Politics | മുസ്ലിം ലീഗിന് വീണ്ടും സിപിഎമിന്റെ സ്നേഹ കുരുക്ക്; കേരള ബാങ്ക് ഡയറക്ടർ പദവി സ്വീകരിച്ച ലീഗ് എംഎൽഎ യൂദാസോ?

 


/ അജിത് കുമാർ


കണ്ണൂർ: (KVARTHA)
മുസ്ലിം ലീഗിനെ ഇടതുപാളയത്തിലേക്ക് അടുപ്പിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ അടവുനയങ്ങൾ കോൺഗ്രസിൽ മാത്രമല്ല ലീഗിലും അതൃപ്തിയുടെ തിരയിളക്കമുണ്ടാക്കുന്നു. മുസ്ലിം ലീഗിലെ കടുത്ത സിപിഎം വിരുദ്ധരായ കെ എം ശാജി - എം കെ മുനീർ വിഭാഗങ്ങളാണ് ഇതിനെതിരെ പാർടിക്കുള്ളിൽ രംഗത്തുവന്നിരിക്കുന്നത്. സിപിഎം സ്നേഹ കുരുക്കിൽ ദേശീയ ജെനറൽ സെക്രടറി പി കെ കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്നവർ വീണു പോകുന്നത് ദേശീയ രാഷ്ട്രീയത്തിൽ തന്നെ പാർടിക്ക് തിരിച്ചടിയാകുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
  
Politics | മുസ്ലിം ലീഗിന് വീണ്ടും സിപിഎമിന്റെ സ്നേഹ കുരുക്ക്; കേരള ബാങ്ക് ഡയറക്ടർ പദവി സ്വീകരിച്ച ലീഗ് എംഎൽഎ യൂദാസോ?



ഏറ്റവും ഒടുവിലായി കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ്ലിം ലീഗിന്റെ പി അബ്ദുൽ ഹമീദിനെ നിർദേശം ചെയ്യുകയും അതു പാർടി അംഗീകരിക്കുകയും ചെയ്തതാണ് ലീഗിലെ സിപിഎം വിരുദ്ധരെ ചൊടിപ്പിച്ചിരിക്കുന്നത്. സ്ഥാനം ഏറ്റെടുത്തതിനെതിരെ യുഡിഎഫിലും മുസ്ലീം ലീഗിലും അമർഷം പുകയുകയാണ്. പി.അബ്ദുൽ ഹമീദ് എംഎൽഎയെ യൂദാസിനോട് ഉപമിച്ചു കൊണ്ടുള്ള പോസ്റ്റർ മലപ്പുറം ജില്ലയിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബശീർ എം പി പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. ഇതിനു ശേഷം കണ്ണൂരിൽ സിപിഎം അനുകുല ട്രസ്റ്റ് എം വി ആർ അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നതിനെതിരെ യു ഡി എഫിൽ സി പി ജോൺ വിഭാഗം ഈ കാര്യത്തിൽ ഇടഞ്ഞതുകാരണമാണ് അവസാന നിമിഷം കുഞ്ഞാലിക്കുട്ടി പിൻമാറിയത്. എന്നാൽ വീഡിയോ സന്ദേശത്തിലൂടെ കുഞ്ഞാലിക്കുട്ടി പരിപാടിയെ അഭിവാദ്യം ചെയ്തത് യു ഡി എഫ് കേന്ദ്രങ്ങളിൽ അങ്കലാപ്പുണ്ടാക്കുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതി ഭരണം നിയന്ത്രിക്കുന്ന കേരള ബാങ്കിന്റെ ഡയറക്ടർ സ്ഥാനം മുസ്ലീം ലീഗിന് നേരെ വെച്ചു നീട്ടുകയും പാർടി നേതൃത്വത്തിന്റെ അനുമതിയോടെ പി അബ്ദുൽ ഹമീദ് അതു സ്വീകരിക്കുകയും ചെയ്തത്. കേരള ബാങ്കിൽ ആദ്യമായാണ് ഒരു യു ഡി എഫ് എംഎൽഎ ഡയറക്ടർ ബോർഡ് അംഗമാകുന്നത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനെതിരെയുള്ള ഹരജി ഹൈകോടതിയിൽ നില നിൽക്കുമ്പോഴാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തന്ത്രപരമായ ചുവടുമാറ്റം.

മലപ്പുറം ജില്ലാ ബാങ്ക് മുൻ പ്രസിഡന്റ് യു എ ലത്വീഫാണ് സർകാർ നടപടിയെ ചോദ്യം ചെയ്തു കൊണ്ടു ഹൈകോടതിയെ സമീപിച്ചത്. ലീഗ് എംഎൽഎയെ കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് കേസിനെ ദുർബലപ്പെടുത്താനാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എല്ലാ ജില്ലാ ബാങ്കുകളും കേരളാ ബാങ്കിൽ ലയിപ്പിക്കണമെന്ന സർകാർ ആവശ്യത്തെ അതിശക്തമായി യു ഡി എഫ് എതിർക്കുന്ന സാഹചര്യത്തിലാണ് മുസ്ലിം ലീഗിന്റെ കരണം മറിച്ചിൽ.

Keywords:  News, Kerala, Kerala-News, News-Malayalam-News, CPM, Politics, Muslim League, CPM and IUML get closer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia