CPM | കരുവന്നൂര്‍ ബാങ്ക് ഇഫക്‌ട്; സഹകരണ സംഘം ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും യോഗം വിളിച്ചു ചേര്‍ത്ത് സിപിഎം; ആദ്യയോഗങ്ങള്‍ കണ്ണൂരില്‍

 


/ ഭാമനാവത്ത്

കണ്ണൂര്‍: (KVARTHA)
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന സമാനതകളില്ലാത്ത ക്രമക്കേടുകള്‍ സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനങ്ങളുടെ അടിവേരിളക്കുമെന്ന തിരിച്ചറിവില്‍, നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാനുള്ള നടപടികളുമായി സിപിഎം രംഗത്തിറങ്ങി. ഇതിന്റെ ഭാഗമായി പാര്‍ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് ജീവനക്കാരുടെ യോഗങ്ങള്‍ കണ്ണൂരില്‍ ഉള്‍പ്പെടെയുളള 14 ജില്ലകളില്‍ നടത്തും.
  
CPM | കരുവന്നൂര്‍ ബാങ്ക് ഇഫക്‌ട്; സഹകരണ സംഘം ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും യോഗം വിളിച്ചു ചേര്‍ത്ത് സിപിഎം; ആദ്യയോഗങ്ങള്‍ കണ്ണൂരില്‍



സിപിഎം സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗങ്ങളില്‍ ബാങ്ക് ഡയറക്ടര്‍മാരും സെക്രടറിമാരും ജീവനക്കാരും പങ്കെടുക്കുന്നുണ്ട്. ആദ്യഘട്ട യോഗങ്ങള്‍ 14, 15 തീയതികളിൽ കണ്ണൂര്‍ ജില്ലയില്‍ നടക്കും. സിപിഎം ഏരിയാതലങ്ങള്‍ കേന്ദ്രീകരിച്ചാണ് സഹകാരികളുടെ യോഗം നടക്കുക.
ദീര്‍ഘകാലമായി തിരിച്ചടവ് മുടങ്ങിയ വായ്പകളുടെ വിവരങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കാന്‍ ബാങ്ക് സെക്രടറിമാര്‍ക്ക് സിപിഎം നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാങ്കുകള്‍ വന്‍തുകയുടെ വായ്പകള്‍ അനുവദിച്ചിട്ടുണ്ടോ എന്നതും ഇത്തരം യോഗങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

കരുവന്നൂരിലെ കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പെടെയുള്ള ആരോപണങ്ങൾ സഹകരണമേഖലയുടെ നിലനില്‍പ്പിനെയും പാര്‍ടിയുടെ കെട്ടുറപ്പിനേയും ബാധിക്കുമെന്ന ആശങ്ക സിപിഎമിനുണ്ട്. നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുന്നതിനൊപ്പം പുതിയ നിക്ഷേപങ്ങള്‍ ബാങ്കുകളിലേക്കെത്തില്ലെന്ന ഭയവും പാര്‍ടി നേതൃത്വത്തിനുണ്ട്. കരുവന്നൂരിലെ ക്രമക്കേടുകള്‍ തുടക്കത്തില്‍ തന്നെ അന്നത്തെ ബാങ്ക് സെക്രടറി രേഖകള്‍ സഹിതം അറിയിച്ചിട്ടും ഗൗനിച്ചില്ലെന്ന വിമര്‍ശനം സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരേയുണ്ട്.

ഈയൊരു തിരിച്ചറിവില്‍ കൂടിയാണ് സംസ്ഥാനമൊട്ടുക്ക് ഇത്തരം യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ പാര്‍ടി നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ 80 ശതമാനത്തിലേറെയും സിപിഎം നിയന്ത്രണത്തിലാണ്. പാര്‍ടി യോഗങ്ങളിലും ജാഥകളിലും ആളെക്കൂട്ടുന്നതിനപ്പുറം ഉറച്ച വോട് ബാങ്കുകള്‍ കൂടിയാണ് ഇത്തരം സഹകരണ സ്ഥാപനങ്ങള്‍. കരുവന്നൂരിനു പുറമേ സംസ്ഥാനത്തെ പല സഹകരണ സ്ഥാപനങ്ങളിലും വന്‍ക്രമക്കേടുകള്‍ നടക്കുന്നതായാണ് എന്‍ഫോഴ്സ്മെന്റ് ഡയറകട്റേറ്റ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളുടെ നിഗമനം.

ഇതിന്റെ ഭാഗമായാണ് റബ്കോ എംഡി പിപി ഹരിദാസനെ കഴിഞ്ഞ ദിവസങ്ങളില്‍ ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ആവശ്യപ്പെട്ട രേഖകള്‍ ഉടന്‍ ഹാജരാക്കാമെന്ന റബ്കോ ചെയര്‍മാന്റെ ഉറപ്പിലാണ് ഹരിദാസനെ ഇ ഡി വിട്ടയച്ചത്. കരുവന്നൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ഒട്ടുമിക്ക സഹകരണ ബാങ്കുകളും റബ്കോയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. റബ്കോ ഉല്‍പന്നങ്ങളുടെ വിപണന ഏജന്‍സി എന്ന നിലയിലാണ് സഹകരണ ബാങ്കുകള്‍ റബ്കോയില്‍ നിക്ഷേപം നടത്തിയത്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ മറ്റു ബാങ്കുകളിലേക്കും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വരുമെന്ന ആശങ്കയും സിപിഎം നേതൃത്വത്തിനുണ്ട്.

News, Kerala, Kerala-News , News-Malayalam-News, Politics, CPM, Karuvannur, Bank, Politics, CPM convened meeting of co-operative employees and members of governing body
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia