിൽ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രതിഷേധം മയപ്പെടുത്തിയിട്ടുണ്ട്. ദിവ്യയെ തരംതാഴ്ത്തിയ പശ്ചാത്തലത്തിൽ പരസ്യ പ്രതികരണം വേണ്ടെന്ന് സംസ്ഥാന കമ്മിറ്റി വിലക്കിയിട്ടുണ്ട്.
കേസില കുറ്റപത്രം കോടതിയിൽ പരമാവധി പഴുതുകൾ ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം സമർപ്പിക്കുക. ദിവ്യക്ക് അനുകൂലമായ ഇത്തരം കാര്യങ്ങൾ എതിർക്കാനാണ് കുടുംബം ചുമതലപ്പെടുത്തിയ അഭിഭാഷകൻ്റെ തീരുമാനം.
#EDofficialdeath #Kerala #investigation #justicefornaveenbabu #controversy