നിലമ്പൂര്‍ ഏറ്റുമുട്ടല്‍: സിപിഐയുടെ എതിര്‍പ്പ് മന്ത്രിസഭയിലേക്കും; അന്വേഷണം പ്രഖ്യാപിക്കാന്‍ സാധ്യത. ദേശീയതലത്തില്‍ സിപിഎം ഏറ്റുമുട്ടല്‍ക്കൊല,മുഖ്യ വിമര്‍ശകര്‍

 


തിരുവനന്തപുരം: (www.kvartha.com 26.11.2016) നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തോട് സിപിഐ പരസ്യമായി പ്രതികരിച്ച രീതി സിപിഎമ്മിനെ ഞെട്ടിച്ചു. അതേസമയം,നിലമ്പൂരില്‍ നടന്നത് ഏറ്റുമുട്ടല്‍ തന്നെയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം സിപിഎമ്മിന്റെ തന്നെ ഉന്നത നേതാക്കളില്‍ പലരെയും അമ്പരപ്പിച്ചെന്നാണ് സൂചന. സിപിഎം ഭരിക്കുമ്പോള്‍ ഇത്തരം സംഭവങ്ങളില്‍ സംശയങ്ങള്‍ ഉണ്ടാവുകയും അതൊക്കെ തള്ളി പോലീസ് ഭാഷ്യം അതേപടി മുഖ്യമന്ത്രി ഏറ്റുപറയുകയും ചെയ്യുന്നത് അതേപടി ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിയുന്നില്ല.

അവരത് പരസ്യമായി പ്രകടിപ്പിക്കുന്നില്ല എന്നുമാത്രം. പ്രതികരിക്കുന്നവരെയും എതിര്‍ക്കുന്നവരെയും വെടിവച്ചുകൊല്ലുന്നത് അംഗീകരിക്കാനാകില്ല എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. അദ്ദേഹം അത് പറഞ്ഞ പൊതുയോഗത്തില്‍ വലിയ കൈയടി സദസില്‍ നിന്ന് ഉണ്ടാവുകയും ചെയ്തു. ഈ വിമര്‍ശനം ഇടതുമുന്നണിയിലും മന്ത്രിസഭാ യോഗത്തിലും ഉന്നയിക്കാനാണ് സിപിഐ ആലോചിക്കുന്നത്.

അങ്ങനെ സംഭവിച്ചാല്‍ അത് പിണറായി സര്‍ക്കാരില്‍ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കിയേക്കും. ആ പ്രതിസന്ധി മുന്‍കൂട്ടിക്കണ്ട് നിലമ്പൂര്‍ വെടിവയ്പിനേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചേക്കും എന്ന സൂചനയുമുണ്ട്. ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് എന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞ സാഹചര്യത്തില്‍ എങ്ങനെ അന്വേഷണം പ്രഖ്യാപിക്കും എന്ന പ്രശ്‌നം സിപിഎമ്മിനും ആഭ്യന്തര വകുപ്പിനും മുന്നിലുണ്ട്.

പക്ഷേ, പൂര്‍ണമായും ഏറ്റുമുട്ടല്‍ വാദത്തില്‍ ഉറച്ചുനിന്നാല്‍ സിപിഎം ദേശീയതലത്തില്‍ സമാനമായ സംഭവങ്ങളില്‍ സ്വീകരിച്ച നിലപാടുകളെല്ലാം ചോദ്യം ചെയ്യപ്പെടും എന്നാണ് നേതൃത്വത്തിന്റെ ആശങ്ക. സിപിഐയുടെ എതിര്‍പ്പ്കൂടി ആയതോടെ ആ പേരു പറഞ്ഞ് അന്വേഷണം പ്രഖ്യാപിച്ചേക്കും എന്ന് അറിയുന്നു.

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ അന്വേഷണച്ചുമതല ഏല്‍പ്പിക്കുകയും അദ്ദേഹം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പരസ്യപ്രസ്താവ നടത്തുകയുമാണ് ചെയ്യാന്‍ സാധ്യത. ഭോപ്പാലില്‍ കഴിഞ്ഞ മാസം സിമി പ്രവര്‍ത്തകരായ എട്ട് തടവുകാര്‍ കൊല്ലപ്പെട്ട സംഭവത്തിലും അതിനു മുമ്പ് ഗുജറാത്തിലും മറ്റും നടന്ന പല ഏറ്റുമുട്ടല്‍ കൊലകളിലും സിപിഎം സ്വീകരിച്ച നിലപാട് പോലീസ് ഭാഷ്യം തള്ളുന്ന വിധത്തിലായിരുന്നു.

മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും മറ്റ് കേന്ദ്ര നേതാക്കളും അത്തരം സംഭവങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുമുണ്ട്. കേരളത്തില്‍ ഇടതുമുന്നണി ഭരിക്കുമ്പോള്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് ദേശീയ തലത്തില്‍ ഇടതുപാര്‍ട്ടികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. സിപിഐ ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടാണ് കാനം ഇവിടെ പറഞ്ഞത്. പിണറായി ഒഴികെയുള്ള സിപിഎം നേതാക്കള്‍ പ്രശ്‌നത്തില്‍ തന്ത്രപരമായ മൗനത്തിലുമാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia