സി പി എമ്മിന് ജനയുഗത്തിലൂടെ സി പി ഐയുടെ മറുപടി

 


സി പി എമ്മിന് ജനയുഗത്തിലൂടെ സി പി ഐയുടെ മറുപടി
തിരുവനന്തപുരം: ഇടതുപക്ഷ മുന്നണിയിലെ പ്രമുഖ പാര്‍ട്ടികളായ സി പി എമ്മും സി പി ഐയും തമ്മിലുളള പോര് മുറുകുന്നു. സി പി എമ്മിന്റെ രാഷ്ട്രീയ നയങ്ങള്‍ക്കെതിരെ പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലൂടെ സിപിഐ ആഞ്ഞടിച്ചു. സി പി എമ്മിന്റെ രാഷ്ട്രീയ നയങ്ങള്‍ക്കെതിരെ മാത്രമല്ല കേന്ദ്രനേതൃത്വത്തിനെതിരെയും ജനയുഗം രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നു.

സിപിഎം ആഗോളവത്കരണനടത്തിപ്പുകാരെ  പിന്തുണച്ചു. ഒന്നാം യുപിഎ സര്‍ക്കാരില്‍ സ്പീക്കര്‍ പദവി ഏറ്റെടുത്തത് തെറ്റായ തീരുമാനമായിരുന്നു. കൃഷ്ണയ്യരുടെ കണ്ണീരിന്റെ പവിത്രത മനസിലാക്കാന്‍ ഇടതുപക്ഷത്തിനു കഴിയണം.

കൊലപാതക രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ സിപിഎം കേന്ദ്ര -സംസ്ഥാന നേതാക്കളുടെ നിലപാടുകള്‍ ഇടതുപക്ഷ ഐക്യത്തിന് തടസ്സമാകുന്നു. ഇടതുപക്ഷ മുല്യങ്ങളെ മുറുകെ പിടിക്കുന്ന ബദല്‍ രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമ്പോഴും സി പി എമ്മിന്റെ നിലപാടുകള്‍ അതിനെതിരാവുകയാണ്- തുടങ്ങിയ ആരോപണങ്ങളാണ് ജനയുഗം മുഖപ്രസംഗത്തിലൂടെ ഉന്നയിക്കുന്നത്.

ആഗോളവല്‍ക്കരണത്തിന്റെ അംഗീകൃത വക്താവായ വ്യക്തിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണച്ചതും ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രകമ്മിറ്റി അംഗത്തെ സ്പീക്കറാക്കിയതുമാണ് സി പി ഐ വിമര്‍ശിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള അഭിപ്രായ വ്യത്യാസമുണ്ടായപ്പോള്‍ അതൊന്നും  ഇടതുപക്ഷ ജനാധിപത്യമെന്ന പ്രകാശമാനമായ രാഷ്ട്രീയ ലക്ഷ്യത്തിന്റെ വെളിച്ചം കെടുത്തുന്നതാകരുത് എന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടാകണം. അതിന് വിപരീതമായ ധാര്‍ഷ്ഠ്യങ്ങളും ശാഠ്യങ്ങളും ആരുടെ ഭാഗത്തുനിന്നുണ്ടായാലും ഇടതുപക്ഷത്തിന്റെ ഹൃദയവും തലച്ചോറുമായ അധ്വാനിക്കുന്ന ജനകോടികള്‍ അത് അംഗീകരിക്കില്ലെന്നും ജനയുഗം മുഖപത്രം മുന്നറിയിപ്പ് നല്‍കുന്നു.

ആശയസമരത്തില്‍ ആയുധത്തിന് പങ്കില്ലെന്നതാണ്  ഇടതുപക്ഷത്തിന്റെ നിലപാട്. രാഷ്ട്രീയമായി നേരിടേണ്ടതിനെ രാഷ്ട്രീയമായും നിയമപരമായി നേരിടേണ്ടതിനെ നിയമപരമായും നേരിടാന്‍ ഇടതുപക്ഷത്തിന് കരുത്തുനല്‍കുന്നത് മാര്‍ക്‌സിസത്തിന്റെ മാനവിക സത്തയാണ്. ഇടതുപക്ഷത്തെ ചില നേതാക്കള്‍ക്ക് ഈ സത്യം മറന്നുപോകുകയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

തങ്ങള്‍ പറയുന്ന നിലപാടില്‍ എല്ലാവരും സഞ്ചരിച്ചുകൊള്ളണമെന്ന നിലപാട് ഇടതുമുന്നണിയുടെതല്ല. അങ്ങനെചെയ്തില്ലെങ്കില്‍ ഇടതുമുന്നണി ദുര്‍ബലപ്പെടുമെന്ന വാദം മുന്നണിയുടെ സംസ്‌ക്കാരത്തിന് നിരക്കുന്നതല്ല. ചരിത്രത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത ദുര്‍ബല വാദങ്ങള്‍ ഉന്നയിക്കാന്‍ ചിലര്‍ ചരിത്രത്തില്‍നിന്ന് പിറകോട്ട് സഞ്ചരിക്കുകയാണ്. ഇത് ഇടതുമുന്നേറ്റത്തെ സഹായിക്കില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വന്തം മുന്നില്‍ സദാ സാന്നിധ്യം രേഖപ്പെടുത്താന്‍ വെമ്പുന്ന ചിലരുടെ അഭിപ്രായം മാത്രമല്ല ഇടതുപക്ഷ പ്രസ്ഥാനം പരിഗണിക്കേണ്ടതെന്ന ഒളിയമ്പും സി പി ഐ  മുഖപത്രം സി പി ഐ എമ്മിനുനേരെ ഉന്നയിക്കുന്നു.

പ്രസ്ഥാനത്തോടുള്ള സ്‌നേഹത്തോടെ, മുന്‍നിര്‍ത്തി വി ആര്‍ കൃഷ്ണയ്യര്‍ പൊട്ടിക്കരഞ്ഞുവെങ്കില്‍ ആ കണ്ണീരിന്റെ പവിത്രത കാണാന്‍ ഇടതുപക്ഷത്തിന് കഴിയണമെന്നും മുഖപ്രസംഗം  പറയുന്നു. വിപ്ലവമാനവികതയുടെ കൂട്ടുകൊണ്ടാണ് വലതുപക്ഷത്തില്‍നിന്ന് വേറിട്ട നീതിബോധത്തിന്റെ കോട്ട ഇടതുപക്ഷം പണിതതെന്നും ആ സത്യം ആരും മറക്കരുതെന്നും സൂചിപ്പിച്ചാണ് ജനയുഗത്തിന്റെ മുഖപ്രസംഗം അവസാനിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia