Black Money | രാജ്യത്തുടനീളം കള്ളപ്പണം ഒളിപ്പിച്ച് കടത്തുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

 
CPM Criticizes BJP for Alleged Black Money Movement
CPM Criticizes BJP for Alleged Black Money Movement

Photo Credit: Facebook / MV Govindan Master

● ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശിന്റേത് ഗുരുതരമായ വെളിപ്പെടുത്തല്‍
● സമഗ്രമായി അന്വേഷണം നടക്കണമെന്ന് ആവശ്യം
● ഇഡി അന്വേഷണം നടത്താത്തതില്‍ കുറ്റപ്പെടുത്തല്‍
● പണം വന്ന വഴിയെ കുറിച്ച് അന്വേഷിക്കണമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: (KVARTHA) രാജ്യത്തുടനീളം കള്ളപണം ഒളിപ്പിച്ച് കടത്തുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപിയെന്ന വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാലക്കാടും ചേലക്കരയിലും, വയനാട്ടിലും നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടി കണക്കിന് രൂപ ബിജെപി ഇത്തരത്തില്‍ ഒഴുക്കുന്നുണ്ടാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ് നടത്തിയ വെളിപ്പെടുത്തല്‍ ടിവി ചാനലിലൂടെ കണ്ടു. വളരെ ഗൗരവതരമായ കാര്യമാണ് പറയുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്റെയും ജില്ലാ അധ്യക്ഷന്റെയും അറിവോടെയാണ് ഈ പണം വന്നതെന്നാണ് വെളിപ്പെടുത്തല്‍.  ഇതില്‍ സമഗ്രമായി അന്വേഷണം നടക്കണമെന്ന് ഗോവിന്ദന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഇഡി അന്വേഷണം നടത്താത്തതിലും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. 

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു. ബിജെപിയുടെ ഓഫീസ് സെക്രട്ടറി ആയിരുന്നയാള്‍ നടത്തിയ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ സമഗ്രമായ, തൃപ്തികരമായ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  

ഈ പണം എവിടെനിന്ന് വന്നു, ആര് അയച്ചു, എങ്ങോട്ട് പോയി, എങ്ങോട്ട് പോകുന്ന പണമാണ് ഇത്, ഇതെല്ലാം അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. അതെല്ലാം പുറത്തെത്തും വിധത്തിലുള്ള സമഗ്രമായ അന്വേഷണമാണ് വേണ്ടതെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.

രാഷ്ട്രീയത്തിലെ നെറികേടുകളെ തുറന്നുകാണിക്കാനുള്ള അന്വേഷണങ്ങളൊന്നും ഇടയ്ക്കുവെച്ച് വഴിമാറിപ്പോകാന്‍ പാടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എവിടെയാണോ പൂര്‍ത്തീകരണം അവിടേക്ക് പോകണം. ബിജെപിയുടെ ഓഫീസിന്റെ ചുമതല വഹിച്ചിരുന്നയാള്‍ പറയുമ്പോള്‍ ആ പറച്ചിലിന്റെ പ്രധാന്യം ചെറുതല്ല. ബിജെപി എല്ലാം ഒളിച്ചുകടത്തും. സ്ഥാനാര്‍ഥിയെ മുതല്‍ കള്ളപ്പണംവരെ ഒളിച്ചുകടത്തും. ഒളിച്ചുകടത്തല്‍ ബിജെപിക്ക് ശീലമാണ്, അതിന് വേണ്ടി അവര്‍ ചാക്ക് ഉപയോഗിക്കും, ആംബുലന്‍സ് ഉപയോഗിക്കും, ട്രക്ക് ഉപയോഗിക്കും എന്നും ബിനോയ് വിശ്വം പരിഹസിച്ചു.

പൊലീസ് ബിജെപിയെ സഹായിക്കുന്നുവെന്ന ആക്ഷേപത്തെ കുറിച്ചുള്ള ചോദ്യത്തിന്- ഇതിലൊന്നും ആര്‍ക്കും സംശയം വേണ്ടെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ പൊലീസ് കുഴല്‍പ്പണം ആകട്ടെ, ആംബുലന്‍സിലെ കള്ളക്കടത്താകട്ടെ സ്ഥാനാര്‍ഥിയുടെ ഒളിച്ചുവരവാകട്ടെ എല്ലാ വിഷയങ്ങളിലും ബിജെപിയുടെ ഭാഗത്തേക്ക് ഒരിക്കലും ചാഞ്ഞുപോകാന്‍ പാടില്ല, ചാഞ്ഞുപോകില്ലെന്നും  ഇതില്‍ കൂടുതല്‍ ഒന്നും ഇപ്പോള്‍ പറയാനില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.


കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒളിച്ചു കളി അവസാനിപ്പിച്ച് അന്വേഷണം നടത്തണമെന്ന് ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂരും ആവശ്യപ്പെട്ടു.

കള്ളപ്പണം കൊണ്ടുവന്നപ്പോള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഓഫീസില്‍ സന്നിഹിതനായിരുന്നു എന്ന തിരൂര്‍ സതീഷിന്റെ പ്രസ്താവന ഗൗരവമേറിയതും ഗുരുതരവുമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പൊലീസിന് സുരേന്ദ്രന്‍ നേരത്തെ കൊടുത്ത മൊഴി പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നു. കൊടകര കുഴല്‍പ്പണ കേസ് അന്വേഷിച്ച പൊലീസ് സംഘം സുരേന്ദ്രനില്‍ നിന്ന് വീണ്ടും മൊഴിയെടുക്കണമെന്നുംഅദ്ദേഹത്തെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം എന്നും ആവശ്യപ്പെട്ടു.

#CPM #BJP #BlackMoney #KeralaNews #MVGovindan #Kodakkara

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia