തിരുവനന്തപുരത്തെ കേന്ദ്ര കമ്മിറ്റി യോഗം സമ്മേളനം പോലെ സിപിഎം ഗംഭീരമാക്കും; വി എസിന്റെ തിരിച്ചുവരവിന് വേദിയാകുമോ എന്ന് കണ്ടറിയാം

 


തിരുവനന്തപുരം: (www.kvartha.com 16.11.2016) ജനുവരിയില്‍ കേരളത്തില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗം ഒരു കമ്മിറ്റി യോഗത്തിനപ്പുറം വലിയ സംഭവമാക്കാന്‍ സിപിഎം. ജനുവരി അഞ്ചു മുതല്‍ ഏഴു വരെ തിരുവനന്തപുരത്താണ് കേന്ദ്ര കമ്മിറ്റി.

കഴിഞ്ഞദിവസം ഡെല്‍ഹിയില്‍ ചേര്‍ന്ന പൊളിറ്റ് ബ്യൂറോയുടേതാണ് തീരുമാനം. എന്നാല്‍ വി എസ് അച്യുതാനന്ദനെ സംസ്ഥാനകമ്മിറ്റിയില്‍ എടുക്കാനുളള തീരുമാനം കേരളത്തിലെ യോഗത്തില്‍ എടുക്കാനും അത് മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനും കേരളത്തെ വേദിയാക്കാനാണോ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ശ്രമിക്കുന്നതെന്ന സംശയം സംസ്ഥാന നേതൃത്വത്തിനുണ്ട്.

വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയും അവരുടെ മാതൃസംഘടനയായ ആര്‍എസ്എസും ശ്രമിക്കുന്നുവെന്ന സിപിഎമ്മിന്റെ ആരോപണം ശക്തമായി നിലനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ക്കൂടിയാണ് കേന്ദ്ര കമ്മിറ്റി യോഗം
കേരളത്തിലാക്കുന്നതും അത് വലിയ സംഭവമാക്കുന്നതും.

കേരളത്തില്‍ കൂടുതല്‍ വേരുറപ്പിക്കാന്‍ ബിജെപിയും ആര്‍എസ്എസും നടത്തുന്ന ശ്രമങ്ങളോട് കേരളജനത മുഖംതിരിച്ചു നില്‍ക്കുകയാണെന്നു വിശദീകരിക്കുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടത്തും.

സമ്മേളനങ്ങളുടെ മാതൃകയില്‍ ശക്തിപ്രകടനമൊന്നും സിപിഎം ഉദ്ദേശിക്കുന്നില്ല. പക്ഷേ, കേന്ദ്ര സമിതി കേരളത്തില്‍ ചേരുന്നതിന്റെ പ്രാധാന്യത്തേക്കുറിച്ചും സിപിഎം ശക്തമായി നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും വിപുലമായ മാധ്യമ,സാമൂഹിക ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്നാണ് വിവരം. പിബി അംഗം എംഎ ബേബിക്കായിരിക്കും ഇതിന്റെ ചുമതല.

വി എസ് കഴിഞ്ഞ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോന്നത് ഉള്‍പ്പെടെ അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കാര്യങ്ങളിലൊന്നും നടപടി വേണ്ടെന്നാണ് പിബി കമ്മീഷന്റെ ശുപാര്‍ശ. അത് ചര്‍ച്ച ചെയ്ത് അംഗീകരിക്കേണ്ടത് ജനുവരിയിലെ കേന്ദ്ര സമിതി യോഗമാണ്. പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ സ്വീകരിക്കപ്പെടുകയാണെങ്കില്‍ വി എസിനെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

അദ്ദേഹത്തെ തിരികെ പിബിയില്‍ തന്നെ ഉള്‍പ്പെടുത്തണം എന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നലപാട്. ഇതുസംബന്ധിച്ച തീരുമാനത്തിനും കേരളത്തിലെ കേന്ദ്ര സമിതി യോഗം വേദിയായി മാറ്റുമോ എന്ന ആശങ്ക മറച്ചുവച്ചാണ് യോഗം വലിയ സംഭവമാക്കാന്‍ ഔദ്യോഗിക പക്ഷം ഒരുങ്ങുന്നത്. വി എസ് ആകട്ടെ എല്ലാം നിശ്ശബ്ദം നിരീക്ഷിക്കുകയുമാണ്.

തിരുവനന്തപുരത്തെ കേന്ദ്ര കമ്മിറ്റി യോഗം സമ്മേളനം പോലെ സിപിഎം ഗംഭീരമാക്കും; വി എസിന്റെ തിരിച്ചുവരവിന് വേദിയാകുമോ എന്ന് കണ്ടറിയാം

Also Read:
കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായുള്ള പ്രചരണങ്ങള്‍ക്ക് പിന്നില്‍ മണല്‍ മാഫിയയാണെന്ന് പോലീസ്

Keywords:  Thiruvananthapuram, Conference, Media, Sitharam Yechoori, BJP, RSS, M.A Baby, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia