CPI | ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി സിപിഐ; തലസ്ഥാനത്ത് ആനിരാജയെ മത്സരിപ്പിക്കാന്‍ നീക്കം; തിരുവനന്തപുരവും കൊല്ലവും വെച്ചുമാറണമെന്ന സി ദിവാകരന്റെ അഭിപ്രായത്തില്‍ ആശയകുഴപ്പം
Jan 2, 2024, 16:45 IST
/നവോദിത്ത് ബാബു
കണ്ണൂര്‍: (KVARTHA) വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി ആരെയൊക്കെ മത്സരിപിക്കണമെന്ന ചര്‍ച്ച സി പി ഐക്കുള്ളില്‍ തുടങ്ങി. കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അധ്യക്ഷതയിലാണ് സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, തൃശൂര്‍, വയനാട് മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. ഇതില്‍ തൃശൂര്‍ മണ്ഡലമാണ് പാര്‍ട്ടിക്ക് ഏറ്റവും സാധ്യതയുള്ളതെന്നാണ് വിലയിരുത്തല്‍.
ഇവിടെ മുന്‍മന്ത്രി വി എസ് സുനില്‍ കുമാറിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നാണ് സൂചന. തിരുവനന്തപുരം ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാനാണ് നീക്കം. ദേശീയ നേതാവായ ആനിരാജയെ കളത്തിലിറക്കാനാണ് തീരുമാനം.
നേരത്തെ ബിനോയ് വിശ്വത്തെ തിരുവനന്തപുരത്ത് മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നുവെങ്കിലും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ളതിനാല്‍ കീഴ് വഴക്കം തെറ്റിക്കാന്‍ സാധ്യതയില്ല. രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ സാധ്യതയുള്ള വയനാട് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സത്യന്‍ മൊകേരി തന്നെ കളത്തില്‍ ഇറങ്ങിയേക്കും. വയനാട്ടില്‍ തങ്ങള്‍ക്കെതിരെ മത്സരിക്കരുതെന്ന് ഇന്ത്യാ മുന്നണിയില്‍ ആവശ്യപ്പെടാനും സി പി ഐ ദേശീയ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
വയനാട് യു ഡി എഫിന്റെ ഉറച്ച സീറ്റുകളിലൊന്നാണെങ്കിലും മികച്ച മത്സരം കാഴ്ച്ചവയ്ക്കാനാണ് സി പി ഐയുടെ തീരുമാനം. തിരുവനന്തപുരത്ത് ശശിതരൂരിനെ തോല്‍പിക്കുക വിഷമകരമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ യു ഡി എഫ് - എല്‍ ഡി എഫ്, എന്‍ ഡി എ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് വേണ്ടി വന്നാല്‍ അട്ടിമറി വിജയം നേടാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
2005 ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച പന്ന്യന്‍ രവീന്ദ്രനാണ് സി പി ഐയുടെ തിരുവനന്തപുരത്തു നിന്നുള്ള അവസാന എം പി സിറ്റിങ് എംപിയായി പികെ വാസുദേവന്‍ നായരുടെ വിയോഗത്തെ തുടര്‍ന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. അതേസമയം കൊല്ലം മണ്ഡലം തങ്ങള്‍ക്ക് നല്‍കി സി പി എം തിരുവനന്തപുരം മണ്ഡലം ഏറ്റെടുക്കണമെന്ന് സി പി ഐ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ സി ദിവാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ചെയ്താല്‍ രണ്ടിടത്തും ഇടതുമുന്നണി ജയിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദഗതി.
2009 മുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശശിതരൂരാണ് ഇവിടെ ജയിച്ചുവരുന്നത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും സി പി ഐക്ക് മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഒരു ചാനല്‍ അഭിമുഖത്തില്‍ പരസ്യമായാണ് സി ദിവാകരന്‍ ഈയൊരു ആവശ്യമുന്നയിച്ചത്. ഇതിനോട് പാര്‍ട്ടിയിലെ പലരും താത്വികമായി യോജിക്കുന്നുണ്ടെങ്കിലും മുതിര്‍ന്ന നേതാവായ കെ ഇ ഇസ്മയില്‍ സി ദിവാകരനെതിരെ രംഗത്തുവന്നിട്ടുണ്ട് ദിവാകരന്റെ വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയില്‍ ആശയകുഴപ്പമുണ്ടാക്കിയെന്നും സി ദിവാകരന്‍ പരസ്യമായി അഭിപ്രായപ്രകടനം നടത്തിയത് തെറ്റാണെന്നും ഇസ്മയില്‍ ചൂണ്ടിക്കാട്ടി.
Keywords: News, Kerala, Kerala-News, Kannur-News, Politics-News, CPI, Preparations, Lok Sabha, Elections, Move, Contest, Annie Raja, Thiruvananthapuram News, Politics, Party, CPI with preparations for Lok Sabha elections; Move to contest Annie Raja in Thiruvananthapuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.