കോവിഡ്; സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ; അടുത്ത രണ്ട് ഞായറാഴ്ചകളിൽ അവശ്യ സെർവീസുകൾ മാത്രം അനുവദിക്കും; ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കും

 


തിരുവനന്തപുരം: (www.kvartha.com 20.01.2022) കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപെടുത്തി. അടുത്ത രണ്ട് ഞായറാഴ്ചകളിൽ ലോക് ഡൗണിന് സമാനമായ നിയന്ത്രണമായിരിക്കും ഏർപെടുത്തുക. അവശ്യ സർവീസുകൾ മാത്രമായിരിക്കും ഈ രണ്ട് ദിവസങ്ങളിൽ അനുവദിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
   
കോവിഡ്; സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ; അടുത്ത രണ്ട് ഞായറാഴ്ചകളിൽ അവശ്യ സെർവീസുകൾ മാത്രം അനുവദിക്കും; ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കും

ഡിസാസ്റ്റർ മാനജ്മെന്റ് ഫൻഡിൽനിന്ന് 22 കോടി രൂപ ജില്ലകൾക്ക് അനുവദിച്ചിട്ടുണ്ട്. നിലവിലെ കോവിഡ് സാഹചര്യത്തിൽ ആശുപത്രികളിൽ അഡ്‌മിറ്റ്‌ ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപെടുത്തും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യവകുപ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾക്ക് എല്ലാ വ്യാഴാഴ്ചകളിലും നൽകണാം. ഇതിനെ അടിസ്ഥാനപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കും. എല്ലാ വെള്ളിയാഴ്ചകളിലും ദുരന്തനിവാരണ അതോറിറ്റി ഇത് പ്രഖ്യാപിക്കും.

സർകാർ, സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു വയസിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ക്യാൻസർ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക് വർക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുവദിക്കണം. ഇവർ ഡോക്‌ടർമാരുടെ സെർടിഫിക റ്റ് ഹാജരാക്കണം.

വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ, ബീചുകൾ, തീം പാർകുകൾ ഉൾപെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണെന്നും ഇവിടങ്ങളിൽ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസർ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

എ കാറ്റഗറിയിൽ സാമൂഹ്യ, സാംസ്കാരിക, മത-സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്.

ബി കാറ്റഗറിയിൽ സാമൂഹ്യ, സാംസ്കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

സി കാറ്റഗറിയിൽ സാമൂഹ്യ, സാംസ്കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകൾ, സ്വിമിംഗ് പൂളുകൾ, ജിമുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസുകളും, പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല.

വ്യാഴാഴ്ചയിലെ നില പ്രകാരം എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് എ കാറ്റഗറിയിൽ വരുന്നത്. പാലക്കാട്, ഇടുക്കി തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളാണ് ബി കാറ്റഗറിയിൽ. സി കാറ്റഗറിയിൽ വരുന്ന ജില്ലകൾ ഇപ്പോൾ ഇല്ല.

പുതിയ വകഭേദമായ ഒമിക്രോൺ അതി വേഗതയിലാണ് വ്യാപിക്കുന്നതെന്നതിനാൽ സംസ്ഥാനത്താകെ നല്ല ജാഗ്രത ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗബാധിതർ കൂടുതലും വീടുകളിലാണുള്ളത്. അതിനാൽ ടെലിമെഡിസിൻ വ്യാപകമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിൽ പ്രധാന പങ്കു വഹിക്കാനാകും. വീടുകളിൽ കഴിയുന്നവർക്ക് ഗൃഹ പരിചരണം ഉറപ്പുവരുത്താൻ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. വാർഡ്തല സമിതികൾ വീടുകൾ കേന്ദ്രീകരിച്ച് രോഗികളുടെ സൗകര്യങ്ങൾ ഉറപ്പാക്കണം.

മെഡികൽ കോളജ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിന് കൃത്യമായ മാനദണ്ഡം നിശ്ചയിക്കണം. റഫർ ചെയ്യുന്ന ഗുരുതര രോഗാവസ്ഥയിലുള്ളവരെ മാത്രം പ്രവേശിപ്പിച്ചാൽ മതിയാകും. അവിടെ ഗുരുതര അവസ്ഥയിൽ എത്തുന്നവരെ മുതിർന്ന ഡോക്ടർമാർ കൂടി പരിശോധിക്കുന്ന നില ഉണ്ടാകണം.

നേരത്തെ കോവിഡ് ബ്രിഗേഡിൽ സേവനമനുഷ്ഠിച്ചവരെ ആവശ്യാനുസരണം നിയമിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിർദേശം നൽകി. ജില്ലകളിൽ അതത് മേഖലകളുടെ സവിശേഷ സാഹചര്യങ്ങൾക്കനുസൃതമായി നിയന്ത്രണങ്ങൾ വരുത്താൻ ജില്ലാ കലക്ടർമാർക്ക് അധികാരം നൽകി. ചീഫ് സെക്രടറിയുമായി ആലോചിച്ച് കലക്ടർമാർക്ക് ഇക്കാര്യം തീരുമാനിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.


Keywords: News, Kerala, Thiruvananthapuram, COVID-19, Top-Headlines, Trending, State, Lockdown, Minister, Covid; more restrictions in kerala.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia