Criticism | യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത് രക്ഷാപ്രവര്‍ത്തനമെന്ന് ന്യായീകരണം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

 
Court Orders Investigation Against Kerala CM Pinarayi Vijayan Over Youth Congress Assault Justification
Court Orders Investigation Against Kerala CM Pinarayi Vijayan Over Youth Congress Assault Justification

Photo Credit: Facebook / Pinarayi Vijayan

● എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശം
● ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് കോടതിയെ സമീപിച്ചത്
● മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്നാണ് പരാതി

കൊച്ചി: (KVARTHA) യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. എറണാകുളം സിജെഎം കോടതിയുടേതാണ് ഉത്തരവ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.  ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്നായിരുന്നു പരാതി.

കഴിഞ്ഞ നവംബറില്‍ നവകേരള സദസ്സിനിടെയായിരുന്നു പരാതിക്കിടയാക്കിയ മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന ഉണ്ടായത്. കല്യാശ്ശേരി മണ്ഡലത്തിലെ നവകേരള സദസ് കഴിഞ്ഞു തളിപ്പറമ്പിലേക്കു പോകുകയായിരുന്ന മുഖ്യമന്ത്രിക്കുനേരെ പഴയങ്ങാടിയില്‍ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ക്രൂരമര്‍ദനത്തിന് ഇരയാക്കിയതിന് പിന്നാലെയാണ് സംഭവത്തെ മുഖ്യമന്ത്രി ന്യായീകരിച്ചത്.

നിയമസഭയിലും ഇതേ നിലപാട് തന്നെ മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിനെ 'രക്ഷാപ്രവര്‍ത്തനം' എന്ന് സിപിഎം പറഞ്ഞത് കൊണ്ടാണ് ലോക് സഭാ തിരഞ്ഞെടുപ്പില്‍ തോറ്റതെന്നാണ് പ്രതിപക്ഷ അംഗം സഭയില്‍ പറഞ്ഞത്. വാഹനത്തിന് മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവര്‍ത്തനം തന്നെയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

'ഞാന്‍ കണ്ട കാര്യം അന്നും പറഞ്ഞു, ഇന്നും പറയുന്നു, നാളെയും പറയും. ബസിനു മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് എങ്ങനെ കുറ്റമാകും. പിന്നീട് അവിടെ എന്തു സംഭവിച്ചുവെന്ന് ഞാന്‍ കാണുന്നില്ലല്ലോ'- എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്: 

എന്താണു നടക്കുന്നതെന്നു ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയല്ലേ? ഒരാള്‍ ചാടി വീഴുകയാണ്. അയാളെ ചില ചെറുപ്പക്കാര്‍ അങ്ങോട്ടു പിടിച്ചു തള്ളി മാറ്റുകയാണ്. അതു ജീവന്‍ രക്ഷിക്കാനല്ലേ? അതൊരു അക്രമമാണോ? ഒരു തീവണ്ടി വരുന്നു. ഒരാള്‍ അവിടെ കിടന്നുപോയി. രക്ഷിക്കാന്‍ വേണ്ടി അയാളെ എടുത്തെറിയില്ലേ? എറിഞ്ഞാല്‍ അയാള്‍ക്ക് അപകടം പറ്റുമോയെന്നാണോ നോക്കുക? അയാളുടെ ജീവന്‍ രക്ഷിക്കലല്ലേ പ്രധാനം? ആ ജീവന്‍രക്ഷാ രീതിയാണ് ഡി വൈ എഫ് ഐക്കാര്‍ സ്വീകരിച്ചത്. മാതൃകാപരമായ ആ രീതികള്‍ തുടര്‍ന്നു പോകണം- എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

#PinarayiVijayan #KeralaPolitics #DYFIAssault #YouthCongress #CourtOrder #PoliticalViolence

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia