Expelled | വിവാദങ്ങൾക്കിടെ സിപിഎം ബ്രാഞ്ച് അംഗത്തെ പാർടിയിൽ നിന്ന് പുറത്താക്കി
ഇയാള്‍ക്കെതിരെ ഒന്നര മാസം മുന്‍പ് പരാതി കിട്ടിയ ഉടന്‍ നടപടിയെടുത്തിരുന്നുവെന്ന വിശദീകരണവുമായി പാര്‍ടി നേതൃത്വം
ഡി വൈ എഫ് ഐ മേഖല കമിറ്റി അംഗമായിരുന്നു സജേഷ്
കണ്ണൂര്‍: (KVARTHA) ഡി വൈ എഫ് ഐ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മനു തോമസിന്റെ ആരോപണങ്ങള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ക്കിടെ സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് സിപിഎം ബ്രാഞ്ച് അംഗത്തെ പാര്‍ടിയില്‍ നിന്ന് പുറത്താക്കി. സിപിഎം എരമം സെന്‍ട്രല്‍ ബ്രാഞ്ച് അംഗം സജേഷിനെതിരെയാണ് നടപടി. ഇയാള്‍ക്കെതിരെ ഒന്നര മാസം മുന്‍പ് പരാതി കിട്ടിയ ഉടന്‍ നടപടിയെടുത്തിരുന്നുവെന്നാണ് പാര്‍ടി നേതൃത്വത്തിന്റെ വിശദീകരണം.
സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിനൊപ്പം കാനായിയില്‍ വീട് വളഞ്ഞ സംഘത്തില്‍ സജേഷും ഉണ്ടായിരുന്നുവെന്നാണ് പരാതി. ഡി വൈ എഫ് ഐ മേഖല കമിറ്റി അംഗമായിരുന്നു സജേഷ്. സ്വര്‍ണക്കടത്ത് ക്വടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയും സംഘത്തിലുണ്ടായിരുന്നു. സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധപ്പെട്ട് പി ജയരാജനും മകനുമെതിരെ മനു തോമസ് നടത്തിയ ആരോപണങ്ങള്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
എന്നാല്‍ മനു തോമസ് പി ജയരാജനും കണ്ണൂര്‍ ജില്ലാ കമിറ്റിയംഗമായ എം ശാജറിനെതിരെയുമുള്ള വിമര്‍ശനങ്ങള്‍ തള്ളുകയായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രടറിയേറ്റ് യോഗം. ഇതിനിടെയാണ് സ്വര്‍ണക്കടത്ത് ക്വടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ഡി വൈ എഫ് ഐ മുന്‍നേതാവിനെതിരെ പാര്‍ടി അച്ചടക്ക നടപടി സ്വീകരിച്ചത്. വരും ദിവസങ്ങളിലും പാര്‍ടി തെറ്റു തിരുത്തല്‍ രേഖ നടപ്പിലാക്കുന്നതിന്റെ ഭാഗമായി അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.