Granted Bail | പാനൂര്‍ സ്‌ഫോടന കേസില്‍ 2 പ്രതികള്‍ക്ക് കൂടി കോടതി ജാമ്യം അനുവദിച്ചു
കണ്ണൂര്‍: (KVARTHA) പാനൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പ്രതികള്‍ക്ക് കൂടി കോടതി ജാമ്യം അനുവദിച്ചു. സിപിഎം-ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ ആറാം പ്രതി മീത്തലേ കുന്നോത്ത് പറമ്പിലെ ചിറക്കണ്ടിമ്മല്‍ സി സായൂജ് (24), കുന്നോത്ത് പറമ്പിലെ അമല്‍ ബാബു (29) എന്നിവര്‍ക്കാണ് തലശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്.
90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. വെള്ളിയാഴ്ച മൂന്നാംപ്രതി ഒകെ അരുണ്‍(28), നാലാംപ്രതി ഷബിന്‍ ലാല്‍ (25), അഞ്ചാംപ്രതി കെ അതുല്‍(28) എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഇതോടെ കേസില്‍ റിമാന്‍ഡിലുള്ള 12 പേരില്‍ അഞ്ചുപേര്‍ക്ക് ജാമ്യം ലഭിച്ചു. കഴിഞ്ഞ ഏപ്രില്‍ നാലിനാണ് പാനൂര്‍ കുന്നോത്ത് പറമ്പ് മുളയാത്തോടിലെ ആള്‍താമസമില്ലാത്ത വീടിന്റെ ടെറസില്‍ സ്‌ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയില്‍ സിപിഎം പ്രവര്‍ത്തകന്‍ എലിക്കൊത്തന്റവിട ഷെറില്‍ (31) കൊല്ലപ്പെട്ടിരുന്നു.
കേസിലെ പ്രതികള്‍ മുഴുവന്‍ ഡി വൈ എഫ് ഐ ഭാരവാഹികളും സിപിഎം പ്രവര്‍ത്തകരുമാണ്. പൊലീസ് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ വൈകിയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.