Dispute | പയ്യന്നൂരിലെ പ്രാദേശിക തര്‍ക്കം പരിഹരിക്കാനാവാതെ സി.പി.എം ജില്ലാ നേതൃത്വം : ബ്രാഞ്ച് സമ്മേളനങ്ങള്‍ അനന്തമായി നീളുന്നു
കനവ് കണ്ണൂർ
കണ്ണൂര്‍ : (KVARTHA) പയ്യന്നൂരിലും മൊറാഴയിലും പ്രാദേശിക തര്‍ക്കങ്ങളും വിഭാഗീയതയും കാരണം സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങള്‍ ചേരാനാവാതെ മാറ്റിവെച്ചു. പാര്‍ട്ടി ഗ്രാമങ്ങളില്‍ ചരിത്രത്തില്‍ ഇല്ലാത്ത പ്രതിസന്ധിയാണ് സി.പി.എം നേരിടുന്നത്. പയ്യന്നൂരില്‍ ഇടഞ്ഞു നില്‍ക്കുന്ന ബ്രാഞ്ചിലെ സെക്രട്ടറിമാരുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ രണ്ടാം ഘട്ടം ചര്‍ച്ച നടത്തിയെങ്കിലും ഗുണം ചെയ്തിട്ടില്ല.
പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കാര നോര്‍ത്ത്, കാര സൗത്ത്, കാര വെസ്റ്റ് എന്നിവര്‍. ആകെ 38 അംഗങ്ങള്‍ ഉള്ള ഇവിടെ പാര്‍ട്ടി പ്രവര്‍ത്തനം നിശ്ചലമായതിനാല്‍ ബ്രാഞ്ച് സമ്മേളനവും വിളിച്ചു ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ പുതുവത്സരാഘോഷവേളയില്‍ പുറമേ നിന്നുമെത്തിയ സി.പി.എം സംഘം തങ്ങളെ മാരകായുധങ്ങളുമായി ഭീഷണിപ്പെടുത്തുകയും ചിലരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചുവെന്നുമാണ് പരാതി.
എന്നാല്‍ സി.പി.എമ്മില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കെതിരെ രേഖാമൂലം മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ പരാതി നല്‍കിയിട്ടും സംഘടനാ നടപടിയെടുത്തില്ലെന്ന കാരണത്താലാണ് കാരയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അതിനു ശേഷം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുന്നത്. എന്നാല്‍ പാര്‍ട്ടി നേതൃത്വം നേരത്തെ നടത്തിയ അനുനയ നീക്കങ്ങളും ഫലം കണ്ടിരുന്നില്ല. ഇതിനു ശേഷം ഇവിടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ പോലും വിളിച്ചു ചേര്‍ക്കാനാവാത്ത അവസ്ഥയിലാണ് ലോക്കല്‍ നേതൃത്വം.
#CPM #Payyannur #KeralaPolitics #DistrictSecretary